ADVERTISEMENT

തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോ ഉദ്ഘാടനം ചെയ്തിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ. അതിനാൽ വർക് ഷോപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ ഡിപ്പോയിൽ ആരംഭിക്കാനായിട്ടില്ല. ഇപ്പോഴും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നത് നഗരസഭയുടെ ലോറി സ്റ്റാൻഡിലുള്ള പഴയ ഡിപ്പോയിൽ തന്നെയാണ്. മറ്റു ഡിപ്പോകളിൽ നിന്നു വരുന്ന ബസുകൾക്ക് അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ പഴയ ലോറി സ്റ്റാൻഡിൽ എത്തണം.

കൂടാതെ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും ത്രീ ഫെയ്സ് വൈദ്യുതി കണക്‌ഷനും ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ ഡിപ്പോയിൽ നഗരസഭയുടെ കെട്ടിട നമ്പറും ലഭിച്ചിട്ടില്ല. ത്രീ ഫെയ്സ് കണക്‌ഷൻ ലഭിക്കണമെങ്കിൽ നിലവിലുള്ള ട്രാൻസ്ഫോമർ മാറ്റി പുതിയതു സ്ഥാപിക്കണം. എങ്കിൽ മാത്രമേ വൈദ്യുതി പ്രശ്നം പരിഹരിക്കാനാവൂ. വൈദ്യുതി കണക്‌ഷൻ ഇല്ലാത്തതു മൂലം വർക്‌ ഷോപ്പ്, വ്യാപാരികൾക്കായി ലേലം ചെയ്തു നൽകിയ കടമുറികൾ തുടങ്ങിയ ആരംഭിക്കാനായിട്ടില്ല.

ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ കെട്ടിട നമ്പർ കിട്ടുകയുള്ളു. ഇതിനൊന്നും ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയാണ്. ഡിപ്പോ മന്ദിരത്തിൽ 13 കടമുറികളാണു ലേലം ചെയ്തു നൽകിയിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം ആളുകളും 3 വർഷം മുൻപ് തന്നെ ലേലം ചെയ്ത് സെക്യൂരിറ്റിത്തുകയും കെട്ടി ഉദ്ഘാടനം കാത്തിരുന്നവരാണ്. എന്നാൽ ഡിപ്പോ ഉദ്ഘാടനം ചെയ്തിട്ട് രണ്ടര  മാസം കഴിഞ്ഞിട്ടും ഇവർക്കൊന്നും വ്യാപാരം ആരംഭിക്കാനായിട്ടില്ല. ഡിപ്പോയിൽ രണ്ടാം നിലയിൽ ചെറിയ ഹാൾ വാടകയ്ക്കു നൽകാനുണ്ട്. കൂടാതെ ഇവിടെ ഏതാനും മുറികൾ വിവിധ സർക്കാർ ഡിപ്പാർട്മെന്റുകൾക്ക് ഓഫിസ് ആരംഭിക്കാൻ നൽകാനും തീരുമാനിച്ചതാണ്.

ആദ്യഘട്ടമായി വെങ്ങല്ലൂരിലുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസ്, കെഎസ്എഫ്ഇ ഓഫിസ് തുടങ്ങിയ ഇവിടേക്കു മാറ്റി സ്ഥാപിക്കാനും ഗതാഗത മന്ത്രി തന്നെ നിർദേശിച്ചതാണ്. എന്നാൽ ഡിപ്പോ മന്ദിരത്തിനു കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കാത്തതിനാൽ ഇവിടെ ഓഫിസുകളും കടകളും മറ്റും ആരംഭിക്കാനായിട്ടില്ല. ഡിപ്പോ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും ഇവിടെ ഒരു പെട്ടിക്കട പോലും ഇല്ലാത്തതിനാൽ ജീവനക്കാർക്കും യാത്രക്കാർക്കും വെള്ളം കുടിക്കാൻ പോലും സൗകര്യമില്ല. രാത്രി വരുന്ന യാത്രക്കാരും ജീവനക്കാരുമാണ് ഇതിന്റെ ദുരിതം പേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com