ADVERTISEMENT

ചെറുതോണി∙ ഇടുക്കി മെ‍ഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ 8 മാസം മുൻപ് ഉദ്ഘാടനം നടത്തിയ കിടത്തിച്ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മതിയായ ജീവനക്കാരില്ലാത്തതും മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകാത്തതുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇതോടെ പേരിന് ഏതാനും ഒപികളുടെ പ്രവർത്തനം മാത്രമാണ് കോടികൾ ചെലവഴിച്ചു നിർമിച്ച പുതിയ ബ്ലോക്കിൽ നടക്കുന്നത്.

പകർച്ച രോഗങ്ങളുടെ പെരുമഴക്കാലമായിട്ടും ജില്ലയിലെ പ്രധാന ആശുപത്രിയിൽ വേണ്ടത്ര ചികിത്സയോ മരുന്നോ ലഭിക്കാത്തതിൽ രോഗികൾ പ്രതിഷേധിച്ചു തുടങ്ങി. വിദഗ്ധ ചികിത്സയും മെച്ചപ്പെട്ട സേവനങ്ങളും പ്രതീക്ഷിച്ച് ജില്ലയുടെ വിദൂര ഗ്രാമങ്ങളിൽനിന്നു പോലും എത്തുന്ന രോഗികൾ നിരാശരായി മടങ്ങുകയാണ്. മതിയായ   ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം നടത്തിയതു സംബന്ധിച്ച് മലയാള മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

അടിസ്ഥാന സൗകര്യം ഒരുക്കിയില്ല

തല തിരിഞ്ഞ നിർമാണ പ്രവർത്തനങ്ങളാണ് പുതിയ ബ്ലോക്കിൽ നടക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കേണ്ട സ്ഥലത്ത് സ്കാനിങ് സെന്ററാണ് പണിതിരിക്കുന്നത്. അത്യാഹിത വിഭാഗത്തിനായി ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഒരു ആംബുലൻസ് പോലും തിരിക്കാനാകില്ല. ഇതു തിരിച്ചാക്കിയില്ലെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തര ഘട്ടങ്ങളിൽ മറ്റിടങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വരും. താഴത്തെ നിലയിൽ തന്നെ ഐസിയു യൂണിറ്റിന്റെയും മൈനർ ഓപ്പറേഷൻ തിയറ്ററിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.

രണ്ടാം നിലയിൽ ഒപി വിഭാഗവും വേണ്ടത്ര സജ്ജമായിട്ടില്ല. മൂന്നാം നിലയിൽ ഐപി വിഭാഗത്തിന്റെ വാർഡുകൾ ഏറെക്കുറെ സജ്ജമായെങ്കിലും നഴ്സുമാർക്കും ജീവനക്കാർക്കുമുള്ള വിശ്രമ മുറിയോ അനുബന്ധ സൗകര്യങ്ങളോ ഒരുങ്ങിയിട്ടില്ല. ഈ ബ്ലോക്കിൽ മൂന്നു നിലകളിലും ഇലക്ട്രിക് ജോലികളും സീലിങ്, പ്ലമിങ് ഫ്ലോറിങ് ജോലികളും പൂർത്തിയാവേണ്ടതുണ്ട്. ലിഫ്റ്റ് ആശുപത്രി വളപ്പിൽ എത്തിയെങ്കിലും സ്ഥാപിക്കാത്തതിനാൽ ഇതിനുള്ള വിടവുകൾ അപകടക്കെണിയൊരുക്കി ഓരോ നിലയിലുമുണ്ട്.

ഒരു മാസം കൊണ്ട് ഇത്രയും ജോലികൾ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ നവംബറിൽ ഉദ്ഘാടന സമയത്ത് അധികൃതർ ഉറപ്പു നൽകിയിരുന്നു. ഇതുപോലെ തന്നെയാണ് പാർക്കിങ് ഏരിയയിലും. ആറോ, ഏഴോ വാഹനങ്ങൾ ഒരുമിച്ചു വന്നാൽ പിന്നെ നിന്നുതിരിയാൻ ഇടമില്ലാതെ വരും. മെഡിക്കൽ കോളജിലേക്ക് തിരിയുന്ന റോഡും ശോച്യാവസ്ഥയിലാണ്. രോഗികളുമായി എത്തുന്ന വാഹനങ്ങൾ ഈ വഴി കയറി എത്തണമെങ്കിൽ പെടാപ്പാടുപെടേണ്ടി വരും. പുതിയ ബ്ലോക്കിൽ വൈദ്യുതിയും ശുദ്ധ ജല വിതരണ സംവിധാനവും വേണ്ട പോലെ ആരംഭിക്കാത്തതും പ്രവർത്തനത്തെ ബാധിച്ചു.

ഉദ്ഘാടനം പലതു നടന്നു; ചികിത്സ പേരിനു പോലുമില്ല

മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇതിനോടകം 4 തവണയെങ്കിലും നടന്നു കഴിഞ്ഞെങ്കിലും ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കോടികൾ ചെലവിട്ട് നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ല. ഒരു ബ്ലോക്കിന്റെ എങ്കിലും നിർമാണം പൂർണമായും പൂർത്തിയാക്കിയിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു നാട്ടുകാർ പറയുന്നു.

ജീവനക്കാർ കുറവ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നൂറിലേറെ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ പേർ ഇനിയും ജോലിക്ക് ഹാജരായിട്ടില്ല. ലീവെടുത്തിട്ടുള്ളവരും മറ്റ് ആശുപത്രികളിൽ വർക്കിങ് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്നവരും ഇടുക്കിയിലേക്ക് തിരികെ എത്തണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉത്തരവ് ഇതിനിടയിൽ വന്നെങ്കിലും നടപ്പായില്ല.

10 നഴ്സുമാർ മാത്രമാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി ജോലി ചെയ്യുന്നുള്ളൂവെന്നതാണു രസകരം. നഴ്സിങ് അസിസ്റ്റന്റുമാരുടെ എണ്ണവും അതുപോലെ തന്നെ. എക്സ്റേ, സിടി സ്കാൻ, ലാബ്, ഡയാലിസിസ്, ബ്ലഡ് ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലേക്ക് അൻപതോളം ടെക്നീഷൻമാർ വേണമെന്നിരിക്കെ, നാലിലൊന്നു തസ്തികകൾ പോലും നിലവിലില്ല. പത്തിൽ താഴെ ടെക്നീഷ്യന്മാരാണു ഇപ്പോൾ ജോലിയിലുള്ളത്.

ആശുപത്രിയിൽ സുസജ്ജമായ ഡയാലിസിസ് വിഭാഗം ഉണ്ടെങ്കിലും മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ നിർധന രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ല. ആകെ രണ്ട് ടെക്നിഷ്യന്മാർ മാത്രം ഉള്ളതിനാൽ പ്രവർത്തനം മുഴുവൻ സമയവും നടക്കുന്നില്ല. മെഡിക്കൽ കോളജിൽനിന്ന് കോവിഡനന്തരം 114 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരിൽ അത്യാവശ്യമുള്ളവരെ നിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഏതാനും പേർക്കു മാത്രമാണ് പുനർനിയമനം നൽകിയത്.

ഇതോടെ പഴയ ജില്ലാ ആശുപത്രിയിലെ ജീവനക്കാരാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കിടത്തിച്ചികിത്സ ആരംഭിക്കണമെങ്കിൽ ഡോക്ടർമാർക്കു പുറമേ സ്റ്റാഫ് നഴ്സുമാരുടെയും നഴ്സിങ് അസിസ്റ്റന്റുമാരുടെയും അറ്റൻഡർമാരുടെയും ടെക്നിഷ്യൻമാരുടെയും ക്ലീനിങ്, സെക്യൂരിറ്റി വിഭാഗം ജീവനക്കാരുടെയും തസ്തികകളിൽ അടിയന്തര നിയമനം നടക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com