ADVERTISEMENT

തൊടുപുഴ ∙ വൈദ്യുത അപകടങ്ങൾക്കെതിരെ ബോധവൽക്കരണവുമായി വൈദ്യുതി സുരക്ഷാ വാരത്തിന് ഇന്നു തുടക്കം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പും കെഎസ്ഇബിയും ജൂലൈ 2 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  സുരക്ഷാ നടപടികൾ പാലിക്കുക, അപകടം ഒഴിവാക്കുക എന്ന സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ.രാജേഷ് ബാബു പറഞ്ഞു.

6 മാസത്തിനിടെ പൊലിഞ്ഞത് 7 ജീവൻ

6 മാസത്തിനിടെ ജില്ലയിൽ 7 മരണങ്ങളാണ് വൈദ്യുതി മൂലം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 2 എണ്ണം ഇരുമ്പുതോട്ടിയുടെ അശ്രദ്ധമായ ഉപയോഗം മൂലം സംഭവിച്ചതാണ്. ജില്ലയിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും ഇരുമ്പുതോട്ടി ഉപയോഗിച്ചു ചക്ക, മാങ്ങ, അടയ്ക്ക, തേങ്ങ മുതലായവ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരം മുറിക്കുമ്പോഴും കുരുമുളക് പറിക്കുന്നതിനിടയിലും ഇരുമ്പ് ഏണി അശ്രദ്ധമായി ഉയർത്തുന്നതിനിടയിൽ ലൈനുമായി സമ്പർക്കമുണ്ടായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടാതെ, മരത്തിന്റെ പച്ചശിഖരങ്ങൾ വെട്ടുന്നതിനിടെ ലൈനിൽ കൊമ്പുകൾ മുട്ടിയും അപകടം സംഭവിച്ചു വരുന്നു. ലൈനുകളിൽ നിന്നു വൈദ്യുതാഘാതം സംഭവിക്കുന്നതിന് ലൈനുമായി നേരിട്ടു സമ്പർക്കം വരണമെന്നില്ല. 

ലൈനിന് അടുത്ത് ലോഹ വസ്തുക്കൾ എത്തിയാൽ വൈദ്യുതാഘർഷണം മൂലം വൈദ്യുതി പ്രവഹിക്കാനും വൈദ്യുതാഘാതമേൽക്കാനും ഇടയുണ്ട്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈൽ വർക്ക്, വെൽഡിങ് ജോലികൾ, പെയ്ന്റിങ് ജോലികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിനായി ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ബോർഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുന്നതു മൂലവും അപകടങ്ങൾ തു‌ടർക്കഥയാണ്. അതിനാൽ കർശനമായും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജോലികൾ ചെയ്യാവൂ. വീടുകളുടെയും മറ്റും വയറിങ് ജോലികൾ ചെയ്യുന്നവർ ലൈസൻസ് ഉള്ളവരാണെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണം.

തീപിടിത്തം, കാരണങ്ങൾ പലത്‌‌

പ്ലാസ്റ്റിക് വയറുകൾ ഉപയോഗിച്ചു താൽക്കാലിക വയറിങ് ചെയ്യുന്നത്, കൃത്യമായി റേറ്റിങ് ഉള്ള സർക്യൂട്ട് ബ്രേക്കറുകൾ ഉപയോഗിക്കാത്തത്, ഒരു പ്ലഗ് പോയിന്റിൽ നിന്നു ഒന്നിലധികം കണക്‌ഷൻ എടുക്കുന്നത്, നിലവാരമില്ലാത്ത മൊബൈൽ ചാർജറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ ഷോർട്ട്സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകാം. ഫ്രിജ്, ടിവി, വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി, ഗ്രൈൻഡർ, മിക്സി മുതലായവ തകരാറിലാകുമ്പോൾ സ്വയം നന്നാക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഗാർഹിക ഉപഭോക്താക്കൾ 30 മില്ലി ആംപിയർ റേറ്റിങ് ഉള്ള ഗുണനിലവാരമുള്ള ഇഎൽസിബികൾ നിർബന്ധമായും ഉപയോഗിക്കണം. ഇതുമൂലം വീടിനുള്ളിൽ വൈദ്യുതിച്ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com