ADVERTISEMENT

രാജകുമാരി ∙ ചില വിദേശരാജ്യങ്ങളിലേക്കു കയറ്റി അയച്ച ഏലയ്ക്കയിൽ അനുവദനീയമായതിലും അധികം രാസകീടനാശിനിയുടെ അംശം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നു കർഷക സംഘടനകൾ. ഇടുക്കിയിൽ നിന്നുള്ള ഏലത്തിന്റെ വിലയിടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇൗ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കയറ്റുമതി കുറഞ്ഞുവെന്ന കാരണം പറഞ്ഞ് പ്രാദേശിക വിപണികളിൽ പോലും ഏലത്തിന്റെ വില കുറയ്ക്കുകയാണ്.

ചില വ്യാപാരികൾ കർഷകരിൽ നിന്ന് ഏലയ്ക്ക വാങ്ങാൻ പോലും തയാറാകുന്നില്ല. ഏലയ്ക്ക കയറ്റി അയക്കുന്നതിനു സ്പൈസസ് ബോർഡ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവയുടെ അനുമതിയും ലാബ് റിപ്പോർട്ടും ആവശ്യമാണ്. ഇതൊക്കെയുണ്ടായിട്ടും കയറ്റുമതി ചെയ്ത ഏലത്തിൽ വിഷാംശം ഉണ്ടെന്നു വിദേശരാജ്യത്തു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എങ്ങനെയാണെന്നു കർഷകർ ചോദിക്കുന്നു. തിരിച്ചയച്ച ഏലയ്ക്ക എന്തു ചെയ്തുവെന്നു സ്പൈസസ് ബോർഡും സംസ്ഥാന സർക്കാരും വ്യക്തമാക്കണമെന്നും ഇൗ രംഗത്തു പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.

വിലയിടിക്കാൻ ആസൂത്രിത നീക്കം: റെജി ഞള്ളാനി

∙ ഏലത്തിലെ വിഷാംശത്തിന്റെ പേരിൽ വിദേശരാജ്യങ്ങൾ തിരിച്ചയച്ചു എന്ന വാർത്തകൾ വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഇതിന്റെ പേരിൽ വിലയിടിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും പ്രമുഖ ഏലം കർഷകർ റെജി ഞള്ളാനി പറഞ്ഞു. സ്പൈസസ് ബോർഡിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയാണ് ഏലം കയറ്റുമതി ചെയ്തത്. എന്നിട്ടും കർഷകരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് അധികൃതർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ  കേന്ദ്ര സർക്കാർ ഏജൻസി അന്വേഷണം നടത്തണമെന്നും റെജി ഞള്ളാനി പറഞ്ഞു.

ലാബ് നിർമാണം അവസാന ഘട്ടത്തിൽ: ഡീൻ കുര്യാക്കോസ്

∙ മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ഏലയ്ക്കയുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള ലാബിന്റെ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നു ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. 1.94 കോടി രൂപ മുടക്കി ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്യാസ് ക്രോമെറ്റോഗ്രഫി മാസ് സ്പെക്‌ട്രോമെട്രി (ജിസിഎംഎസ്) ഇൻഫർമേഷൻ സംവിധാനമാണു ലാബിൽ ഒരുക്കുന്നത്.

ലാബ് പ്രവർത്തനസജ്ജമാകുന്നതോടെ സാധാരണ കർഷകർക്കും തങ്ങൾ ഉൽപാദിപ്പിച്ച ഏലയ്ക്ക പരിശോധിക്കുന്നതിനും അതിന് അനുസരിച്ചു കീടനാശിനി, രാസവളം എന്നിവയുടെ ഉപയോഗം ക്രമീകരിക്കുന്നതിനും സാധിക്കും. നിലവിൽ ജില്ലയിൽ ഏലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കു സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ കയറ്റുമതി ചെയ്ത ശേഷമാണ് ഏലയ്ക്കയിലെ അമിത അളവിലുള്ള കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com