ADVERTISEMENT

സംസ്ഥാനത്തു വൈദ്യുതി നിരക്ക് വർധിച്ചു. ഇന്ധനം മുതൽ നിത്യോപയോഗ സാധനങ്ങൾ വരെയുള്ളവയ്ക്കു തീവില നൽകുന്നതിനിടെയാണ് ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നത്. നിരക്കു വർധന എങ്ങനെ ബാധിക്കും? സാധാരണക്കാർ പറയുന്നു

''കൃഷി ചെയ്തുണ്ടാക്കുന്ന വിളകൾക്ക് അർഹിക്കുന്ന വില കിട്ടുന്നില്ല. പുറത്തു നിന്നു വാങ്ങുന്ന ഗ്യാസ് ഉൾപ്പെടെയുള്ള സാധനങ്ങൾക്കു ദിനംപ്രതി വില വർധിക്കുന്നു. ഈ സാഹചര്യത്തിൽ വൈദ്യുതി ചാർജ് കൂടി വർധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാരായ മനുഷ്യരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണ്. -മനു വി.ബേബി പൊതുപ്രവർത്തകൻ, ചേറ്റുകുഴി.

''ഇപ്പോൾത്തന്നെ രണ്ടു മാസം കൂടുമ്പോൾ കനത്ത ബില്ലാണ് വരുന്നത്. കഴിഞ്ഞ മാസത്തെ ബിൽ ഇരട്ടിയിലധികമാണ്. -സീമോൻ ദത്തൻ മറയൂർ മേഖല കേബിൾ ഓപ്പറേറ്റർ സംഘടനാ സെക്രട്ടറി

''വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കു പിടിച്ചു നിൽക്കണമെങ്കിൽ ആനുപാതികമായി വിലയും കൂലിയും വർധിപ്പിക്കേണ്ടി വരും. തയ്യൽ മേഖലയ്ക്ക് ഇനിയും ഇങ്ങനെ തുടരാനാവില്ല. -ജോമോൻ ജോർജ് ചെറുകിട തയ്യൽ യൂണിറ്റ് ഉടമ തടിയമ്പാട്

''വൈദ്യുതി നിരക്കു വർധന അസമയത്തായി. കോവിഡ് കാലം കഴിഞ്ഞ് ആളുകൾ കാര്യമായി വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് നിരക്കു വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കു കാര്യമായി വിലക്കയറ്റം ബാധിക്കില്ലെന്നു പറഞ്ഞാലും എല്ലാ മേഖലയിലെയും വിലക്കയറ്റം സാധാരണക്കാരെയാണ് ബാധിക്കുന്നത്. -ജയ്സൻ കർഷകൻ,കുന്നുംപുറത്ത്, അറക്കുളം

''നിത്യോപയോഗ സാധനങ്ങളുടെ വിലവർധന, കാർഷിക വിളകളുടെ വിലയിടിവ് തുടങ്ങി എല്ലാ മേഖലകളിലും സാധാരണക്കാർ ദുരിതത്തിലാണ്. ഇതിനു പിന്നാലെയാണ് സർക്കാർ ഇടയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിക്കുന്നത്. – അലിയാർ, മുഞ്ചക്കൽ,ദേവിയാർ പത്താംമൈൽ,(കർഷകൻ)

''സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണ കുടുംബങ്ങൾക്ക് ഇരുട്ടടി‌യാണ് വൈദ്യുതി ചാർജ് വർധന. വിലവർധന രൂക്ഷമായ സാഹചര്യത്തിലുള്ള ഈ തീരുമാനം പ്രതിഷേധാർഹമാണ്. -കെ.എൽ.ശ്യാമള കുമളി

''പാചകവാതകം ഉൾപ്പെടെ, അവശ്യ സാധനങ്ങൾക്കെല്ലാം അടുത്തിടെ വില കുതിച്ചുയർന്നു. ചെലവുകൾ പരമാവധി കുറച്ച്, ഒരുവിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഇപ്പോൾ വൈദ്യുതി നിരക്കും കൂട്ടിയത്. ദിവസ വരുമാനക്കാരും തുച്ഛമായ മാസവരുമാനക്കാരുമാണ് ഇതുമൂലം ഏറെ പ്രശ്നത്തിലാകുന്നത്. നിരക്കു കുറയ്ക്കാൻ സർക്കാർ തയാറാകണം. -ബിനോയി പി.ലേവി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ, മുട്ടം

സെക്യൂരിറ്റി ഡിപ്പോസിറ്റ് മറ്റൊരു കുരുക്ക്

വൈദ്യുതി നിരക്കു വർധനയുടെ ആഘാതം താങ്ങാനാവാത്ത സാധാരണക്കാരനു കുരുക്കായി ഇത്തവണത്തെ ബില്ലിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയും. ശരാശരി ബില്ലിന്റെ 50 ശതമാനം വരെ തുക കൂടി കൂട്ടിയാണ് വാങ്ങുന്നത്.

2000 രൂപയുടെ ബിൽ അടയ്ക്കുന്ന ഉപഭോക്താവ് അഡീഷനൽ സെക്യൂരിറ്റി തുകയായി 1000 രൂപ കൂടി അടയ്ക്കണം. ഡിപ്പോസിറ്റ് തുകയ്ക്കു പലിശ നൽകുമെന്നും മറ്റുമുള്ള ന്യായവാദങ്ങൾ കെഎസ്ഇബി പറയുന്നുണ്ടെങ്കിലും വൈദ്യുതി നിരക്കിനൊപ്പം ഈ തുകയും കണ്ടെത്തേണ്ടി വരുന്നതു സാധാരണക്കാർക്കു വലിയ ബാധ്യതയാണുണ്ടാക്കുന്നത്.

വർധന പിൻവലിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കട്ടപ്പന∙ സാമ്പത്തിക പ്രതിസന്ധിമൂലം നിലവിലെ വൈദ്യുതി ചാർജ് പോലും അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട, വ്യാപാര, വ്യവസായ മേഖലയ്ക്കു ചാർജ് വർധന താങ്ങാനാകില്ലെന്നും നടപടി പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര, വ്യവസായ മേഖലകൾ വളർന്ന് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളായ ഇന്ധനവും വൈദ്യുതിയും സൗജന്യമായോ സർക്കാർ സബ്സിഡിയിൽ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കണം.

ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ രീതിയിലുള്ള ഇളവുകൾ നൽകി വ്യവസായങ്ങൾ വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുമ്പോൾ കേരളത്തിൽ നേരെ വിപരീതമാണ്. ഇതിൽ നിന്നു സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എൻ.ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി.ഹസ്സൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com