ADVERTISEMENT

ലാത്തിച്ചാർജിനിടെ ഗുരുതരമായി പരുക്കേറ്റ് ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാൽ ഇന്നു ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയാണ്. ഇനിയും മാസങ്ങൾ നീളുന്ന ചികിത്സയ്ക്കൊടുവിലെ കണ്ണിനു കാഴ്ച കിട്ടുമോയെന്നു പറയാൻ സാധിക്കൂ. ക്രൂരമായി ആക്രമിക്കപ്പെട്ടു കാഴ്ച നഷ്ടപ്പെടാനുണ്ടായ അനുഭവത്തെക്കുറിച്ച് ബിലാൽ പറയുന്നു...

പിറന്നാൾ ദിനത്തിലെ പൊലീസ് മർദനം

ജൂൺ 14 എന്റെ പിറന്നാൾ ദിനമായിരുന്നു. ഡിസിസി പ്രസിഡന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിക്കാനാണ് തൊടുപുഴയിൽ എത്തിയത്. പല പ്രതിഷേധ പ്രകടനങ്ങളിലും എനിക്കു പൊലീസിന്റെ കയ്യിൽ നിന്നു മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്. പരുക്കുകളുണ്ടായിരുന്നെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു രീതി. മാർച്ചിനിടെ കണ്ണിനു ലാത്തി കൊണ്ടു പരുക്കേറ്റ നിമിഷത്തിൽ എന്റെ മനസ്സിലേക്ക് ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന ചിന്തയാണ് കടന്നുവന്നത്. കണ്ണിനു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അടി കിട്ടിയ ഉടനെ എനിക്കു മനസ്സിലായി. 

എത്രത്തോളം ക്രൂരമായിരുന്നു മർദനം?

പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് ലാത്തി വീശിയ അടുത്ത നിമിഷങ്ങളിൽ തന്നെയായിരുന്നു എന്റെ കണ്ണിനു പരുക്കു പറ്റുന്നത്. ഒരു കൈ കൊണ്ടു കണ്ണുപൊത്തി നിലവിളിക്കുന്നതിനിടയിൽ തലയിലും ലാത്തികൊണ്ട് അടിച്ചു. പിന്നീട് നടുവിനും പുറത്തും     ലാത്തികൊണ്ട് അടിയേറ്റു. ഗുരുതരമായി പരുക്കേറ്റു എന്നു മനസ്സിലാക്കിയ സഹപ്രവർത്തകർ എന്നെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകാനൊരുങ്ങി. എന്റെ കാലുകൾ ഓട്ടോയ്ക്കു പുറത്തായിരുന്നു. ലാത്തികൊണ്ടു പൊലീസ് കാലുകളിലും അടിച്ചു. ചതവുകൾ മൂലം എഴുന്നേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്. 

പൊലീസിനുണ്ടായ പ്രകോപനം എന്താണ്?

കുറച്ചു പേരെ പൊലീസ് നോട്ടമിട്ടു വച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മറ്റു പ്രവർത്തകർ അടുത്തുണ്ടായിട്ടും പൊലീസ് എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണിയെ പേരു വിളിച്ചു വളഞ്ഞുപിടിക്കാൻ പറഞ്ഞതു കേട്ടിരുന്നു. മറ്റു പ്രകോപനങ്ങളൊന്നും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രതിഷേധ പ്രകടനത്തിനു പിറകിൽ നിന്നായിരുന്നു പൊലീസിന്റെ ലാത്തിച്ചാർജ് ഉണ്ടായത്. 

ആശുപത്രിയിൽ എത്തിയ ശേഷം? 

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കണ്ണിൽ ചോര കെട്ടിനിൽക്കുന്നതു കൊണ്ടാണ് കണ്ണു കാണാത്തതെന്നു പറഞ്ഞു ഡോക്ടർമാർ സമാധാനിപ്പിച്ചു. കണ്ണിന്റെ പോളയിൽ 3 കീറലുണ്ടായിരുന്നു. 28 തുന്നലുകളുണ്ടായിരുന്നു. തലയിൽ 8 തുന്നലുകളും ശരീരത്തിൽ മൊത്തം ചതവുകളുമുണ്ടായിരുന്നു. പിന്നീടു ശസ്ത്രക്രിയ നടന്നു. ചികിത്സയുടെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുത്തിരുന്നു. 

മുന്നോട്ടുള്ള നീക്കം എങ്ങനെയായിരിക്കും? 

ഒരു പാട് ജീവിതം മുന്നിലുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത് ഒരു യുവാവിന്റെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് ഇന്നെനിക്കറിയാം. ഈ കേസിൽ ഏറ്റവും കൂടുതൽ പരുക്കു പറ്റിയത് എനിക്കാണ്. ആ എന്നെ തന്നെ ഒന്നാം പ്രതിയാക്കിയാണു പൊലീസ് കേസെടുത്തിരിക്കുകയാണ്. പരുക്കു പറ്റിയശേഷം ഇതുവരെ വീട്ടിൽ പോകാൻ പറ്റിയിട്ടില്ല.

കണ്ണിൽ ലാത്തികൊണ്ട് അടിച്ച പൊലീസുകാരൻ ആരാണെന്ന് എനിക്കു കൃത്യമായി അറിയാം. അദ്ദേഹം ആരാണെന്നു എന്റെ നേതാക്കളെയും വക്കീലിനെയും അറിയിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകും. നൂറു ശതമാനം കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന് ഇതുവരെ ഡോക്ടർമാർ ഉറപ്പു നൽകിയിട്ടില്ല. കാഴ്ച ശക്തി തിരിച്ചുകിട്ടി പൊതുപ്രവർത്തനത്തിൽ സജീവമാകണമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com