അണക്കര ∙ പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച 4500 രൂപ ഉടമയ്ക്കു തിരികെ നൽകി ഹരിത കർമസേനാംഗം മാതൃകയായി. ചക്കുപള്ളം പഞ്ചായത്തിലെ ഹരിത കർമസേന യൂണിറ്റ് സെക്രട്ടറി കെ.എസ്.ബിന്ദുവിനാണ് ചിറ്റാംപാറ മാലിന്യ സംസ്കരണ യൂണിറ്റിലെ ജോലിക്കിടെ പണം ലഭിച്ചത്. അണക്കര മിൽമ സൊസൈറ്റിയിൽ പാൽ കൊടുത്തതിനു ലഭിച്ച തുക രസീതിൽ പൊതിഞ്ഞ നിലയിലായിരുന്നു.
ബില്ലിലെ പേരിൽ നിന്നു പണത്തിന്റെ ഉടമയായ നെല്ലിക്കൽ കെ.സി. ബാലകൃഷ്ണനെ തിരിച്ചറിഞ്ഞു. തുടർന്നു പണം പഞ്ചായത്ത് ഓഫിസിൽ ഏൽപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ ഉടമയ്ക്കു പണം തിരികെ നൽകി. സത്യസന്ധതയെ അഭിനന്ദിച്ചതിനൊപ്പം പഞ്ചായത്ത് വക ചെറിയൊരു സമ്മാനവും ബിന്ദുവിനു നൽകി.