ADVERTISEMENT

ചെറുതോണി ∙ വാഴത്തോപ്പ് താന്നിക്കണ്ടത്ത് വീടു കയറിയുള്ള ആക്രമണത്തിൽ വീട്ടമ്മയ്ക്ക് മാരകമായി പരുക്കേറ്റ സംഭവത്തിൽ പ്രതി ലക്ഷംകവല വട്ടമലക്കുന്നേൽ ജോബിനെ ഇന്ന് ഇടുക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകശ്രമം, പീഡനശ്രമം, വീടു കയറിയുള്ള അക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ ജാമ്യമില്ലാത്ത 6 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി സിഐ ബി.ജയൻ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്ഥലത്തെത്തിച്ച് കൂടുതൽ പരിശോധന നടത്തി കേസിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. 

അതേസമയം, പാലായിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന വീട്ടമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇവരുടെ ഇരുഭാഗത്തെയും 7 വീതം വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മുഖത്തെ അസ്ഥികൾക്കും പൊട്ടലുണ്ട്. ഇതിനു പുറമേ ശരീരത്തിൽ ആകമാനം മാരകമായി മുറിവേറ്റിട്ടുമുണ്ട്. 

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോൾ സമീപ പ്രദേശത്തു തന്നെ ഉണ്ടായിരുന്നതിനാൽ 5 മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്താൻ കഴിഞ്ഞതായി ഇടുക്കി പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ പ്രതി വീട്ടമ്മയുടെ മുകളിലിരുന്ന് മർദിക്കുകയായിരുന്നു. ആ സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ വീട്ടമ്മ രക്ഷപ്പെടില്ലായിരുന്നു എന്നും സിഐ പറഞ്ഞു.

പരുക്കേറ്റ വീട്ടമ്മയിൽ നിന്നു മൊഴി ലഭിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് കരുതുന്നതായി ഇടുക്കി സിഐ പറഞ്ഞു.  സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

ലക്ഷംകവല കേന്ദ്രീകരിച്ചുള്ള  ലഹരിമരുന്ന് മാഫിയ സംഘം ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്. ജില്ലാ ആസ്ഥാന മേഖലയിലെ ലഹരി മാഫിയയുടെ ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com