ADVERTISEMENT

ഉടുമ്പൻചോലയ്ക്ക് സ്വന്തമായുണ്ടൊരു പൈതൃക വൃക്ഷം ! ഉടുമ്പൻചോല എന്ന പേര് ഉദ്ഭവിച്ചതെന്നു കരുതുന്ന ‘ഉതുമ്പര’ എന്ന സംസ്കൃത പദത്തിന്റെ അർഥം അത്തിമരം എന്നാണ്. ഉടുമ്പൻചോല എന്ന പേരിന്റെ കാരണഭൂതനായ അത്തിമര തൈകൾ സർക്കാർ ഓഫിസ് പരിസരത്ത് നടണമെന്ന എം.കെ.ജോസഫിന്റെ ആവശ്യം അങ്ങനെ സർക്കാർ രേഖകളിൽ ഇടംപിടിച്ചു. 

സംഭവം ഇങ്ങനെ, നെടുങ്കണ്ടം മാരിപ്പുറത്ത് എം.കെ.ജോസഫ് ജില്ലയിലെ സ്ഥലനാമങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ്. ജില്ലയിലെ മിക്കവാറും സ്ഥലപ്പേരുകളുടെ പിന്നിൽ സംസ്കൃത ചരിത്രം ഉറങ്ങിക്കിടപ്പുണ്ടെന്നാണ് ജോസഫിന്റെ വാദം. ഇത് ഉദാഹരണ സഹിതം വ്യക്തമാക്കിയതോടെയാണ് ഉടുമ്പൻചോല താലൂക്കിലെ സർക്കാർ കാര്യാലയങ്ങളുടെ പരിസരത്ത് ഒരു അത്തിമരമെങ്കിലും നടണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചത്. ഇന്നലെ നെടുങ്കണ്ടത്ത് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് വേറിട്ട തീരുമാനം പിറവിയെടുത്തത്. ഇക്കാര്യം താലൂക്ക് വികസന സമിതി യോഗത്തിന്റെ മിനിട്സിൽ രേഖപ്പെടുത്തി നടപടിയിലേക്കു കടക്കാനും തീരുമാനിച്ചു. 

‌ജോസഫ് പറയുന്നതിങ്ങനെ: നൂറ്റാണ്ടുകൾക്ക് മുൻപ് ഉതുമ്പര എന്ന പേരായിരുന്നു ഇന്നത്തെ ഉടുമ്പൻചോലയ്ക്ക്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഉച്ചാരണം മാറിവന്നതോടെ ഉതുമ്പര ഉടുമ്പൻചോലയായി. മറ്റൊരു സ്ഥലമായ കാമാക്ഷി എന്ന സ്ഥലപ്പേരും സംസ്കൃതത്തിൽ നിന്നെത്തിയതാണ്. കാമാക്ഷി എന്ന സംസ്കൃത വാക്കിന്റെ അർഥം മണിത്തക്കാളി എന്നാണ്. രാജകുമാരിയും സംസ്കൃത വാക്കിൽ നിന്നു വന്നതു തന്നെ. ആ വാക്കിന്റെ അർഥം കുറിഞ്ഞി വനമെന്നാണ്. കുഞ്ഞ് തപ്തി എന്ന സംസ്കൃത വാക്കിൽ നിന്നാണ് കുഞ്ചിത്തണ്ണിയുണ്ടായത്. കുഞ്ഞ് തപ്തിയെന്നാൽ വളഞ്ഞ നദിയെന്നാണ് അർഥം. കുമളിയുടെ പേരിനു പിന്നിൽ കുമുദി എന്ന സംസ്കൃത പദമാണ്; ആമ്പൽപ്പൊയ്കയെന്ന് അർഥം. ജില്ലയിലെ സ്ഥലങ്ങളുടെ പേരുകൾ നദി, ഔഷധ വൃക്ഷങ്ങൾ എന്നിവയിൽ നിന്ന് ആദിമ കാലഘട്ടത്തിൽ രൂപം കൊണ്ടതാണെന്നു ജോസഫ് വാദിക്കുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരിന്റെ പിന്നിലെ സംസ്കൃത ചരിത്രം പഠന വിധേയമാക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com