ബഫർ സോൺ: സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യം

SHARE

ചെറുതോണി∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർസോൺ നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി മറികടക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നു കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം. സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ പെരിയാറിന്റെ ഒരു കിലോമീറ്റർ ബഫർസോണായാൽ കുമളിയും പരിസരവും കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാകും.

ഇടുക്കി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ബഫർസോൺ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകും. ജില്ലയിലെ പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും  ജനവാസ മേഖലയും പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലാകുന്ന സ്ഥിതിയുണ്ടാകും. ഇതു ജില്ലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

സുപ്രീംകോടതി വിധി മറികടക്കുവാൻ നിയമം കൊണ്ടുവരാനും, തിരുത്തൽ ഹർജി നൽകാനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതാധികാര സമിതിയെ കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്താനുമുള്ള മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും എന്നാൽ പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേസിൽ ചേരണമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഫ. കെ.ഐ ആന്റണി, രാരിച്ചൻ നീർണാകുന്നേൽ, അഡ്വ. മധു നമ്പൂതിരി, കുര്യാക്കോസ് ചിന്താർമണി, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി, മാത്യു വാലുമ്മേൽ, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ജിമ്മി മറ്റത്തിപ്പാറ, ടോമി പകലോമറ്റം, റോയിച്ചൻ കുന്നേൽ, അഡ്വ. മനോജ് എം. തോമസ്, കെ.എൻ മുരളി എന്നിവർ പ്രസംഗിച്ചു.

കാൽവരിമൗണ്ടിൽ കർഷക പ്രതിഷേധ സംഗമം ഇന്ന്

ചെറുതോണി ∙ കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ കരി നിയമത്തിനെതിരെ കാൽവരി മൗണ്ടിൽ ഇന്ന്  കർഷക പ്രതിഷേധ സമര സംഗമം നടക്കും. വൈകുന്നേരം മൂന്നിനു നടക്കുന്ന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷനായിരിക്കും. ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും.

ബഫർ സോൺ വിഷയത്തിൽ മലയോര കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ബഫർസോൺ സീറോ കിലോമീറ്ററിൽ നിലനിർത്തി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തോലിക്കാ കോൺഗ്രസ് സമര ജ്വാല സംഘടിപ്പിക്കുന്നത്. പ്രതിഷേധ സമര പരിപാടികളുടെ ഭാഗമായി കർഷകർ കാൽവരിമൗണ്ട് ജംക്‌ഷനിൽ ദേശീയ പാതയോരത്ത് ഒത്തു ചേർന്ന് സമര പ്രഖ്യാപനം നടത്തും. തുടർന്ന് നടക്കുന്ന പ്രതിഷേധ സമ്മേളനത്തിൽ ജാതി മത സാമുദായിക ഭേദമില്ലാതെ പ്രശ്നബാധിത മേഖലയിലെ കർഷകർ അണിനിരക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS