ADVERTISEMENT

തൊടുപുഴ ∙ കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇന്നലെ പൊലിഞ്ഞത് 2 ജീവൻ. ഏലപ്പാറയ്ക്കു സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിനു പിൻവശത്തേക്ക് മൺതിട്ടയിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചതാണ് ആദ്യത്തെ സംഭവം. രണ്ടാം ഡിവിഷനിൽ പതിമൂന്നു മുറി ലയത്തിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ– 50) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം. ചെങ്കുളത്തിനു സമീപം മുതുവാൻകുടിയിൽ നിർമാണം നടന്നുവരുന്ന കെട്ടിടത്തിനു മുകളിലേക്ക് മൺതിട്ടയിടിഞ്ഞു വീണ് തൊഴിലാളി മരിച്ചതു വൈകിട്ട് മൂന്നരയോടെയാണ്. കുഴിയാലിൽ പൗലോസാണ് (52) മരിച്ചത്. 

മീൻപിടിക്കുന്നതിനിടെ കഴിഞ്ഞദിവസം ദേവിയാർ പുഴയിൽ ഒഴുക്കിൽപെട്ട ഇരുമ്പുപാലം ഒഴുവത്തം കളത്തിപ്പറമ്പിൽ അഖിലിനെ(22) കണ്ടെത്തുന്നതിനുള്ള നീക്കം രണ്ടു ദിവസവും ഫലം കണ്ടില്ല. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 35.64 മില്ലിമീറ്റർ മഴയാണ്. ഇടുക്കി താലൂക്കിലാണ് കൂടുതൽ മഴ- 55.8 മില്ലിമീറ്റർ.  24 മണിക്കൂറിനിടെ ജില്ലയിൽ 2 വീടുകൾ പൂർണമായും 3 വീടുകൾ ഭാഗികമായും തകർന്നതായാണ് റവന്യു അധികൃതരിൽ നിന്നു ലഭിക്കുന്ന വിവരം. അങ്ങിങ്ങ് കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനിനു മുകളിൽ മരം വീണും മറ്റും പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

 ജലനിരപ്പ് ഉയരുന്നു

തൊടുപുഴ ഉൾപ്പെടെ പലയിടങ്ങളിലും ഇന്നലെ ഉച്ചവരെ മഴ മാറി നിന്നെങ്കിലും പിന്നീട് ശക്തമായി. ഹൈറേ​ഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. നദികളിലും മറ്റും നീരൊഴുക്ക് വർധിച്ചു. ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  രണ്ടടിയിലേറെ ഉയർന്ന് 2344.04 അടിയായി. മഴ മുന്നറിയിപ്പു നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയിലാണ്.

കലക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്രയിലുൾപ്പെടെ, പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുതെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. 

 റോഡിലേക്ക് പാറക്കെട്ട് ഇടിഞ്ഞു

അടിമാലി∙ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ കല്ലാർ പാലത്തിന് സമീപം പാറക്കെട്ട് ഇടിഞ്ഞു റോഡിലേക്ക് വീണു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പാറകൾ നീക്കി ഗതാഗതം പുനരാരംഭിച്ചത്. ഞായറാഴ്ച രാത്രിയാണ് കൂറ്റൻ പാറക്കെട്ട് റോഡിലേക്ക് പതിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മൂന്നാർ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, തോക്കുപാറ വഴി ഇരുട്ടു കാനത്ത് എന്നും വിധമാണ് ഗതാഗതം പുനർ ക്രമീകരിച്ചിരുന്നത്. തുടർന്ന് ദേശീയ പാത വിഭാഗം മുൻകൈ എടുത്താണ് പാറക്കൂട്ടം പൊടിച്ചു മാറ്റിയത്.

മഴക്കണക്ക്

ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
ഇടുക്കി– 55.8
ദേവികുളം–46.4
പീരുമേട്–36
തൊടുപുഴ– 31.6
ഉടുമ്പൻചോല– 8.4

രമണി വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ.
രമണി വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ.

സംരക്ഷണഭിത്തി തകർന്നു; വീട് അപകടനിലയിൽ

തോപ്രാംകുടി ∙ കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു റോഡിലേക്കു വീട് അപകടാവസ്ഥയിൽ. തോപ്രാംകുടി പ്ലാമൂട്ടിൽ രമണി വിജയന്റെ വീടാണ് മുറ്റം ഇടിഞ്ഞു വീണതോടെ അപകടാവസ്ഥയിലായത്.ഇന്നലെ രാവിലെ 5.30നാണ് 20 അടി പൊക്കമുള്ള കരിങ്കൽ ഭിത്തി വലിയ ശബ്ദത്തോടെ തോപ്രാംകുടി എസ്ടി കോളനി റോഡിലേക്ക് തകർന്നു വീണത്. ഇതോടെ കോളനിയിലേക്കുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു.

കുടുംബത്തോട് ഇവിടെ നിന്നു മാറിത്താമസിക്കാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ. വാത്തിക്കുടി വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ  സ്ഥലം സന്ദർശിച്ചു നാശനഷ്ടം കണക്കാക്കി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, അംഗങ്ങളായ സുനിത സജീവ്, സനില വിജയൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വാത്തിക്കുടി പഞ്ചായത്ത് 6 വർഷം മുൻപ് കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകർന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com