കനത്ത മഴ, കാറ്റ്; 4 വീടുകൾ തകർന്നു,മരങ്ങൾ വീണ് വൻനാശനഷ്ടം

ഇനിയും പെയ്യാനൊരുങ്ങി... ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം വരെ മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും 10 സെന്റീമീറ്റർ ഉയരത്തിലാണു തുറന്നിരുന്നത്, എന്നാൽ മഴ ശക്തമായതിനെത്തുടർന്ന് ഇന്നലെ 20 സെന്റീമീറ്റർ ഉയരമായി കൂട്ടി. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ‌ ജലനിരപ്പ് ഉയർന്ന തൊടുപുഴയാർ.                                             ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ഇനിയും പെയ്യാനൊരുങ്ങി... ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം വരെ മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും 10 സെന്റീമീറ്റർ ഉയരത്തിലാണു തുറന്നിരുന്നത്, എന്നാൽ മഴ ശക്തമായതിനെത്തുടർന്ന് ഇന്നലെ 20 സെന്റീമീറ്റർ ഉയരമായി കൂട്ടി. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ‌ ജലനിരപ്പ് ഉയർന്ന തൊടുപുഴയാർ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

തൊടുപുഴ ∙ ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നു. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 4 വീടുകൾ തകർന്നു. മരം വീണതിനെ തുടർന്നു പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഹൈറേഞ്ച് മേഖലകളിലടക്കം മഴ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.  ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 44.04 മില്ലീമീറ്റർ മഴയാണ്. ഇടുക്കി താലൂക്കിലാണു കൂടുതൽ മഴ- 82.4 മില്ലീമീറ്റർ. ഏറ്റവും കുറവ് പീരുമേട് താലൂക്കിലും– 8 മില്ലിമീറ്റർ.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് 6 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്നു നദികളിലും മറ്റും നീരൊഴുക്ക് കൂടി. ഡാമുകളിലെ ജലനിരപ്പും ഉയർന്നുതുടങ്ങി. മലയോര മേഖലയിൽ ശക്തമായ മഴയും കാറ്റും മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു. 

നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണു

∙ നെടുങ്കണ്ടം മേഖലയിൽ മഴയും കാറ്റും ശക്തം. ശനിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയ്ക്ക് ഞായറാഴ്ച രാവിലെയാണു ശമനമുണ്ടായത്. പാറത്തോട് വില്ലേജിൽ മാവടിക്കരയിൽ കാലാക്കാട് ഭാഗത്തു ഞായറാഴ്ച പുലർച്ചെ 4നു ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. കല്ലുമ്മേൽ ടി. വാണിയുടെ വീടിനു മുകളിലേക്കാണു മരം വീണു വീടിന്റെ മേൽക്കൂര തകർന്നത്. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു പരിശോധന നടത്തി. തൂക്കൂപാലം ബാലഗ്രം റോഡിൽ മരം വീണു വൈദ്യുതിതടസ്സമുണ്ടായ ഭാഗത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ലെന്ന പരാതിയുണ്ട്. ശനിയാഴ്ചയാണു വൻമരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്കു പതിച്ചത്. 

റോഡിന്റെ സംരക്ഷണഭിത്തി വീണ് വീട് തകർന്നു

∙ കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു വീടിനു നാശം സംഭവിച്ചെങ്കിലും നാലംഗ കുടുംബവും ഈ സമയം വീട്ടുമുറ്റത്തെത്തിയയാളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ചിയാർ അഞ്ചുരുളി ആദിവാസി മേഖലയിലേക്കുള്ള റോഡിനു സമീപം താമസിക്കുന്ന പാറയിൽ ഹരിദാസും കുടുംബവും താമസിക്കുന്ന വീടിനു മുകളിലേക്കാണു സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ അഞ്ചുരുളി ആദിവാസി മേഖലയിലേക്കുള്ള റോഡും അപകടഭീഷണിയിലായി.ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ അറിയിച്ചതനുസരിച്ച് റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.

∙ കനത്ത മഴയിൽ കല്ലാർ-മാങ്കുളം റോഡിൽ പീച്ചാടിനു സമീപം തളികത്ത് മരം 11 കെവി വൈദ്യുതക്കമ്പിയിലേക്ക് ഒടിഞ്ഞുവീണു.
∙ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്കു സമീപം വൻമരവും മുൾപ്പടർപ്പുകളും റോഡിലേക്കു പതിച്ചു.

മഴക്കണക്ക്

∙ ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് (താലൂക്ക് തിരിച്ച്– മില്ലിമീറ്ററിൽ)
∙ ഇടുക്കി– 82.4
∙ ഉടുമ്പൻചോല– 52.2
∙ തൊടുപുഴ– 40.8
∙ ദേവികുളം– 36.8
∙ പീരുമേട്– 8

കൺട്രോൾ റൂമുകൾ 24 മണിക്കൂറും 

∙ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിൽ കലക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

കൺട്രോൾ റൂം നമ്പറുകൾ:

∙ കലക്ടറേറ്റ്: 04862-233111, 04862-233130
∙ താലൂക്ക് കൺട്രോൾ റൂം
ദേവികുളം: 04865-264231
ഉടുമ്പൻചോല: 04868-232050
പീരുമേട്: 04869-232077
ഇടുക്കി: 04862-235361
തൊടുപുഴ: 04862-222503

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS