ADVERTISEMENT

തൊടുപുഴ∙ വൈദ്യുതക്കമ്പി പൊട്ടിവീണുണ്ടായ അപകടങ്ങളിൽ രണ്ടു ദിവസത്തിനിടെ ചരിഞ്ഞത് രണ്ടു കാട്ടാനകൾ. കനത്ത മഴയിൽ കാട്ടിലെ മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളിൽ വീണ് അതിൽ നിന്നു ഷോക്കേറ്റാണ് രണ്ട് ആനകളും ചരിഞ്ഞത്. ജനവാസ മേഖലയിലേക്ക് ഭക്ഷണം തേടി കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങുന്നതാണു രണ്ട് അപകടങ്ങൾക്കും കാരണം. കാർഷിക വിളകൾക്കു സംരക്ഷണം വേണമെന്ന കർഷകരുടെ ആവശ്യത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ അപകടങ്ങൾ ഒഴിവാകുമായിരുന്നു. 2011ലെ കണക്കു പ്രകാരം കേരളത്തിൽ 7,490 കാട്ടാനകളുണ്ട്. 11 വർഷത്തിനിടെ കാട്ടാനകളുടെ എണ്ണം ക്രമാതീതമായി കൂടിയെന്നു തന്നെയാണു വിദഗ്ധരുടെ അഭിപ്രായം. നമ്മുടെ കാടുകളിൽ ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കിട്ടാതാകുന്നതോടെ നാട്ടിലിറങ്ങുകയാണ് ആനകൾ.

സോളർ വേലിയിൽ നിന്നുള്ള ഷോക്ക് അപകടകരമല്ല വൈദ്യുത വേലികളിൽ ഗാർഹിക കണക്‌ഷനിൽ നിന്നുള്ള വൈദ്യുതി നൽകരുത്

സോളർ വൈദ്യുത വേലിയും ട്രെഞ്ച് നിർമാണവുമൊക്കെയാണു കാട്ടാനകളെ ജനവാസമേഖലകളിൽ നിന്ന് അകറ്റിനിർത്താൻ വനംവകുപ്പ് സ്വീകരിക്കുന്ന പ്രധാന മാർഗങ്ങൾ. സോളർ വൈദ്യുത വേലികൾ ആനയ്ക്കെന്നല്ല, ഒരു മൃഗത്തിനും ജീവഹാനി ഉണ്ടാക്കില്ല. 12 വോൾട്ട് ഡിസി കറന്റാണ് ഈ വൈദ്യുത വേലികളിലൂടെ പ്രവഹിക്കുന്നത്. അതും 12 സെക്കൻഡുകൾ ഇടവിട്ടു മാത്രമാണ് ഈ വൈദ്യുത പ്രവാഹം. വേലിയിൽ തട്ടുന്ന ജീവികൾക്കു ചെറിയ രീതിയിൽ ഷോക്ക് ഏൽക്കുകയും അവ പിൻവാങ്ങുകയാണു ചെയ്യുക. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിക്കുന്ന സോളർ വൈദ്യുത വേലികൾ ഈ തരത്തിലുള്ള നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ട്. 

വൈദ്യുത വേലികളിൽ ഗാർഹിക കണക്‌ഷനുകളിൽ നിന്നുള്ള എസി  കണ‌ക്‌ഷൻ നൽകുമ്പോഴാണു അപകടങ്ങൾ ഉണ്ടാവുന്നത്. ഈ കാര്യങ്ങളെക്കുറിച്ചു ധാരണയില്ലാതെ വേലികൾ നിർമിക്കുമ്പോൾ മനുഷ്യർ ഉൾപ്പെടെ മറ്റു ജീവികൾ അപകടത്തിൽപെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ആനകളും വന്യമൃഗങ്ങളും കാടിറങ്ങുന്നതിനു  ദീർഘകാല അടിസ്ഥാനത്തിൽ പരിഹാരം കാണാൻ സാധിക്കണം. സോളർവേലി, ട്രെഞ്ച് തുടങ്ങിയവ താൽക്കാലിക പരിഹാരമാർഗമാണ്.വനത്തിലുള്ളിൽ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ഉണ്ടെങ്കിൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങില്ല. വർഷങ്ങൾ കൊണ്ട് ഇതു സാധ്യമാക്കുകയാണു ലക്ഷ്യം. സ്വന്തം കൃഷിയിടത്തിൽ എന്തു കൃഷി ചെയ്യണമെന്നു തീരുമാനിക്കേണ്ടതു കർഷകർ തന്നെയാണെങ്കിലും ഫലവൃക്ഷങ്ങളും പഴങ്ങളും കൃഷി ചെയ്യുന്നതു കുറയ്ക്കുന്നതു തന്നെയാണു നല്ലത്.- എസ്.വി. വിനോദ്(മൂന്നാർ വൈൽഡ് ൈലഫ് വാർഡൻ)

കാട്ടിൽ വേണ്ടത് കേബിൾ വൈദ്യുത ലൈൻ

വനപ്രദേശങ്ങളിൽ പ്രദേശങ്ങളിൽ വൈദ്യുതി പ്രസാരണത്തിനായി ഇൻസുലേറ്റഡ് കേബിളുകളോ ഭൂഗർഭ കേബിളുകളോ ഉപയോഗിക്കണം. ഇത്തരം പ്രദേശങ്ങളിൽ വൈദ്യുത ലൈൻ പൊട്ടിവീണാൽ ഇതു കണ്ടെത്തി പരിഹരിക്കാൻ ഒരുപാട് സമയം ആവശ്യമായി വന്നേക്കാം. ആനത്താരകളിൽ മാത്രം ഇത്തരം സംവിധാനങ്ങൾ ഒരുക്കുകയെന്നതും പ്രാവർത്തികമല്ല. പ്രകൃതിയിലെയും മനുഷ്യന്റെയും വന്യജീവികളുടെയും സ്വഭാവങ്ങളിൽ വന്ന മാറ്റം മൂലം ആനകളുടെ സഞ്ചാരവഴി കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല. 

സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ഇത്തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മാത്രമേ അപകടം ഒഴിവാക്കാൻ കഴിയൂ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയുന്നതിലും എല്ലാ പ്രദേശങ്ങളിലും ഒരേ മാർഗങ്ങൾ സ്വീകരിക്കുന്നതു ഫലപ്രദമാവില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ചു വേണം ഇവ തീരുമാനിക്കാൻ. മാറിമാറി വരുന്ന സർക്കാരുകൾ ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കുന്നതിനു പകരം രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പിലാക്കുന്നതാണു പ്രതിസന്ധികൾ കൂടാനുള്ള കാരണം.- ഡോ. പി.എസ്. ഈസ(ഏഷ്യൻ എലിഫന്റ്സ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് അംഗം )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com