ADVERTISEMENT

രാജകുമാരി∙ രാജകുമാരി സേനാപതി റോഡിൽ സ്വകാര്യ എസ്റ്റേറ്റിൽ മരം വീണ് തകർന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനായി മറ്റൊരു പോസ്റ്റുമായി എത്തിയ വാഹനത്തിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമാണ് രാജകുമാരിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള എസ്റ്റേറ്റിൽ മരം ഒടിഞ്ഞു വീണ് വൈദ്യുത പോസ്റ്റ് തകർന്നത്.

ഇന്നലെ ഇൗ പോസ്റ്റ് മാറ്റുന്നതിന് കെഎസ്ഇബി ജീവനക്കാരും കരാർ ജോലിക്കാരും സ്ഥലത്തെത്തി. പോസ്റ്റ് കുഴിയിൽ ഇറക്കി വയ്ക്കുന്നതിന് വാഹനം തിരിച്ചു നിർത്തുന്നതിനിടെ സമീപത്തു നിന്ന പ്ലാവ് വാഹനത്തിനു മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഡ്രൈവർ ക്യാബിനും പോസ്റ്റിനും മുകളിലായാണ് മരം വീണത്. മരം വീണ് പോസ്റ്റ് ഒടിയുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിന്റെ ഡ്രൈവർ സുരേഷ് അദ്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

പിഎച്ച്സിക്ക് മുന്നിൽ മരം വീണു

വണ്ണപ്പുറം ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്തു നിന്നിരുന്ന വലിയ തേക്കു മരം കടപുഴകി വീണു. ആശുപത്രി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഞായർ രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. സമീപത്തെ കാർ ഷെഡിന് അരികിലേക്കാണു മരം വീണത്. ഷെഡിനു തകരാർ ഉണ്ടായില്ല.

അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്ന ഉത്തരവ് ഉണ്ടെങ്കിലും അത് പാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപം ഉണ്ട്‌. ഏതാനും മാസങ്ങൾക്കു മുൻപ് ഇതിനു സമീപം വലിയ ഒരു മരം കടപുഴകി വേണമെങ്കിലും രാത്രി ആയതിനാൽ അപകടം ഉണ്ടായിരുന്നില്ല. 

ബസിനു മുകളിലേക്ക് മരം വീണു

മുട്ടം∙ തിരുവനന്തപുരം മൂലമറ്റം കെഎസ്ആർടിസി ബസിനു മുകളിലേക്ക് റബർമരം വീണു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ആർക്കും പരുക്കില്ല. ഞായറാഴ്ച രാത്രി 10 ന് ചള്ളാവയലിനു സമീപമാണ് അപകടം. ബസ് ചള്ളാവയിലിൽ എത്തിയപ്പോൾ പെട്ടെന്നു റബർ മരം ഒടിഞ്ഞ് ബസിന്റെ മുന്നിലേക്കു വീഴുകയായിരുന്നു. മരം ബസിൽ തട്ടാതെ വെട്ടിച്ചു മാറ്റി സഡൻ ബ്രേക്ക് ഇട്ടു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. മരം വീണു ബസിന്റെ മുന്നിലെ ചില്ലു തകർന്നു.  അപകടം സംഭവിക്കുമ്പോൾ ബസിൽ 5 യാത്രക്കാരുണ്ടായിരുന്നു. ബസ് മൂലമറ്റം ഡിപ്പോയിൽ എത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com