ADVERTISEMENT

കുഞ്ചിത്തണ്ണി (ഇടുക്കി) ∙ കാട്ടിനുള്ളിൽ സുഹൃത്തുക്കളുടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജാക്കാട് ഇരുപതേക്കർ കുടിയിലെ ഭാഗ്യരാജിന്റെ മകൻ മഹേന്ദ്രനാണ് (24) കൊല്ലപ്പെട്ടത്. മഹേന്ദ്രന്റെ സുഹൃത്തുക്കളും ഇരുപതേക്കർ സ്വദേശികളുമായ കളപ്പുരയിൽ സാംജി (44), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവർ പൊലീസിനു കീഴടങ്ങി. നായാട്ടിനിടെ മൃഗത്തിന്റെ കണ്ണാണെന്നു തെറ്റിദ്ധരിച്ച് വെടിവച്ചപ്പോൾ മഹേന്ദ്രൻ കൊല്ലപ്പെട്ടെന്നാണ് പ്രതികളുടെ മൊഴി.

കീഴടങ്ങിയ സാംജി, ജോമി, മുത്തയ്യ.

കഴിഞ്ഞ മാസം 27ന് ആണ് മഹേന്ദ്രനും മറ്റു മൂന്നുപേരും ഇരട്ടക്കുഴലുള്ള നാടൻ തോക്കുമായി ഏലക്കാട്ടിൽ നായാട്ടിനു പോയത്. കൃഷിക്കാരാണ് മൂവരും. ഇവരുടെ തോട്ടത്തിൽ പണിക്കു വന്നതായിരുന്നു മഹേന്ദ്രൻ. രാത്രിയിൽ കാട്ടിലൂടെ നടക്കുന്നതിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടൺ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചെന്നാണ് പ്രതികളുടെ മൊഴി. സാംജിയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

കക്ഷത്തിനു താഴെ നെഞ്ചിൽ വെടിയേറ്റ ഉടനെ മഹേന്ദ്രൻ മരിച്ചുവീണു. വിവരം പുറത്തറിയാതിരിക്കാൻ മൂന്നു പേരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടെന്നാണ് കേസ്. കാട്ടിൽപോയി ദിവസങ്ങൾ കഴിഞ്ഞിട്ടും മഹേന്ദ്രൻ തിരികെ വരാതിരുന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തെറ്റായ വിവരങ്ങൾ പൊലീസിനു കൊടുത്തതായും കണ്ടെത്തി. കാണാതായ ദിവസം മഹേന്ദ്രനും സാംജിയും ജോമിയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

തുടർന്ന് മൂന്നു പ്രതികളും രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂന്നാർ പോതമേട് - ഒറ്റമരം റോഡിൽ ഏലക്കാടിനു സമീപത്തെ വനത്തിൽനിന്ന് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം വ്യാഴാഴ്ച രാത്രി പൊലീസ് പുറത്തെടുത്തു. സമീപത്തുനിന്നു തന്നെ വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്കും കണ്ടെത്തി.പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. വനത്തിൽ അതിക്രമിച്ച് കയറിയതിന് പ്രതികൾക്കെതിരെ വനംവകുപ്പും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹേന്ദ്രന്റെ മാതാവ്: ഭവാനി. സഹോദരങ്ങൾ: പരേതനായ ബാലചന്ദ്രൻ, സ്നേഹ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com