തൊടുപുഴ ∙ ത്യാഗസ്മരണയിൽ മുസ്‌ലിം സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ രാവിലെ നടന്ന ബലി പെരുന്നാൾ നമസ്കാരത്തിലും കൂട്ടപ്രാർഥനയിലും നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. കാരിക്കോട് നൈനാരു പള്ളിയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി നേതൃത്വം നൽകി.
ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതചര്യകൾ മുറുകെ പിടിക്കാൻ ഓരോ വിശ്വാസിയും തയാറാകണമെന്ന് പെരുന്നാൾ സന്ദേശത്തിൽ ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമസ്കാരത്തിനും പ്രാർഥനയ്ക്കും ശേഷം പരസ്പരം ഹസ്തദാനം നടത്തി വിശ്വാസികൾ ഈദ് ആശംസകൾ കൈമാറി. എല്ലാ പള്ളികളിലും ഇത്തവണ രാവിലെ തന്നെ നമസ്കാരങ്ങൾ നടന്നു. അതത് മസ്ജിദുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാമുമാർ നേതൃത്വം നൽകി.