ADVERTISEMENT

നെടുങ്കണ്ടം ∙ സ്കൂൾ വാഹനങ്ങൾ പോകുന്നതിന് മിനിറ്റുകൾക്ക് മുൻപ് വൻമരം റോഡിലേക്ക് പതിച്ചു. ഒഴിവായത് വൻ അപകടം. സ്കൂൾ അധ്യാപകർ സഞ്ചരിച്ചിരുന്ന വാഹനം പോയി മിനിറ്റുകൾക്കുള്ളിലാണ് മരം വീണത്. ഏതാനും ദിവസമായി ഉടുമ്പൻചോല, ചെമ്മണ്ണാർ മേഖലകളിലെ സ്കൂൾ ബസുകൾ കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗ്രാമീണ പാതകളിലൂടെയും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

ഇന്നലെ രാവിലെ ചെമ്മണ്ണാർ സ്കൂളിലെ ബസ് എത്തുന്നതിന് മുൻപാണ് റോഡിലേക്ക് മരം പതിച്ചത്. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഒട്ടേറെ മരങ്ങളാണ് റോഡരികിലുള്ളത്. ഉടുമ്പൻചോല മേഖലയിൽ തുടരുന്ന അതിശക്തമായ കാറ്റാണ് അപകടങ്ങൾക്ക് കാരണം. വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ പതിച്ചുണ്ടായത് 2 അപകടം. വാഹനങ്ങളും തകർന്നു.   തൂക്കുപാലം ബാലഗ്രാം പുളിയൻമല റോഡ്, ഉടുമ്പൻചോല –ചെമ്മണ്ണാർ റോ‍ഡ് എന്നിവിടങ്ങളിലാണ് വൻ മരങ്ങൾ അപകടഭീഷണിയുയർത്തുന്നത്

∙ വീഴാറായി 19 മരങ്ങൾ

ഉടുമ്പൻചോല ചെമ്മണ്ണാർ റോഡിൽ മൺതിട്ടയിൽ നിൽക്കുന്ന 19 മരങ്ങളാണ് അപകടഭീതി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മാത്രം ഉടുമ്പൻചോല താലൂക്കിൽ മരങ്ങൾ വീണുണ്ടായത് 3 മരണങ്ങളാണ്. നെടുങ്കണ്ടം മൈലാംടുംപാറയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് വീണ് മുത്തുലക്ഷ്മി (46), പൊന്നാങ്കാണിയിലെ തോട്ടത്തിൽ മരക്കൊമ്പ് വീണ് ജാർഖണ്ഡ് സ്വദേശി സൊമ ലക്ര (60), പൂപ്പാറ തോണ്ടിമല ചൂണ്ടലിൽ മരക്കമ്പ് ഒടിഞ്ഞ് വീണ് ലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. തോട്ടങ്ങളിലെ വൻ മരങ്ങളും ശിഖരങ്ങളുമാണ് ഇത്രയേറെ അപകടം സൃഷ്ടിക്കുന്നത്.

ദേശീയപാതയോരത്ത് നിൽക്കുന്ന മരങ്ങളും അപകടനിലയിലാണ്. മരങ്ങൾ വൈദ്യുത ലൈനിലേക്ക് പതിച്ച് ഒരാഴ്ചയ്ക്കിടെ വ്യാപക നഷ്ടം സംഭവിച്ചു. വർഷങ്ങൾക്ക് മുൻപ് വേലിക്കായി നട്ട മുരിക്കുകൾ വലിയ വൃക്ഷങ്ങളായി. ശിഖരങ്ങൾ അടക്കം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഒരാഴ്ചയ്ക്കിടെ വാഹനങ്ങളുടെ മുകളിലേക്ക് മരം വീണുണ്ടായ 2 അപകടങ്ങളിൽ വാഹന യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

∙ കലക്ടർക്ക് പരാതി നൽകി

ഉടുമ്പൻചോല– ചെമ്മണ്ണാർ റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട്  ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ലാലു തോമസ് കലക്ടർക്ക് പരാതി നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com