ADVERTISEMENT

തൊടുപുഴ∙ കരുതൽ ഡോസ് എടുക്കാം; കോവിഡിനെതിരെ കരുതലോടെ നീങ്ങാം... കോവിഡ് ആശങ്ക വീണ്ടും ഉയരുമ്പോൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശമാണിത്. കോവിഡ് വാക്സീന്റെ കരുതൽ (ബൂസ്റ്റർ) ഡോസ് വിതരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ് ജില്ല. ഫീൽഡ് തല പ്രവർത്തനങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

60 വയസ്സ് പിന്നിട്ടവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവർക്ക് തുടക്കം മുതൽ കരുതൽ ഡോസ് സൗജന്യമായിരുന്നെങ്കിലും ഇവരുടെ വാക്സിനേഷൻ മന്ദഗതിയിലാണ്. 60 വയസ്സു കഴിഞ്ഞവരിൽ 19.96% പേർ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞതും കനത്ത മഴയുമെല്ലാം വാക്സിനേഷനെ ബാധിക്കുന്നതായി അധികൃതർ പറയുന്നു.

കഴി‍‍ഞ്ഞ വെള്ളി മുതൽ 18–59 പ്രായക്കാർക്കു കരുതൽ ഡോസ് സൗജന്യമായി നൽകിത്തുടങ്ങിയതോടെ ഈ വിഭാഗത്തിൽ കൂടുതൽ പേർ ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ആർസിഎച്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോർജ് പറഞ്ഞു. ഈ പ്രായപരിധിയിലുള്ള 18,843 പേരാണ് ചൊവ്വാഴ്ച വരെ കരുതൽ ഡോസ് സ്വീകരിച്ചത്– 3.84% പേർ. നേരത്തേ 18–59 പ്രായക്കാർ പണം നൽകി സ്വകാര്യ സെന്ററുകളിൽനിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നായിരുന്നു നിർദേശം.

ജില്ലയിൽ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. അതിനാൽ വളരെ കുറച്ചു പേർ മാത്രമാണ് ഈ വിഭാഗത്തിൽ കരുതൽ ഡോസ് എടുത്തിരുന്നത്.ഇപ്പോൾ കേന്ദ്ര സർക്കാർ പദ്ധതി അനുസരിച്ച് സർക്കാർ ആശുപത്രികളിലൂടെ 75 ദിവസമാണു കരുതൽ ഡോസ് സൗജന്യമായി ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് 6 മാസം കഴിഞ്ഞവരാണ് കരുതൽ ഡോസ് എടുക്കേണ്ടത്.

കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് വാക്സീൻ എടുക്കാം. ഫീൽഡ് സ്റ്റാഫ്, ആശാപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ജില്ലയിൽ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.ആശാപ്രവർത്തകരെക്കൊണ്ട് വാർഡ് തലത്തിൽ വാക്സീൻ എടുക്കാനുള്ളവരുടെ കൃത്യമായ കണക്ക് ശേഖരിച്ച് അവരെ വാക്സിനേഷൻ സെന്ററുകളിൽ എത്തിക്കാനാണ് ശ്രമം.

ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നും നാളെയും എല്ലാ സെന്ററുകളിലും കോവിഷീൽഡ് മാത്രമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കരുതൽ ഡോസ് എടുക്കാൻ സമയമായവർ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. 

വാക്സീൻ കണക്ക്

∙ കരുതൽ ഡോസ് വാക്സീൻ നൽകേണ്ട 60 വയസ്സു കഴിഞ്ഞവർ:1,81,052
കരുതൽ ഡോസ് സ്വീകരിച്ചവർ: 36148 (19.96%)

∙ കരുതൽ ഡോസ് നൽകേണ്ട ആരോഗ്യ പ്രവർത്തകർ: 13,088
കരുതൽ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവർത്തകർ: 6,421 (49.06%)

∙ കരുതൽ ഡോസ് നൽകേണ്ട കോവിഡ് മുൻനിര പോരാളികൾ: 21,549
കരുതൽ ഡോസ് സ്വീകരിച്ച കോവിഡ് മുൻനിര പോരാളികൾ: 6,113 (28.36%)

∙ കരുതൽ ഡോസ്  നൽകേണ്ട 18–59 പ്രായക്കാർ: 5,09,405
കരുതൽ ഡോസ് സ്വീകരിച്ച 18–59 പ്രായക്കാർ: 18,843 (3.84%)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com