ADVERTISEMENT

കട്ടപ്പന ∙ ഏലക്കായുടെ വിലയിടിവിനൊപ്പം വളങ്ങളുടെയും കീടനാശിനികളുടെയും വിലയിൽ വൻ വർധന ഉണ്ടായതോടെ വളപ്രയോഗം പകുതിയായി കുറച്ച് കൃഷി നശിക്കാതിരിക്കാൻ മാത്രമുള്ള കരുതലുമായി കർഷകർ. കഴിഞ്ഞ വർഷം 900 രൂപയായിരുന്ന പൊട്ടാഷിന്റെ വില 1700 ആയി കുതിച്ചുയർന്നു. പത്ത് ഇരുപത്തിയാറ് വളത്തിന്റെ വില മുൻവർഷം 1250 ആയിരുന്നത് ഇത്തവണ 1470 രൂപയിലെത്തി. ഫാക്ടംഫോസിന്റെ വില 1200ൽ നിന്ന് 1490 രൂപയായി. ഡിഎപിയുടെ വില 1250 രൂപയിൽ നിന്ന് 1350 ആയി വർധിച്ചു.

പതിനാറ് പതിനാറ് വളത്തിന്റെ വില 1200 രൂപയിൽ നിന്ന് 1470 ആയി. ഭൂരിഭാഗം രാസവളങ്ങളുടെയും വില മുൻ വർഷത്തെ അപേക്ഷിച്ച് 250 രൂപയുടെ വർധനവ് ഉണ്ടായി. വളങ്ങളുടെയും കീടനാശിനികളുടെയും വില വർധിച്ചതിനനുസരിച്ചുള്ള വില ഉൽപന്നം വിറ്റാൽ ലഭിക്കാത്ത സാഹചര്യമായതോടെ കർഷകർ ഇവയുടെ ഉപയോഗം പകുതിയായി കുറച്ചു. മുൻവർഷം 200 കിലോ വളം വാങ്ങിയിരുന്നവർ ഇത്തവണ അത് 100 ആക്കി കുറച്ചിരിക്കുകയാണെന്ന് വളം വിൽപന സ്ഥാപനങ്ങളിലുള്ളവർ പറയുന്നു.

തൊഴിലാളികളുടെ കൂലി, പെട്രോൾ മോട്ടോറും മറ്റും ഉപയോഗിച്ച് മരുന്ന് തളിക്കാനുള്ള ചെലവ്, വളം-കീടനാശിനികളുടെ വില വർധന എന്നിവയെല്ലാം മൂലം നട്ടം തിരിയുന്ന കർഷകർക്ക് ഏലക്കായുടെ വിലയിടിവ് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പൊതുവിപണിയിൽ 750-925 ആണ് ഏലക്കായുടെ ശരാശരി വില. വിളവെടുത്ത് ഉൽപന്നം ഉണക്കി വിപണിയിൽ എത്തിച്ചാൽ അതിന് ചെലവഴിക്കുന്ന തുകപോലും കിട്ടാത്ത സാഹചര്യമുണ്ട്.

അതിനാൽ കൃഷി നശിക്കാതെ സംരക്ഷിച്ചു നിർത്താൻ ആവശ്യമായ വളപ്രയോഗങ്ങളും മറ്റും മാത്രമാണ് കർഷകർ നടത്തുന്നത്. ഇത് ഉൽപാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏലക്കായുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് ഇത്തവണ ഉണ്ടായിട്ടുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഏതാനും ദിവസങ്ങളായി ഏലക്കായുടെ വിലയിൽ നേരിയ മുന്നേറ്റം കാണപ്പെടുന്നത് അതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. 2019ൽ ആണ് ഏലക്കായുടെ വില ഏറ്റവും ഉയർന്നത്.

2019 ഓഗസ്റ്റ് 3നു നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ഒരുകിലോഗ്രാം ഏലക്കായയുടെ ഉയർന്ന വില 7000 രൂപയും അതേ ദിവസത്തെ വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിലെ ശരാശരി വില 4733.19 രൂപയുമാണ് ഇതുവരെയുള്ള റെക്കോർഡ്. അതിനുശേഷം വിലയിടിഞ്ഞ് ഏലക്കായുടെ ശരാശരി വില 1000 രൂപയ്ക്കു താഴെ എത്തുകയായിരുന്നു. ഉൽപാദന ചെലവ് കണക്കാക്കിയാൽ ഒരുകിലോ ഏലക്കായ്ക്ക് ശരാശരി 1500 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ ഏലം കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളൂവെന്ന് കർഷകർ പറയുമ്പോഴാണ് ഈ സ്ഥിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com