ADVERTISEMENT

തൊടുപുഴ∙ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വകുപ്പുതല ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പാർലമെന്റ് സമ്മേളനത്തിനിടയിൽ കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണു മന്ത്രി പ്രത്യേകം നിർദേശം നൽകിയത്.

കൊച്ചി - തേനി ഭാരത്‌മാലാ പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിനും വിശദ പദ്ധതി രേഖയ്ക്കും ഉടൻ അംഗീകാരം നൽകും. എൻഎച്ച് 85ൽ കൊച്ചി മുതൽ മൂന്നാർ വരെ ടെൻഡർ നടപടികളും ഉടൻ നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. അടിമാലി - കുമളി എൻഎച്ച് 185ൽ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും കുമളി - മുണ്ടക്കയം ദേശീയപാത 183ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സഹകരണം വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു.

എംസി റോഡിനു സമാന്തരമായി നിർമിക്കുന്ന പുതിയ ദേശീയപാതയ്ക്ക് ഔദ്യോഗികമായി ദേശീയപാതയായി അംഗീകാരം ലഭിക്കാൻ ഉടൻ നടപടിയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദിഷ്ട പാത കോതമംഗലം മുതൽ മുവാറ്റുപുഴ, തൊടുപുഴ നിയോജക മണ്ഡലങ്ങളിലൂടെയാണു കടന്നുപോകുന്നത്. 2018ൽ തത്വത്തിൽ അംഗീകാരം നൽകിയ പഴനി - ശബരിമല പദ്ധതി, വിജയപുരം - ഊന്നുകൽ പദ്ധതി എന്നിവയുടെ സാധ്യതാപഠനം നടത്തുന്നതിനു മന്ത്രി നിർദേശിച്ചതായും ഡീൻ അറിയിച്ചു.

എൻഎച്ച് വികസനം: വ്യാജസന്ദേശത്തിന് എതിരെ നിയമനടപടി

ചെറുതോണി ∙ ദേശീയപാത 185 വികസനവുമായി ബന്ധപ്പെട്ടു സ്പെഷൽ തഹസിൽദാരുടേത് എന്ന പേരിൽ പ്രചരിക്കുന്ന വാട്സാപ് സന്ദേശങ്ങൾ വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അടിമാലി – കുമളി ഉൾപ്പെടുന്ന ഭാഗത്തെ സർവേ നമ്പറുകൾ അടങ്ങിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ആക്ഷേപമുള്ളവർ 21 ദിവസത്തിനകം അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com