ADVERTISEMENT

ചെറുതോണി ∙ പരിമിതികൾക്കു നടുവിൽ ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്കിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 23 നു മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടിയ ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ലെങ്കിലും പുതിയ മന്ദിരത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയത്. മെഡിസിൻ, സർജറി, ഇഎൻടി, ഓർത്തോ, ഒഫ്താൽമോളജി, സ്കിൻ തുടങ്ങിയവയ്ക്കു പുറമേ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനവും പുതിയ മന്ദിരത്തിൽ ആരംഭിച്ചു. ഇതിനു പുറമേ എക്സ്റേ, വിവിധ സ്കാനിങ്ങുകൾ, മാമോഗ്രാം തുടങ്ങിയ പരിശോധന സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

ഫാർമസിയുടെയും ഒപി കൗണ്ടറിന്റെയും പ്രവർത്തനവും ഉടൻ തന്നെ ഇവിടെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. എന്നാൽ ഗൈനക്കോളജി, പീഡിയാട്രിക്, സൈക്യാട്രി വിഭാഗങ്ങൾ മുൻ ധാരണ പ്രകാരം പഴയ ആശുപത്രി സമുച്ചയത്തിൽ തന്നെ തുടരും. പുതിയ ബ്ലോക്കിൽ രണ്ടു വാർഡുകളിലായി 80 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ടെന്നു ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ് പറഞ്ഞു. കാലവർഷ കെടുതികൾ മുന്നിൽ കണ്ടു പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കായി ഇതു മാറ്റി വച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ നിർമാണ ജോലികൾ പൂർത്തിയായില്ലെങ്കിലും പ്രവർത്തനത്തിനു തടസ്സമില്ല.

ഇതോടനുബന്ധിച്ച് 9 കിടക്കകളുള്ള ഐസിയുവിന്റെ പ്രവർത്തനവും ആരംഭിക്കുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം സുഗമമാകും. നിലവിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളിൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടവരെ ആംബുലൻസിൽ തന്നെ പഴയ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാക്കി നൽകാമെന്ന് നിർമാണ ഏജൻസി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ പൂർണ സജ്ജമല്ലാത്ത മന്ദിരത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവ് എല്ലായിടത്തും പ്രകടമാണ്.

നഴ്സുമാർക്ക് പുറമേ, ശുചീകരണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും ജീവനക്കാർ ആവശ്യത്തിന് ഇല്ല. ലബോറട്ടറികളിലും പരിശോധനാ മുറികളിലും ഇതു പ്രകടമാണ്. വൈദ്യുതിയും ശുദ്ധജലവും എത്തിയെങ്കിലും ആശുപത്രിയിൽ ജനറേറ്റർ ഇല്ലാത്തത് പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി തൽക്കാലം വാടകയ്ക്ക് ജനറേറ്റർ എടുത്ത് ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. ആശുപത്രിക്കു മുന്നിൽ വാഹനങ്ങളുടെ പാർക്കിങ്ങിനും സൗകര്യമില്ല. നിർമാണ ഏജൻസിയുടെ ഉപയോഗ യോഗ്യമല്ലാത്ത സാധനങ്ങൾ ആശുപത്രിയുടെ മുന്നിൽ സൂക്ഷിച്ചിരിക്കുന്നതാണു പാർക്കിങ്ങിനു തടസ്സമുണ്ടാക്കുന്നതെന്നു ജീവനക്കാർ പറയുന്നു. 

മുഴുവൻ സംവിധാനങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറാത്തതിനാൽ മരുന്നിനും പരിശോധനകൾക്കുമായി പഴയ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നതും രോഗികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ആദ്യ ദിവസം പുതിയ ബ്ലോക്കിൽ 639 പേരാണ് ചികിത്സ തേടിയത്. പഴയ ആശുപത്രിയിൽ 200 പേരും എത്തി. ജില്ലാ ആശുപത്രിയായി പ്രവർത്തിച്ചിരുന്നപ്പോൾ ശരാശരി ആയിരത്തിലധികം രോഗികളും അഞ്ഞൂറോളം കിടപ്പു രോഗികളും ഇവിടെ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com