ADVERTISEMENT

രാജകുമാരി∙ കനത്ത മഴയും കാറ്റും ആശങ്ക സൃഷ്ടിക്കുമ്പോഴും വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകൾ ഏറെ ഭയക്കുന്നത് നാട്ടിലിറങ്ങുന്ന കാട്ടാനകളെയാണ്. ചിന്നക്കനാൽ, ആനയിറങ്കൽ,‍ ബിഎൽ റാം, എൺപതേക്കർ, പെരിയകനാൽ, 301 കോളനി, മൂലത്തുറ മേഖലകളിലാണ് മഴക്കാലത്ത് കാട്ടാന ശല്യവും രൂക്ഷമായത്. ഇന്നലെ രാവിലെ 9 മുതൽ എൺപതേക്കറിന് സമീപം റോഡിലിറങ്ങിയ ഒറ്റയാൻ ഏറെ സമയം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇതു വഴിയെത്തിയ വാഹനങ്ങൾക്ക് നേരെയും ഒറ്റയാൻ പാഞ്ഞടുത്തു.

കാട്ടാനകൾ നശിപ്പിച്ച പ്ലാമല കുശലന്റെ ഏലക്കൃഷി

രണ്ട് ദിവസം മുൻപാണ് ആനയിറങ്കലിൽ റേഷൻ കടയുടെ മേൽക്കൂര തകർത്ത് ഒറ്റയാൻ 3 ചാക്ക് അരി തിന്നത്. സമീപത്തെ അങ്കണവാടിക്കു നേരെയും ഒറ്റയാന്റെ ആക്രമണമുണ്ടായിരുന്നു. മൂലത്തുറ മേഖലയിൽ രാത്രി കാലത്ത് റോഡിലിറങ്ങുന്ന കാട്ടാനയെ പേടിച്ച് ആളുകൾ വീടിന് പുറത്തിറങ്ങാറില്ല. മഴയും കാറ്റും ശക്തമായാൽ കാട്ടാനകൾ ചോല വനങ്ങളിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാറ്റിൽ മരം ഒടിഞ്ഞു വീഴുന്നതു മൂലമുള്ള അപകടമൊഴിവാക്കാനാണ് കാട്ടാനകൾ വൻ മരങ്ങളുള്ള വനത്തിൽ നിന്ന് പുറത്തു കടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മറയൂർ കരിമുട്ടിയിൽ വട്ടവയൽ ബാബു തോമസിന്റെ പറമ്പിൽ ഒറ്റയാൻ നശിപ്പിച്ച തെങ്ങ്

ബാബുവിന്റെ പുരയിടത്തിൽ 3 ദിവസം തമ്പടിച്ച് കാട്ടാന! 

മറയൂർ ∙ കരിമുട്ടി വനാതിർത്തിയിൽ സ്ഥിരമായി തമ്പടിച്ചിരിക്കുന്ന ഒറ്റയാൻ വട്ടവയൽ ബാബു തോമസിന്റെ കൃഷിയിടത്തിൽ മൂന്ന് ദിവസമായി രാത്രിയിൽ ഇറങ്ങി വ്യാപകമായി വിള നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. കാട്ടാന ശല്യം മൂലം പുറവയലിൽ 10 ഏക്കറിലെ കൃഷി  ഉപേക്ഷിച്ച ബാബു തോമസ് വീടിന് സമീപത്തുള്ള കൃഷിത്തോട്ടത്തിലാണ് ഒട്ടേറെ കൃഷികൾ ചെയ്തിരിക്കുന്നത്.  ദിവസങ്ങളായി പ്രദേശത്തും സംസ്ഥാനപാതയിലും കൃഷിത്തോട്ടങ്ങളിലും കണ്ടുവരുന്ന ഒറ്റയാൻ തുടർച്ചയായി  മൂന്നുദിവസം ബാബുവിന്റെ തോട്ടത്തിലിറങ്ങി കൃഷി നശിപ്പിക്കുകയായിരുന്നു. മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്ലാമല ആദിവാസി കുടിക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകൾ.

രണ്ടാഴ്ചയായി പ്ലാമലയിൽ കാട്ടാന ശല്യം 

അടിമാലി ∙ കനത്ത മഴയിൽ ദുരിതത്തിലായ പ്ലാമല ആദിവാസി കുടുംബങ്ങൾക്ക് ഇരുട്ടടിയായി കാട്ടാന ശല്യവും. കഴിഞ്ഞ 2 ആഴ്ചയായി കാട്ടാനക്കൂട്ടം കുടിയിൽ തമ്പടിച്ച് കൃഷി ദേഹണ്ഡങ്ങളും കുടിലുകളും നശിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് വനംവകുപ്പ് അധികൃതർ, ജനപ്രതിനിധികൾ, പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിരന്തരം  പരാതികൾ നൽകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ലെന്ന് ഊരുമൂപ്പൻ പളനിയപ്പൻ പറഞ്ഞു.

ചില ദിവസങ്ങളിൽ മുപ്പതോളം ആനകളാണ് കുടിയിൽ എത്തുന്നത്. പ്രധാന കൃഷിയായ ഏലം ഉൾപ്പെടെയുള്ള ദേഹണ്ഡങ്ങൾ വ്യാപകമായി ആനകൾ നശിപ്പിക്കുകയാണ്. ഇതോടൊപ്പം ആദിവാസി കുടിലുകൾക്കും നാശം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എത്തിയ കാട്ടാനകൾ കുശലന്റെ ഏലം കൃഷി നശിപ്പിച്ചു. അധികൃതർ അടിയന്തരമായി ഇടപെട്ട് കാട്ടാന ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com