ADVERTISEMENT

അടിമാലി ∙ നിർദിഷ്ട മലയോരപാതയുടെ രൂപരേഖ പുതുക്കി നിശ്ചയിച്ചു. മാങ്കുളം പഞ്ചായത്തിനെ പൂർണമായും ഒഴിവാക്കി പുതിയ അലൈൻമെന്റിന് രൂപരേഖ തയാറാക്കി. എറണാകുളം ജില്ല പിന്നിട്ട് നേര്യമംഗലത്തു നിന്ന് ആറാം മൈൽ എളംബ്ലാശേരി - കുറത്തിക്കുടി - മാങ്കുളം - കല്ലാർ വഴി ഇരുട്ടുകാനത്ത് എത്തി രാജാക്കാട് വഴിയാണ് ഒരു പതിറ്റാണ്ടു മുൻപ് മലയോര ഹൈവേയുടെ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നവംബറിൽ വിവിധ വകുപ്പു മേധാവികളുടെ യോഗത്തിൽ  മാങ്കുളം മേഖലയെ ഒഴിവാക്കാൻ വിവിധ വകുപ്പു തലവൻമാരുടെ യോഗത്തിൽ സർക്കാർ തീരുമാനിക്കുക യായിരുന്നു.

എളംബ്ലാശേരി മുതൽ മാങ്കുളം വരെയുള്ള ദൂരം വനമേഖലയിലൂടെയാണ് കടന്നു പോകുന്നു എന്ന കണ്ടെത്തലാണ് മേഖലയെ ഒഴിവാക്കാൻ കാരണമായി അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ മലയോര ഹൈവേയുടെ ഭാഗമായ മാമലക്കണ്ടം - എളംബ്ലാശേരി റോഡിന്റെ നിർമാണോദ്ഘാടനം 2018 മാർച്ച് 3 ന് അന്നത്തെ ഇടുക്കി എംപി ജോയ്സ് ജോർജ് നിർവഹിച്ചിരുന്നു. കോതമംഗലം എംഎൽഎ ആന്റണി ജോൺ, മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മലയോര ഹൈവേയുടെ നിർമാണ ജോലികളുടെ ഉദ്ഘാടന ഫലകം സ്ഥാപിച്ചത്.

മാങ്കുളം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുന്ന മലയോര ഹൈവേ യാഥാർഥ്യമാകുന്നു എന്നത് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായി മാറിയിരുന്നു. ഇതോടൊപ്പം അടിമാലി പഞ്ചായത്തിലെ വിദൂര ആദിവാസി സങ്കേതങ്ങളായ കുറത്തിക്കൂടി, ആവറുകുട്ടി, എളംബ്ലാശേരി മേഖലകൾക്കും എറണാകുളം ജില്ലയിലെ മാമലക്കണ്ടം ഉൾപ്പെടുന്ന പ്രദേശങ്ങൾക്കും മലയോര ഹൈവേ ഏറെ വികസന പ്രതീക്ഷയാണ് നൽകിയത്.

ഇതിനിടെയാണ് 6 മാസം മുൻപ് വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ അലൈൻമെന്റിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇതു പ്രകാരമാണ് മാങ്കുളം ഒഴിവാക്കി അടിമാലി വഴി ഇരുട്ടു കാനത്ത് എത്തും വിധം പുതിയ അലൈൻമെന്റിന് രൂപം നൽകിയിട്ടുള്ളത്. ഇതോടൊപ്പം എളംബ്ലാശേരി മുതൽ കുറത്തിക്കുടി വരെ 5.5 മീറ്റർ വീതിയിൽ വനംവകുപ്പ് അനുമതി നൽകുന്ന മുറയ്ക്ക് ടൈൽ വിരിച്ച് റോഡ് നിർമാണത്തിന് നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com