സമരം പ്രഖ്യാപിച്ച ബിജെപി എത്തുന്നതിനു മുൻപ് ഡിവൈഎഫ്‌ഐ കുഴിയടച്ചു!; മാവേലിയെ ഇരുത്തി പൂക്കളമിട്ടു ബിജെപി പ്രവർത്തകർ മടങ്ങി

Mail This Article
മൂലമറ്റം ∙ റോഡിലെ കുഴിയടയ്ക്കാൻ സമരവുമായി ബിജെപി എത്തുന്നതിനു മുൻപ് റോഡിലെ കുഴിയടച്ച് ഡിവൈഎഫ്‌ഐ. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം വലിയ കുഴിയുണ്ടായിട്ട് വർഷങ്ങളായി. കുഴിയടയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ഇതിനിടെ കഴിഞ്ഞ മാസം പൊതുമരാമത്ത് താൽക്കാലികമായി ഈ കുഴി അടച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കുഴി പ്രത്യക്ഷപ്പെട്ടു. ഒട്ടേറെ ബൈക്ക് യാത്രക്കാർ ഇവിടെ അപകടത്തിൽ പെട്ടു. ചെറുവാഹനങ്ങൾ കുഴിയിൽ വീണ് തകരാറാകുന്നതും പതിവ് കാഴ്ചയാണ്.

കുഴിയടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പാതാളക്കുഴിയിൽ നിന്നും മാവേലി എത്തുന്നു എന്നു പ്രഖ്യാപിച്ച് പ്രതീകാത്മക മാവേലിയുമായാണ് ബിജെപി എത്തിയത്. കുഴിക്കു ചുറ്റും പൂക്കളമിട്ടാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 11 മണിക്കുതന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തി മണൽച്ചാക്ക് അട്ടിയിട്ട് കുഴികളടച്ചു. ആ ചാക്കിന് മുകളിൽ മാവേലിയെ ഇരുത്തി കുഴിക്ക് ചുറ്റും അത്തപൂക്കളമിട്ട് ബിജെപി പ്രവർത്തകർ മടങ്ങി.
മൂലമറ്റം അശോകക്കവല വരെയുള്ള 2 കിലോമീറ്റർ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ കുഴി അടയ്ക്കുന്നിതിന് നടപടിയായില്ല. ഈ റോഡ് റീടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. സമരം നടത്തിയ ആശ്വാസത്തിൽ ബിജെപിയും സമരക്കാർ എത്തുന്നതിനു മുൻപ് കുഴിയടച്ച ആശ്വാസത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും പിരിഞ്ഞു.