ADVERTISEMENT

ചെറുതോണി ∙ മുല്ലപ്പെരിയാറിൽ നിന്നും ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് പടിപടിയായി ഉയർത്തി തുടങ്ങിയതോടെ ജനങ്ങളിൽ ഭീതി ഉയർന്നു തുടങ്ങി. പെരിയാർ തീരങ്ങളിൽ വെള്ളം ഉയർന്നു തുടങ്ങിയോടെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മരച്ചീനി, വാഴ തോട്ടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്.

വണ്ടിപ്പെരിയാർ കറുപ്പ് പാലത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ അവശ്യ സാധനങ്ങളും വളർത്തുനായയുമായി ക്യാംപുകളിലേക്ക് പോകുന്നവർ.
വണ്ടിപ്പെരിയാർ കറുപ്പ് പാലത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ അവശ്യ സാധനങ്ങളും വളർത്തുനായയുമായി ക്യാംപുകളിലേക്ക് പോകുന്നവർ.

വെള്ളക്കയം, തടിയമ്പാട്, മഞ്ഞപ്പാറ, കരിമ്പൻ, ചുരുളി, കീരിത്തോട് മേഖലകളിലെല്ലാം ഭീഷണിയുണ്ട്. പെരിയാർ തീരത്തെ വീടുകളിലും വെള്ളം കയറിത്തുടങ്ങി. എന്നാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ അപകടഭീതിയില്ല. ചെറുതോണിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിനു നിലവിൽ ഭീഷണിയില്ല. പുഴയിൽ മൂന്നടി വെള്ളം കൂടി ഉയർന്നാൽ ചെറുതോണിയിലെ പഴയ പാലത്തിനു ഒപ്പമാകും ജലനിരപ്പ്. 

തടിയമ്പാട് ചപ്പാത്ത് മുങ്ങി

ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായപ്പോൾ.
ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായപ്പോൾ.

തടിയമ്പാട് ചപ്പാത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാൽ മരിയാപുരം പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ളവർ ഒറ്റപ്പെട്ടു. ചപ്പാത്തിനു അക്കരെയുള്ളവർക്ക് ഇനി പുറം ലോകവുമായി ബന്ധപ്പടണമെങ്കിൽ ഏറെ ദൂരം ചുറ്റിക്കറങ്ങേണ്ടി വരും. അണക്കെട്ടിൽ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ വർധിപ്പിച്ചതോടെ തടിയമ്പാട് ചപ്പാത്തിലും പെരിയാർവാലി ചപ്പാത്തിലും വെള്ളം കയറി.

വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 13 വീടുകൾ പൂർണ്ണമായും, 147 വീടുകൾ ഭാഗീകമായും തകർന്നു. ഇടുക്കി വില്ലേജിൽ പെരിയാറിനു സമീപം താമസിക്കുന്ന 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 39 വീട്ടുകാർ ബന്ധുവീടുകളിലേക്കും. മൂന്നു വീട്ടുകാരെ സമീപത്തുള്ള അംഗൻവാടിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കിയതിനെത്തുടർന്നു വണ്ടിപ്പെരിയാർ വികാസ് നഗറിൽ വെള്ളം കയറിയ നിലയിൽ.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കിയതിനെത്തുടർന്നു വണ്ടിപ്പെരിയാർ വികാസ് നഗറിൽ വെള്ളം കയറിയ നിലയിൽ.

ഡാമുകളുടെ സംഭരണശേഷി പഴയതുതന്നെ

രാജകുമാരി ∙ അപ്രതീക്ഷിതമായി പെയ്ത മഴയിൽ സംസ്ഥാനത്ത് റെഡ് അലർട് പ്രഖ്യാപിച്ച കൂടുതൽ ഡാമുകളും ജില്ലയിലാണ്. മണലും ചെളിയും നിറഞ്ഞ് ഡാമുകളുടെ ജലസംഭരണ ശേഷി കുറഞ്ഞതാണ് പെട്ടെന്ന് നിറയാനുള്ള കാരണമെന്ന് അധികൃതരുടെ വാദം. ഡാമുകളിലെയും ജലാശയങ്ങളിലെയും മണൽ നീക്കാൻ നടപടിയുണ്ടാകാത്തത് പ്രളയ സമാന സാഹചര്യം സൃഷ്ടിച്ചതായി ദുരന്തനിവാരണ വിദഗ്ധരും പറയുന്നു. 2018, 2019 ലും‍ ജില്ലയിലെ പ്രധാന ഡാമുകളെല്ലാം വളരെ പെട്ടെന്ന് നിറഞ്ഞ് തുറക്കേണ്ടി വന്നതാണ് സമീപ ജില്ലകളിലുൾപ്പെടെ ദുരിതം വർധിപ്പിച്ചത്.

ഇത് മുന്നിൽ കണ്ട് ഡാമുകളിൽ അടിഞ്ഞ മണൽ നീക്കി സംഭരണ ശേഷി വർധിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബാത്തിമെട്രിക് സർവേ ആവശ്യമില്ലാത്ത നെടുങ്കണ്ടം കല്ലാർ ഡാമിൽ നിന്ന് മാത്രമാണ് ഇതു വരെ മണൽ നീക്കിയത്. നികുതിയേതര വരുമാനം ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലും ഇൗ സർക്കാരിന്റെ കഴിഞ്ഞ 2 ബജറ്റുകളിലും ഡാമുകളിൽ നിന്നും മണൽ നീക്കാനുള്ള പ്രഖ്യാപനമുണ്ടായിരുന്നു.

ഇതിനു മുന്നോടിയായി ഡാമുകളിലെ സംഭരണ ശേഷിയും മണലിന്റെ അളവും തിട്ടപ്പെടുത്തുന്നതിനായി പൊന്മുടി, കല്ലാർകുട്ടി, ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ബാത്തിമെട്രിക് സർവേ നടത്തുകയും ചെയ്തു. ഇടുക്കി പോലുള്ള വലിയ ഡാമുകളിൽ നാഷനൽ ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി സെൻട്രൽ വാട്ടർ കമ്മിഷനാണ് ബാത്തിമെട്രിക് സർവേ നടത്തേണ്ടത്. 

56 കുടുംബങ്ങളെ ഇന്നലെ മാറ്റി പാർപ്പിച്ചു

ഇടുക്കി, ഉപ്പുതോട്, വാത്തിക്കുടി, കഞ്ഞിക്കുഴി വില്ലേജുകളിൽ നിന്നായി 56 കുടുംബങ്ങളെ ഇന്നലെ മാറ്റി പാർപ്പിച്ചു. ഇടുക്കി വില്ലേജിലെ 41 കുടുംബങ്ങളും, ഉപ്പുതോട്ടിലെ 7 കുടുംബങ്ങളും, വാത്തിക്കുടിയിലെ 11 കുടുംബങ്ങളും, കൊന്നത്തടിയിലെ 7 കുടുംബങ്ങളും ഇതിൽ ഉൾപ്പെടും. ഇടുക്കിയിലെ 2 കുടുംബങ്ങളെ വാഴത്തോപ്പ് അങ്കണവാടിയിലേക്ക് മാറ്റിയപ്പോൾ ബാക്കി കുടുംബങ്ങൾ ബന്ധു വീടുകളി ലേക്കാണ് മാറിയത്. കഞ്ഞിക്കുഴി വില്ലേജിൽ പ്രളയ ബാധിത മേഖലയായ പെരിയാർവാലിയിൽ നിന്നും 11 കുടുംബങ്ങളെ നേരത്തേ തന്നെ ക്യാംപിലേക്ക് മാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com