ADVERTISEMENT

കനത്ത മഴ തുടരുന്ന മാട്ടുപ്പെട്ടിയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അണക്കെട്ട് തുറന്നു. ഇന്നലെ വൈകിട്ട് 4ന് 2ഷട്ടർ 40 സെന്റിമീറ്റർ വീതമാണു തുറന്നത്. 1599.60 മീറ്ററാണ് (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം) മാട്ടുപ്പെട്ടി ജലാശയത്തിലെ പരമാവധി സംഭരണശേഷി. ഇന്നലെ വൈകിട്ട് ജലനിരപ്പ് 1598 മീറ്ററിലെത്തിയതോടെയാണ് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പാലാറിലും മുതിരപ്പുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

മൂന്നാറിൽ കനത്ത മഴ തുടരുന്നു

കനത്ത മഴ തുടരുന്ന മൂന്നാറിൽ ഇന്നലെ പെയ്തത് 13 സെന്റിമീറ്റർ. ഇന്നലെ രാവിലെ എട്ടുമണി വരെയുള്ള 24 മണിക്കൂറിലാണ് ഇത്രയും മഴ രേഖപ്പെടുത്തിയത്. കുണ്ടളയിൽ ശനിയാഴ്ച പുലർച്ചെ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. മഴ തുടരുന്നത് മൂലം ഉരുൾ പൊട്ടിയ ഭാഗത്ത് മലവെള്ളം കുത്തിയൊലിച്ചെത്തുന്നത് റോഡിലെ മണ്ണും പാറകളും നീക്കാൻ തടസമായിട്ടുണ്ട്. കുണ്ടളയിൽ നിന്ന് സാൻഡോസ്, ചെണ്ടുവരൈ വഴി വട്ടവട ഭാഗത്തേക്ക്‌ കണ്ണൻ ദേവൻ കമ്പനിയുടെ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ഈ റോഡ് കമ്പനി തന്നെ അറ്റകുറ്റപ്പണികൾ നടത്തിയാണ് ചെറു വാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കിയത്. ഡീൻ കുര്യാക്കോസ് എംപി കുണ്ടളയിലെ ദുരന്തപ്രദേശം സന്ദർശിച്ചു. ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായ ഭാഗത്ത് പാറകളും മണ്ണും നീക്കം ചെയ്യാനുള്ള പണികൾ പുരോഗമിക്കുന്നു. മലമുകളിൽ നിന്ന് റോഡിലേക്ക് പതിച്ച കൂറ്റൻ പാറകൾ പൊട്ടിച്ചു മാറ്റുന്ന ജോലികളാണു നടക്കുന്നത്. ദേശീയപാത 85ൽ പള്ളിവാസൽ രണ്ടാംമൈലിനു സമീപം റോഡിലേക്ക് മരം വീണ് രണ്ടു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.

മൂന്നാറിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തടസ്സം നീക്കിയത്. മൂന്നാർ ലക്ഷംവീട് കോളനിയിൽ മണ്ണിടിച്ചിലിൽ ടൗണിലെ ഓട്ടോ ഡ്രൈവറായ മുനീശ്വരൻ, തയ്യൽക്കാരനായ അമൃതരാജ് എന്നിവരുടെ വീടുകൾക്കു കേടുപാടുണ്ടായി. ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ടൗണിൽ മാട്ടുപ്പെട്ടി റോഡിൽ ലോഡ്ജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കേടുപാടുകൾ പറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com