ADVERTISEMENT

രാജകുമാരി∙ പരിസ്ഥിതിലോല മേഖലയിൽനിന്ന് ജനവാസ മേഖല, കൃഷിയിടങ്ങൾ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബഫർ സോൺ അന്തിമ വിജ്ഞാപനം ഇറങ്ങിയ മതികെട്ടാൻചോലയുടെ കാര്യത്തിൽ സർക്കാർ നിലപാടിലുള്ള‍ അവ്യക്തത തുടരുന്നു. യാതൊരു പഠനവും നടത്താതെയാണ് മതികെട്ടാൻചോലയിൽ ബഫർ സോൺ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.

സംസ്ഥാനത്തെ മറ്റ് 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ജനവാസ മേഖലകൾ ബഫർ സോണിലുൾപ്പെടുത്തിയ അന്തിമ വിജ്ഞാപനം റദ്ദ് ചെയ്യാൻ‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മാത്രമേ കഴിയൂ.

ബഫർ സോൺ നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വരുന്നതിന് 5 മാസം മുൻപാണ് മതികെട്ടാൻചോലയിൽ ബഫർ സോൺ പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങിയത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ഇഎസ്‍സെഡ് പരിധി നിശ്ചയിക്കണമെന്ന 2019 ലെ മന്ത്രിസഭാ തീരുമാനവും സർക്കാർ നൽകിയ റിപ്പോർട്ടും മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ബഫർ സോൺ അന്തിമ വിജ്ഞാപനത്തിൽ നിർണായകമായെന്നാണ് വിവരം.

അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിന് 6 മാസം മുൻപ് കരട് വിജ്ഞാപനം ഇറങ്ങിയെങ്കിലും സംസ്ഥാന സർക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ ഭേദഗതി നിർദേശങ്ങൾ സമർപ്പിക്കുകയോ സമയ ബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. ബഫർ സോൺ അന്തിമ വിജ്ഞാപനം ഇറക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആണെങ്കിലും ഇതിന് മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കിയത് വനം വകുപ്പാണ്. ഉദ്യോഗസ്ഥർ തോന്നും പടി വനാതിർത്തി നിശ്ചയിച്ചതാണ് ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെടാൻ കാരണമെന്ന് ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com