രോഗിയായ അമ്മയെയും കൂട്ടി റോഡിലേക്കെത്തിയപ്പോഴേക്കും വീടു തകർത്തു ഉരുളെത്തി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്

തിങ്കൾ രാത്രി വെള്ളത്തൂവൽ ശല്യാംപാറയിലുണ്ടായ ഉരുൾപൊട്ടൽ.
തിങ്കൾ രാത്രി വെള്ളത്തൂവൽ ശല്യാംപാറയിലുണ്ടായ ഉരുൾപൊട്ടൽ.
SHARE

അടിമാലി∙ വെള്ളത്തൂവലിനു സമീപം ശല്യാംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും തകർന്നു. 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വള്ളിമഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീടാണ് പൂർണമായും തകർന്നത്. വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.

ഉരുൾപൊട്ടലിൽ തകർന്ന പങ്കജാക്ഷിയുടെ വീട്.
ഉരുൾപൊട്ടലിൽ തകർന്ന പങ്കജാക്ഷിയുടെ വീട്.

പങ്കജാക്ഷിയുടെ വീടിനു മുകളിലേക്ക് എന്തോ പതിക്കുന്ന ശബ്ദം കേട്ട് മക്കളായ ലിബിനും ബിബിനും ഉണർന്നപ്പോൾ മണ്ണും ചെളിയും വീട്ടിനുള്ളിലേക്കെത്തുന്നതാണ് കണ്ടത്. ഇതിനിടെ പങ്കജാക്ഷി കിടന്ന മുറിയുടെ ഭിത്തി ഇടിഞ്ഞു വീണു. ഇതോടെ രോഗിയായ അമ്മയെയും കൂട്ടി സമീപത്തുള്ള റോഡിലേക്കെത്തിയപ്പോഴേക്കും വീടിന്റെ ഒരു ഭാഗം തകർത്ത് ഉരുൾ 150 ഓളം മീറ്റർ ദൂരത്ത് ഇവർ നിന്നതിനു സമീപം പതിക്കുകയായിരുന്നു.

ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന രവീന്ദ്രന്റെ വീട്.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന രവീന്ദ്രന്റെ വീട്.

തലനാരിഴയ്ക്കാണു കുടുംബം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. കിടപ്പാടം ഉരുൾ എടുത്തതോടെ വെള്ളത്തൂവൽ ഗവ.സ്കൂളിൽ ആരംഭിച്ച ക്യാംപിലേക്ക് പങ്കജാക്ഷിയേയും കുടുംബാംഗങ്ങളെയും മാറ്റി പാർപ്പിക്കുന്നതിന് അധികൃതർ തീരുമാനിച്ചു. എന്നാൽ രോഗിയായ പങ്കജാക്ഷിക്ക് ക്യാംപിലെ താമസം ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിൽ വാർഡ് മെംബർ കെ.ബി.ജോൺസൺ സ്വന്തം വീട്ടിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കുകയായിരുന്നു. കുടുംബാംഗങ്ങൾ വീടുവിട്ടെങ്കിലും ഇവരുടെ വളർത്തു പൂച്ചയായ ‘സായിപ്പ്’തകർന്ന വീട്ടിൽനിന്ന് മാറാൻ കൂട്ടാക്കിയിട്ടില്ല.

കുന്നിന്റെ ചെരിവിലായിരുന്നു പങ്കജാക്ഷിയുടെ വീട്. ഇവിടെനിന്ന് 30 അടിയോളം മുകളിൽനിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. വീടിന് സമീപത്തേക്ക് എത്തിയ ഉരുൾ 2 വശങ്ങളിലുടെ ഒഴുകിയാണ് 100 മീറ്ററോളം ദൂരത്തുള്ള കല്ലാർകുട്ടി - വെള്ളത്തൂവൽ റോഡിൽ പതിച്ചത്. വെള്ളവും ചെളിയും ഉരുളൻ കല്ലുകളും വീടിന്റെ പിറകുവശത്തേക്ക് പതിച്ചാണ് രവീന്ദ്രന്റെ വീടിന് കേടുപാടുകൾ സംഭവിച്ചത്.

ഉരുൾപൊട്ടലിൽ ഒഴുകിപ്പോയത് 6 ഇരുചക്ര വാഹനങ്ങൾ

ഉരുൾപൊട്ടലുണ്ടായ മേഖലയിൽ റോഡിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക്, സ്കൂട്ടർ ഉൾപ്പെടെ 6 വാഹനങ്ങൾ ഉരുളിനൊപ്പം ഒലിച്ചു പോയി. ഇവ പിന്നീട് റോഡിലേക്ക് എത്തിയ മണ്ണ് നീക്കം ചെയ്തപ്പോൾ കണ്ടെത്തുകയായിരുന്നു. ഉരുൾപൊട്ടലിൽ കല്ലാർകുട്ടി - വെള്ളത്തൂവൽ റോഡിൽ തടസ്സപ്പെട്ട ഗതാഗതം ഇന്നലെ പുലർച്ചെ നാട്ടുകാരുടെ കൂട്ടായ്മയിൽ പുനഃസ്ഥാപിച്ചു.

എ.രാജ എംഎൽഎ, ദേവികുളം തഹസിൽദാർ കെ.എഫ്.യാസിർ ഖാൻ, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിന്ദു രാജേഷ്, വില്ലേജ് ഓഫിസർ കെ.ഡി.സിന്ധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അഖിൽ, അംഗങ്ങളായ കെ.ബി.ജോൺസൺ, എ.എൻ.സജികുമാർ, കെ.ആർ.ജയൻ, കെ.കെ.എബിൻ, റോയി പാലക്കൻ എന്നിവർ സന്ദർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}