ADVERTISEMENT

വരാനിരിക്കുന്നത് ഓണക്കാലം, ആഘോഷത്തിമിർപ്പിനൊപ്പം കേരളം കുടിച്ചുതീർത്ത മദ്യത്തിന്റെ കണക്കിൽ ഇത്തവണയും വർധയുണ്ടാകാനേ സാധ്യതയുള്ളൂ. കണക്കിൽപെടാത്ത വ്യാജമദ്യ വിൽപന എത്രത്തോളമുണ്ടെന്നു പക്ഷേ, ആർക്കും ഊഹിക്കാൻ പോലും സാധ്യമല്ല. ഇടുക്കിയുടെ ഭൂപ്രകൃതിയിലെ പ്രത്യേകതകൾ മൂലം സർക്കാർ മദ്യശാലകളിലേക്കുള്ള ദൂരമാണ് വ്യാജനു വളമാവുന്നത്. 

ആളെ മയക്കാൻ കൊമ്പനും മറ്റുള്ളവരും

സർക്കാർ മദ്യ വിൽപന ശാലയിൽനിന്ന് ലഭിക്കുന്ന മദ്യത്തെ വെല്ലുന്ന വ്യാജനാണു മാങ്കുളത്ത് ലഭിക്കുന്നത്. രാജാക്കാട് മേഖലയിൽനിന്നാണു കളർ ചേർത്ത വ്യാജൻ വരുന്നത്. കൊമ്പൻ എന്ന ലേബൽ പതിച്ച അര ലീറ്റർ മദ്യത്തിന് 600 രൂപയാണ് വില.  50 രൂപ വാഹനക്കൂലിയും നൽകിയാൽ ഏതു ദിവസവും മദ്യം ലഭിക്കും. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ പേരുകളിൽ വ്യാജമദ്യവും വാറ്റുചാരായവും ഒഴുകുകയാണ്. 

ബവ്റിജസിൽ നിന്ന് വാങ്ങി ചില്ലറ വിൽപന

ബവ്‌റിജസ് കോർപറേഷന്റെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽനിന്ന് മദ്യം വൻതോതിൽ വാങ്ങിക്കൂട്ടി ഗ്രാമീണ മേഖലകളിൽ എത്തിച്ച് കൂടിയ തുകയ്ക്ക് വിൽക്കുന്നവരും ഏറെയാണ്. ഇത്തരത്തിൽ ഓട്ടോറിക്ഷകളിലും മറ്റും മദ്യം വാങ്ങിക്കൊണ്ടു പോകുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വില കുറഞ്ഞതും വീര്യം കൂടിയതുമായ മദ്യത്തിന് ആവശ്യക്കാർ ഏറെയുള്ളത് മനസ്സിലാക്കിയാണ് ഇത്തരക്കാരുടെ വിൽപന.

വില കുറഞ്ഞ മദ്യത്തിന് ആവശ്യക്കാർ ഏറെയാണെങ്കിലും ഭൂരിഭാഗം സമയങ്ങളിലും ഈ ബ്രാൻഡുകളിലുള്ള മദ്യം ബവ്‌റിജസ് ഷോപ്പുകളിൽ സ്‌റ്റോക്ക് ഇല്ലെന്ന കാരണത്താൽ ലഭിക്കാത്ത സാഹചര്യമുണ്ടെന്നാണ് ഉപയോക്താക്കളുടെ പരാതി. എന്നാൽ അനധികൃത കച്ചവടം നടത്തുന്നവരുടെ പക്കൽ ഇവ സുലഭമാണ്. 

മൂന്നാർ, വ്യാജ മദ്യലോബിയുടെ താവളം

ജില്ലയിൽ വ്യാജമദ്യ ലോബി ഏറ്റവും ശക്തമായിട്ടുള്ളതു മൂന്നാർ തോട്ടം, അതിർത്തി മേഖലകളിലാണ്. വൻതോതിൽ സ്പിരിറ്റ്‌ എത്തിച്ച് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചു നിറം ചേർത്ത് വിദേശമദ്യമെന്ന ലേബലിലാണ് ഇവിടെ വിൽപന. സ്പിരിറ്റിൽ രാസവസ്തുക്കൾ കലർത്തി നിറമുള്ളതാക്കി കുപ്പികളിലാക്കി വ്യാജ ലേബലും പതിക്കുന്നു. തേയിലത്തോട്ടങ്ങളിൽ ഒട്ടേറെ വ്യാജമദ്യ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നയമക്കാട്, എല്ലപ്പെട്ടി, കുണ്ടള, ചെണ്ടുവരൈ എസ്റ്റേറ്റുകളിലാണു വ്യാജമദ്യ മാഫിയയുടെ പ്രധാന താവളങ്ങളും വിൽപനകേന്ദ്രങ്ങളും. തോട്ടം മേഖലയിലെ വ്യാജമദ്യ മാഫിയ സംഘത്തിന്റെ തലവനെന്ന് അറിയപ്പെടുന്ന നയമക്കാട് പ്രഭാകരന്റെ വീട്ടിൽനിന്ന് ഒരു മാസം മുൻപ് വൻതോതിൽ സ്പിരിറ്റും വ്യാജമദ്യം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കളും പിടികൂടിയിരുന്നു.

തേയിലത്തോട്ടങ്ങളിൽ വിപുലമായ വിൽപന ശ്യംഖലയാണ് ഈ സംഘത്തിനുള്ളത്. തോട്ടം തൊഴിലാളികൾക്ക് മദ്യം കടമായി നൽകിയ ശേഷം ശമ്പളം ദിവസം വീടുകയറി പിരിവ് നടത്തുകയാണ് സംഘത്തിന്റെ രീതി. തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജമദ്യമുണ്ടാക്കുന്ന രഹസ്യ ബോട്ട്ലിങ് യൂണിറ്റുകളുടെ പ്രവർത്തനം.

വ്യാജമദ്യ വിൽപന കുലത്തൊഴിൽ

വ്യാജമദ്യ വിൽപന പാരമ്പരാഗത തൊഴിലാക്കിയ കുടുംബങ്ങളും തോട്ടം മേഖലയിലുണ്ട്. ഇതിൽനിന്ന് ലഭിക്കുന്ന അമിത ലാഭമാണ് കുലത്തൊഴിൽ പോലെ ഇതു തുടരാൻ ഇവർക്ക് പ്രചോദനമാകുന്നത്. എല്ലപ്പെട്ടിയിൽ ഒരു കുടുംബത്തിലെ വിവാഹം കഴിച്ചു വിട്ടവരുൾപ്പെടെ മുഴുവൻ പേരും വർഷങ്ങളായി വ്യാജമദ്യ വിൽപന നടത്തിവരുന്നു. പലതവണ പിടിക്കപ്പെട്ടിട്ടും കച്ചവടം ഉപേക്ഷിക്കാൻ തയാറാവാത്തതിന്റെ കാരണവും ഇതിൽ നിന്നുള്ള വൻ ലാഭമാണ്.

ഇവിടെയെന്ത് ഡ്രൈ ഡേ

ഹൈറേഞ്ചിൽ പലയിടത്തും ഡ്രൈ ഡേകളിലും മദ്യം സുലഭമാണ്. ബവ്റിജസ് ഔട്‌ലെറ്റുകളോടു ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടകൾ കേന്ദ്രീകരിച്ചാണ് സമാന്തര മദ്യ വിൽപന കൂടുതലും. ഹൈറേഞ്ചിലെ ഒരു പ്രധാന പട്ടണത്തിലെ ബവ്റിജസ് ഔട്‌ലെറ്റിന് സമീപം പ്രവർത്തിക്കുന്ന ഒന്നിലധികം സമാന്തര ബാറുകൾക്കെതിരെ നാട്ടുകാർ എക്സൈസ് മന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ജില്ലയിലെ ഒരു ജനപ്രതിനിധിയുടെ അടുത്ത ആളുകളാണ് ഇവിടെ കടകൾ നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ കടയുടമകൾ വിവരം അറിഞ്ഞ് കടയിലുള്ള മദ്യം മാറ്റുകയാണ് പതിവ്. നെടുങ്കണ്ടം, മാവടി, മഞ്ഞപ്പാറ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മദ്യഷോപ്പുകളുണ്ടെന്നു പരാതിയുണ്ട്. ബവ്റിജസിൽ നിന്നെത്തിക്കുന്നതെന്ന് പറഞ്ഞാണ് വിൽപന. കുപ്പി പൊട്ടിച്ച് ഊറ്റി നൽകുന്ന മദ്യത്തിന് 200 രൂപയാണ് ഈടാക്കുന്നത്. ‌

ചായക്കടയിലെ സ്പിരിറ്റ് വേട്ട; അന്വേഷണം പാതിവഴിയിൽ

നെടുങ്കണ്ടത്ത് ചായക്കടയുടെ മറവിൽ സ്പിരിറ്റെത്തിച്ച് വ്യാജമദ്യ നിർമാണം നടത്തിയ കേസിന്റെ അന്വേഷണം മരവിച്ചു. 319 ലീറ്റർ സ്പിരിറ്റ് എത്തിച്ചതിനെ കുറിച്ചും അന്വേഷണമില്ല. ഉന്നത രാഷ്ട്രീയ സമ്മർദമാണ് അന്വേഷണം തടസ്സപ്പെടുത്തിയതെന്ന് ആരോപണം. കേസിൽ പിടികൂടിയ പ്രതികളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് എക്സൈസ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കൂടുതൽ അറസ്റ്റിന് നീക്കം നടത്തിയെങ്കിലും ബാഹ്യസമ്മർദങ്ങളെ തുടർന്ന് അതും നടന്നില്ല. എന്നാൽ കേസുമായി ബന്ധമുള്ള ഒരാൾക്കായി ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഉടുമ്പൻചോല എക്സൈസ് നൽകുന്ന വിശദീകരണം. എക്സൈസ് അടിമാലി നർകോട്ടിക് സ്ക്വാ‍‍ഡാണ് എഴുകുംവയലിൽ റെയ്ഡ് നടത്തിയത്. ഇതിനു ശേഷമാണ് നെടുങ്കണ്ടം എക്സൈസ് അധികൃതർ സംഭവം അറിഞ്ഞത്.

നെടുങ്കണ്ടം എക്സൈസിന് അടിമാലി എക്സൈസ് നർകോട്ടിക് വിഭാഗം കേസ് കൈമാറിയെങ്കിലും തുടരന്വേഷണം വഴിമുട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതികളെ ഉടുമ്പൻചോല എക്സൈസ് കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ എടുത്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും പ്രതികളിൽ‌ നിന്നു ലഭിച്ചില്ലെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com