ADVERTISEMENT

രാജകുമാരി∙ ഭക്ഷ്യമന്ത്രിയോടും വനംമന്ത്രിയോടും ആനയിറങ്കലിലെ നൂറ്റിയെൺപതോളം കുടുംബങ്ങൾക്കു പറയാനുള്ളത് ഒരു കാര്യം മാത്രം– ആനയ്ക്കുള്ള ഭക്ഷണം നൽകാൻ വനം വകുപ്പ് സ്വന്തമായി റേഷൻകട തുടങ്ങണം. തങ്ങൾക്കുള്ള റേഷൻ മുടക്കമില്ലാതെ നൽകാൻ ഭക്ഷ്യ വകുപ്പ് അടച്ചുറപ്പുള്ള റേഷൻകട നിർമിച്ചു നൽകണം. കഴിഞ്ഞ ദിവസം പുലർച്ചെ 3ന് അരിക്കൊമ്പ‌ൻ എന്ന ഒറ്റയാൻ ആനയിറങ്കലിലെ റേഷൻകടയുടെ ഷട്ടറും മേൽക്കൂരയും തകർത്ത് 100 പാക്കറ്റ് ആട്ടയും 50 കിലോഗ്രാം അരിയും അകത്താക്കി. ഇതോടെ നാട്ടുകാർക്കുള്ള റേഷൻ വിതരണം അവതാളത്തിലായി.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് ഇൗ റേഷൻകട പൊളിച്ച് ഒറ്റയാൻ അരിയും ഭക്ഷ്യവസ്തുക്കളും തിന്നുന്നത്. ഒരാഴ്ച മുൻപ് റേഷൻകടയുടെ മേൽക്കൂര പൊളിച്ച് 50 കിലോഗ്രാം വീതം തൂക്കമുള്ള 3 ചാക്ക് അരിയാണ് ഒറ്റയാൻ അകത്താക്കിയത്. കഴിഞ്ഞ 7 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് കാട്ടാന റേഷൻകട തകർത്ത് ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നതെന്ന് കട നടത്തിപ്പുകാരനായ കുരുവിളാസിറ്റി ചാമക്കാലായിൽ അമീർ പറഞ്ഞു.

കഴിഞ്ഞ വർഷവും പല തവണ ഇൗ റേഷൻകടയ്ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. 200 കിലോഗ്രാം അരിയാണ് 2021ൽ അരിക്കൊമ്പൻ എടുത്തുകൊണ്ടു പോയത്. വീടുകളും കടകളും തകർന്ന് അരിയെടുത്തു തിന്നുന്നത് ശീലമാക്കിയതിനാലാണ് ഇൗ ഒറ്റയാന് അരിക്കൊമ്പനെന്ന പേരു വന്നത്. സ്ഥിരം ശല്യക്കാരനായ അരിക്കൊമ്പൻ ജനവാസ മേഖലകളിലിറങ്ങി നാട്ടുകാരെ ആക്രമിക്കുന്നതും പതിവാണ്.

വ്യാപക പരാതിയെത്തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെ.രാജുവിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആ ആനയെ മയക്കുവെടി വച്ച് തളച്ച് ഏതെങ്കിലും കാട്ടാന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനമെടുത്തിരുന്നു. 2018 ഒക്ടോബറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയെങ്കിലും ആർക്കും പിടികൊടുക്കാതെ ഇൗ ഒറ്റയാൻ നാട്ടുകാരുടെ കഞ്ഞികുടി മുട്ടിച്ചു നടക്കുകയാണ് ഇപ്പോഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com