ADVERTISEMENT

ഭൂപതിവു ചട്ടലംഘനത്തിന്റെ പേരിൽ നിർമാണനിരോധനം ഏർപ്പെടുത്തിയതു വനമേഖലകളോടു ചേർന്ന പ്രദേശങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈയിടെ, സംരക്ഷിത വനങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഏറ്റവുമധികം സംരക്ഷിത വനങ്ങളുള്ള ഇടുക്കിയിലും ഒപ്പം കോട്ടയത്തും കർഷകർക്ക് ഈ ഉത്തരവ് ഇരട്ടിപ്രഹരമാണ്.

കർഷകർ പ്രതീക്ഷിക്കുന്നതും സർക്കാർ ചെയ്യേണ്ടതും

ബഫർസോണിൽ നിന്നു ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ജൂൺ 3നു വന്ന സുപ്രീംകോടതി ഉത്തരവിനെ ഏതെങ്കിലും തരത്തിൽ മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ ഈ ഉത്തരവുകൊണ്ടു സാധിക്കില്ലെന്നും കർഷകർക്കു പ്രത്യേക പ്രയോജനം ഉണ്ടാകില്ലെന്നും നിയമവിദഗ്ധർ പറയുന്നു. 2019 ഒക്ടോബർ 23നു മന്ത്രിസഭ എടുത്ത തെറ്റായ തീരുമാനം തിരുത്തുക മാത്രമാണു പുതിയ ഉത്തരവിലൂടെ ചെയ്തത്. സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ റിവ്യു ഹർജി നൽകുന്നതിനു മുന്നോടിയായാണ് ഇത്. എന്നാൽ, പഴയ മന്ത്രിസഭാ തീരുമാനം റദ്ദു ചെയ്യാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. മന്ത്രിസഭാ തീരുമാനം നിലനിൽക്കുമ്പോൾ റിവ്യു ഹർജിയിൽ തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്. 

ബഫർ സോണിലുൾപ്പെടുന്ന ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും നിലവിലെ സാഹചര്യങ്ങളും സെൻട്രൽ എംപവർമെന്റ് കമ്മിറ്റിക്കു മുൻപാകെ അവതരിപ്പിക്കുകയാണു സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നു വിദഗ്ധർ പറയുന്നു. ബഫർസോൺ അന്തിമ വിജ്ഞാപനം ഇറങ്ങാത്ത 23 സംരക്ഷിത വനങ്ങളുടെയും അതിർത്തി പുനർനിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇൗ അധികാരം ഉപയോഗിച്ചു ബഫർസോൺ അതിർത്തി വനത്തിനകത്തു തന്നെ നിലനിർത്താനും സർക്കാരിനു കഴിയും.

കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഇനിയും വൈകരുത്

ബഫർസോണുകളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി നൽകിയ സമയപരിധി അടുത്ത മാസം അവസാനിക്കും. എന്നാൽ, വനം വകുപ്പ് ഇതുവരെ ഇൗ നടപടികളിലേക്കു കടന്നിട്ടില്ല. കെട്ടിടങ്ങൾ സംബന്ധിച്ചു വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞാൽ മാനദണ്ഡങ്ങളിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങളുടെ കണക്കെടുപ്പും സർവേയും വനം വകുപ്പിനെ മാത്രം ഏൽപിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്.‍ റവന്യു, കൃഷി വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കും പങ്കാളിത്തം നൽകണമെന്നാണ് ആവശ്യം.

ആകെ മൊത്തം കാടാണ്, പിന്നെന്ത് ബഫർസോൺ?

ആകെ വിസ്തൃതിയുടെ 50 ശതമാനത്തിൽ അധികവും വനപ്രദേശമുള്ള ഇടുക്കി ജില്ലയിൽ ബഫർസോണിന്റെ പേരിൽ വനവിസ്തൃതി കൂട്ടാനാണു നീക്കമെന്നാണു സാധാരണക്കാരുടെ ആശങ്ക. ജില്ലയുടെ വിസ്തൃതി 4358 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 4 ദേശീയോദ്യാനങ്ങളും 4 സംരക്ഷിത വന്യജീവി സങ്കേതങ്ങളുമുണ്ട്. കൂടാതെ ചെറുതും വലുതുമായ പത്തിലധികം ഡാമുകളും അതിന്റെ വൃഷ്ടി പ്രദേശങ്ങളും സംരക്ഷിത വനങ്ങൾക്കു സമാനമായ സ്ഥിതിയിലുള്ളതാണ്. തോട്ടം മേഖലയിലെ 70,000 ഏക്കറോളം ഭൂമി വൻകിട കമ്പനികളുടെ ഉടമസ്ഥതയിലുമാണ്. 

ചട്ട ഭേദഗതിയാണു പോംവഴി, സർക്കാരിനു മെല്ലെപ്പോക്ക്

ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പുതിയ കോടതി വിധികളും റവന്യു ഉത്തരവുകളും വരുമ്പോൾ ഇടി വെട്ടിയവനെ പാമ്പു കടിച്ചതു പോലെയാണ് ഇടുക്കിക്കാരുടെ അവസ്ഥ. ഭൂപതിവു ചട്ട ലംഘനം കണ്ടെത്തിയാൽ പട്ടയഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു കഴിഞ്ഞ മേയിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. സംസ്ഥാനം മുഴുവൻ ബാധകമാണെങ്കിലും ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതാണ് ഈ വിധി.‍ ചട്ട ലംഘനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുക മാത്രമാണു സർക്കാരിനു മുൻപിലുള്ള പോംവഴി. വർഷങ്ങളായിട്ടും ഇക്കാര്യത്തിൽ നടപടിയില്ല.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ ജില്ലാ ഭരണകൂടം കർഷക താൽപര്യങ്ങൾ പരിഗണിക്കാതെയാണു സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട് നൽകിയതെന്ന് കർഷകർക്കു പരാതിയുണ്ട്. ഏലം കുത്തകപ്പാട്ട ഭൂമിയിൽ (സിഎച്ച്ആർ) നിന്നു മരം മുറിക്കാൻ പാടില്ലെന്നും മുറിച്ചാൽ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്നും ഉണ്ടായ നഷ്ടം ഇൗടാക്കുമെന്നുമായിരുന്നു സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ടിലെ വിശദീകരണം. ഉടുമ്പൻചോല താലൂക്ക് പൂർണമായും ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകൾ ഭാഗികമായും സിഎച്ച്ആർ പരിധിയിൽ ഉൾപ്പെടുന്നതാണ്. 

സിഎച്ച്ആർ റിസർവ് വനമാണെന്നു കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവ് ഇറക്കുകയും വിവാദമായപ്പോൾ അതു പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാർ നൽകിയ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്,‍ സിഎച്ച്ആറിന്റെ നിയന്ത്രണം പൂർണമായും വനം വകുപ്പിനെ ഏൽപിക്കാനുള്ള ഗൂഢ നീക്കമാണെന്ന് ആരോപണമുണ്ട്. 

ബഫർസോൺ വന്നാൽ

 നിർമാണ പ്രവർത്തനങ്ങൾക്കു മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങേണ്ടിവരും.

 മരം മുറിക്കുന്നതിനു തടസ്സം ഉണ്ടാകും..

 മണ്ണ് ഇളക്കിയ കൃഷിക്കു നിയന്ത്രണം വരും.

 റോഡുകളുടെ നിർമാണം തടയും. വീതികൂട്ടൽ ഉൾപ്പെടെ പ്രതിസന്ധിയിലാകും.

 രാത്രികാല വാഹനയാത്രകൾ നിരോധനം വരും.

ക്വാറികൾ, ടവറുകൾ, ഡാമുകൾ എന്നിവയ്ക്കും നിയന്ത്രണം വരും.

കോട്ടയത്തും ആശങ്ക ഒഴിയുന്നില്ല

എരുമേലി പഞ്ചായത്തിലെ 2,500 ഹെക്ടറിലധികം ജനവാസ മേഖലകളെയാണു കോട്ടയം ജില്ലയിൽ ബഫർസോൺ ബാധിക്കുക. എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി, കണമല, ഉമിക്കുപ്പ എന്നീ വാർഡുകളിലാണിത്. ഇതിനോടു ചേർന്ന്, പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലെ നാറാണംതോട്, തുലാപ്പള്ളി, കിസുമം, അട്ടത്തോട് എന്നീ മേഖലകളെയും ബാധിക്കും. 

മുട്ടപ്പള്ളി, കണമല എരുത്വാപ്പുഴ, കാളകെട്ടി മേഖലകളിലുള്ളവർക്കും ആശങ്കയുണ്ട്.പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒരു കിലോമീറ്റർ അന്തരീക്ഷ ദൂരമാണ് ബഫർസോൺ മേഖലയായി കണക്കാക്കുന്നത്. എന്നാൽ ഇതു ഭൂമിയിലൂടെ കണക്കാക്കുമ്പോൾ വനത്തിനു സമീപം ജനവാസ മേഖല ഉൾപ്പെടെ 7 കിലോമീറ്റർ ദൂരം വരെ ബാധിക്കുമെന്നാണു നാട്ടുകാർ പറയുന്നത്.

ശബരിമല വനത്തിന്റെ ഭാഗമായ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ പെരുവന്താനം, കോട്ടയത്തെ കോരുത്തോട് പഞ്ചായത്തുകളിലും ഭീതി ഒഴിയുന്നില്ല. പെരുവന്താനം മ്ലാപ്പാറ വില്ലേജിലെ മൂഴിക്കൽ പ്രദേശം ബഫർസോണിൽ ഉൾപ്പെടും.കോരുത്തോട് പഞ്ചായത്തിലെ 4 വാർഡുകൾ, വണ്ടൻപതാൽ തേക്ക് പ്ലാന്റേഷന്റെ അതിർത്തിയിലുള്ള മുണ്ടക്കയം പഞ്ചായത്തിലെ ചില പ്രദേശങ്ങൾ എന്നിവയും ബഫർസോൺ പേടിയിലാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com