ADVERTISEMENT

തൊടുപുഴ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും സർക്കുലറിൽ ഉണ്ട്. നാളെമുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണു ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.

പതാക വിതരണോദ്ഘാടനം നടത്തി

‘ഹർ ഘർ തിരംഗ’ ക്യാംപെയ്നിനായി ജില്ലയിലെ കുടുംബശ്രീകൾ നിർമിക്കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. കുടുംബശ്രീ തയാറാക്കിയ പതാക വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. എഡിഎം ഷൈജു പി.ജേക്കബ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.വി.കുര്യാക്കോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ജി.അജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ.സതീഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ, കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദേശീയ പതാക ‘പുതച്ച്’ അണക്കെട്ടിലെ വെള്ളം

ചെറുതോണി∙ അണക്കെട്ടിൽ നിന്നൊഴുക്കുന്ന വെള്ളം ദേശീയ പതാക പുതച്ചതിനു പിന്നിലെ ആശയം വൈദ്യുതി വൈദ്യുതി വകുപ്പ് ജീവനക്കാരുടേത്. ബുധനാഴ്ച രാത്രിയോടെയാണ് ത്രിവർണ പതാക പുതച്ച് വെള്ളം ഒഴുകുന്ന കാഴ്ച ചെറുതോണി അണക്കെട്ടിൽനിന്നു ദൃശ്യമായത്. മനോഹര കാഴ്ച ശ്രദ്ധയിൽപെട്ടതോടെ ഇത് ക്യാമറയിലും ഫോണിലും ചിത്രീകരിച്ച് പലരും വാട്സാപ് സ്റ്റാറ്റസാക്കി. മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക് പേജിലും ദൃശ്യം ഇടം പിടിച്ചതോടെ സംഗതി വൈറലാകുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ എം.പി.സാജുവിന്റെ നേതൃത്വത്തിൽ ഇലക്ട്രിഷ്യൻ ലിജോ ജോസഫ്, കരാറുകാരൻ സിബി ആന്റണി എന്നിവർ ചേർന്നാണ് ഒഴുക്കു വെള്ളത്തിനു ത്രിവർണ ചാരുത ചാർത്തിയത്. അണക്കെട്ടിന്റെ പാരപ്പറ്റിൽ പതിവായി തെളിക്കുന്ന ലൈറ്റുകളിൽ വർണ കടലാസുകൾ ചുറ്റിയാണ് ഇവർ ഇത് യാഥാർഥ്യമാക്കിയത്. നടുവിലെ മൂന്നു ഷട്ടറുകൾക്കു മുകളിലുള്ള ലൈറ്റുകൾക്കു മാത്രമാണ് നിറം നൽകിയത്. വർണ കടലാസ് വാങ്ങിയ നിസ്സാര തുക മാത്രമേ ഇതിനു വേണ്ടി വന്നുള്ളൂ എന്ന് ജീവനക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com