ADVERTISEMENT

നെടുങ്കണ്ടം∙ വീട്ടിൽ ആരുമില്ലാത്തപ്പോൾ ആടിന് പ്രസവവേദന. സുരക്ഷിതമായി ആട്ടിൻകുട്ടികളെ പുറത്തെടുത്ത് വിദ്യാർഥിനികൾ. പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നാദിർഷാൻ, ബദ്റുന്നിസ ദമ്പതികളുടെ മക്കളായ ജുമാനയും അമാനയും ചേർന്നാണ് ആട്ടിൻകുട്ടികളെ പുറത്തെടുത്തത്. ബദ്റുന്നിസ ഭർത്താവ് നാദിർഷാനൊപ്പം ചികിത്സയ്ക്കായി പുറത്തുപോയ സമയത്താണ് വീട്ടിലെ വളർത്താടിന്റെ കരച്ചിൽ കേട്ടത്. കരച്ചിൽ കേട്ട് ജുമാന ഓടി ആട്ടിൻകൂട്ടിൽ എത്തി. അപ്പോൾ പാതി പുറത്തുവന്ന നിലയിലായിരുന്നു ആട്ടിൻകുട്ടി.

ഒരു വിധത്തിൽ ആട്ടിൻകുട്ടിയെ പുറത്തെടുത്ത് വീടിനുള്ളിലെത്തിച്ചു. തുണിയെടുത്ത് ആട്ടിൻകുട്ടിയുടെ വായും മുഖവുമെക്കെ വൃത്തിയാക്കിയിട്ടും ആട്ടിൻകുട്ടിയുടെ ശ്വാസം മുട്ടൽ മാറിയില്ല. തുടർന്ന് ഇരുവരും ചേർന്നു ശ്വാസം തടസ്സം മാറ്റാൻ ശ്രമം തുടർന്നു. തലകീഴായും കാലും കയ്യുമൊക്കെ വലിച്ചു നോക്കി. ഇതിനിടെ വീണ്ടും ആട്ടിൻകൂട്ടിൽ നിന്നു കരച്ചിൽ കേട്ടു. ജുമാന അമാനയെ കൂട്ടിനകത്തേക്കു പറഞ്ഞയച്ചു. അങ്ങനെ രണ്ടാമത്തെ ആട്ടിൻകുട്ടിയെയും പുറത്തേക്കെടുത്തു.

വീട്ടിനുള്ളിലെത്തിച്ചു പരിചരണം നൽകി. ഇളയ സഹോദരി രണ്ടര വയസ്സുകാരി ആഫിയയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇതിനിടെ ആദ്യമുണ്ടായ ആട്ടിൻ കുഞ്ഞിന്റെ അസ്വസ്ഥതകൾ മാറി. തള്ളയാടിന്റെ അടുത്തെത്തിച്ച് കുഞ്ഞാടുകൾക്കു പാലും നൽകി. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ നടന്ന സംഭവം അറിഞ്ഞത്. ആട് പ്രസവിക്കുമെന്നു കണക്കു കൂട്ടിയിരുന്നെങ്കിലും പെട്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ജുമാനയും അമാനയും ചോറ്റുപാറ ഗവ ഹൈസ്കൂളിലെ വിദ്യാർഥിനികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com