ADVERTISEMENT

നെടുങ്കണ്ടം ∙ പ്ലസ് ടു പൂർത്തീകരിച്ച വിഷ്ണുപ്രിയൻ എന്ന 17 കാരൻ ലോട്ടറി വിൽപനയ്ക്കിറങ്ങിയത് ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ വേറെ വഴിയൊന്നുമില്ലാതെയാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ നൽകുന്ന സഹായം വലിയൊരു താങ്ങാകുന്നു. കനത്ത മഴയിൽ  നനഞ്ഞ വസ്ത്രങ്ങളുമായാണ് ലോട്ടറി വിൽക്കാൻ വിഷ്ണു പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമെത്തിയത്. ഇതിനു ശേഷം വിഷ്ണു ലോട്ടറിയുമായി എത്തുമ്പോൾ സഹായിക്കാൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൂട്ടായി നിൽക്കുന്നത് പതിവു കാഴ്ച.

വിഷ്ണുവിന്റെ ലോട്ടറികൾ ഒന്നാകെയെടുത്ത് സഹപ്രവർത്തകരെ കൊണ്ട് നിർബന്ധിച്ച് വാങ്ങിപ്പിക്കുന്ന പൊലീസുകാർ പോലുമുണ്ട് ഈ സ്റ്റേഷനിൽ. സിഐ ബി.എസ്.ബിനുവിന്റെ ഡ്രൈവർ സഞ്ജുവും വനിതാ പൊലീസുകാരുമടക്കം വിഷ്ണുവിനെ ലോട്ടറിയെടുത്ത് സഹായിക്കും. തുടർ വിദ്യാഭ്യാസത്തിന് വലിയ തുക ആവശ്യമായി വരുമെന്ന തിരിച്ചറിവിലാണ് വിഷ്ണു ലോട്ടറി വിൽപനയിലേക്ക് തിരഞ്ഞത്.

രാവിലെ 6ന് ഇറങ്ങും. സന്ധ്യയാകുന്നതിനു മുൻപേ വീട്ടിലെത്തും. മുത്തശ്ശിക്ക് ഒരു കൂട്ടായാണ് നെടുങ്കണ്ടത്ത് എത്തിയത്. പിതാവ് ബാൽരാജ് ഡ്രൈവറാണ്. മാതാവ് ശ്രീരഞ്ജിനി കൂലിവേല ചെയ്യുന്നു. സ്വന്തമായുണ്ടായിരുന്ന വാഹനം വിറ്റതോടെ ബാൽരാജ് കൂലിയ്ക്ക് വണ്ടിയോടിക്കാൻ തുടങ്ങി. എല്ലാ ദിവസവും ഓട്ടം ഇല്ലാതായതോടെ വരുമാനം തീരെ കുറഞ്ഞു.

തന്റെയും സഹോദരി സ്വാതിയുടേയും പഠന ചെലവുകൾ മാതാപിതാക്കൾക്കു താങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ചെറിയ വരുമാനം തേടി വിഷ്ണു ലോട്ടറി വിൽക്കാനിറങ്ങിയത്. ദിവസവും 60 മുതൽ 150 ലോട്ടറി വരെ വിൽക്കും. അധ്യയനവർഷം ആരംഭിക്കുമ്പോൾ മികച്ച കോളജിൽ നല്ലൊരു കോഴ്‌സിന് ചേർന്ന് പഠിക്കണമെന്നാണ് വിഷ്ണു പ്രിയന്റെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com