ADVERTISEMENT

നെടുങ്കണ്ടം∙ ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം, യുവാവിന് നഷ്ടം 5100 രൂപ. കൂടെ ദേഹമാസകലം പരുക്കും. നെടുങ്കണ്ടത്തെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുന്ന തൂക്കുപാലം മാക്കുളത്ത് ജോസ്കോയ്ക്കാണ് ആലപ്പുഴ മധുര ദേശീയപാതയുടെ ഭാഗമായ തൂക്കുപാലം - താന്നീമൂട്- നെടുങ്കണ്ടം റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റത്. 3 ദിവസത്തെ വേതനവും ആശുപത്രിച്ചെലവും സ്കൂട്ടിയുടെ അറ്റകുറ്റപ്പണിയുമടക്കമാണ് 5100 രൂപ ചെലവായത്. തിങ്കളാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലിക്കു പോകാൻ കഴിഞ്ഞില്ല. ദിവസം വേതനം 700 രൂപ വീതം 3 ദിവസത്തെ നഷ്ടമായി. നെഞ്ചിന്റെ എക്സറേ എടുത്തതടക്കം 1000 രൂപ ചെലവായി. സ്കൂട്ടി നന്നാക്കിയെടുക്കാൻ 2000 രൂപയാകുമെന്നാണ് വർക്‌ഷോപ്പുകാർ പറഞ്ഞത്. തിങ്കളാഴ്ച ഹോട്ടലിലെ ജോലിക്കുശേഷം സുഹൃത്തിനെ സഹോദരന്റെ വിവാഹം ക്ഷണിക്കാനായി പോയി. ഈ മാസം 27നാണ് സഹോദരന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെ വിവാഹത്തിന് ക്ഷണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുണ്ടിയെരുമയ്ക്കു സമീപം സ്കൂട്ടി ഗട്ടറിൽ പതിച്ചത്.

ഗട്ടറിലെ വെള്ളക്കെട്ട് കാരണം കുഴിയുടെ വലുപ്പം മനസ്സിലാക്കാൻ കഴിഞ്ഞില്ല. സ്കൂട്ടിയിൽനിന്നു റോഡിലേക്കു തെറിച്ചുവീണ ജോസ്കോ ബോധരഹിതനായി. മഴ പെയ്തപ്പോഴാണ് കണ്ണ് തുറന്നത്. ഒരു വശത്ത് സ്കൂട്ടി സ്റ്റാർട്ട് ചെയ്ത നിലയിൽ അങ്ങനെ കിടക്കുന്നു. ഇതിനിടെ രണ്ടു കാറുകാർ വന്ന് നോക്കിയിട്ടു പോയി. ഒരു ഓട്ടോറിക്ഷ വന്ന് നിർത്തിയശേഷം അതും കടന്നുപോയി. ആരും സഹായിക്കാനെത്തിയില്ല.

കാൽമുട്ടെല്ലാം പൊട്ടി ചോരയൊഴുകി. ദേഹമാസകലം വേദനയും. പിന്നെ സ്വന്തമായി എഴുന്നേറ്റ് ഒരു വിധത്തിലാണ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. 3 ദിവസം വീട്ടിൽ വിശ്രമമായിരുന്നു. നെഞ്ചിനും മുട്ടിനും കടുത്ത വേദനയുണ്ട്. നെഞ്ചിന്റെ വേദന കുറയാത്തതിനാൽ ഒന്നുകൂടി ആശുപത്രിയിൽ പോകണം. ഇന്നലെ മുതൽ ജോസ്കോ വീണ്ടും ജോലിക്കെത്തി തുടങ്ങി. ഉപജീവന മാർഗം മുടങ്ങരുതല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com