ADVERTISEMENT

ചെറുതോണി∙ പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം പൊലീസിനെയും അഗ്നിരക്ഷാസേനയെയും വനം വകുപ്പിനെയും വട്ടം ചുറ്റിച്ചത് മൂന്നു മണിക്കൂർ. ചുരുളി ആൽപാറ സ്വദേശിയായ യുവാവാണു സന്ദേശമയച്ചത്. രാത്രിയിൽ മലമുകളിൽനിന്നു ടോർച്ചിന്റെ പ്രകാശം കണ്ടെന്നും ആരോ മേടിനു മുകളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം.

തുടർന്ന് കഞ്ഞിക്കുഴി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാൽക്കുളം മേടിന്റെ താഴ്‌വാരത്തുള്ള ആൽപാറയിൽ എത്തി പരിശോധിച്ചപ്പോൾ മലയ്ക്കു മുകളിൽ കൊടിയോടു സാദൃശ്യമുള്ള എന്തോ കുടുങ്ങി കിടപ്പുണ്ടെന്നു കണ്ടെത്തി. ഇക്കാര്യം നഗരംപാറ റേഞ്ച് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ വനപാലകരും താൽക്കാലിക വാച്ചർമാരും അടങ്ങുന്ന സംഘം ആൽപാറയിൽ എത്തി. എന്നാൽ പരിസരവാസികളോട് വിവരം തിരക്കുകയും മലയടിവാരത്തു നിന്നു നിരീക്ഷണം നടത്തുകയും ചെയ്തിട്ടും കുടുങ്ങിക്കിടക്കുന്നത് എന്താണെന്ന് വ്യക്തമായില്ല. 

തുടർന്ന് മഴ പെയ്തു പായൽ പിടിച്ചു വഴുക്കനായ കുത്തനെയുള്ള മലമുകളിലേക്ക് കയറുന്നതിനു തന്നെ സംഘം തീരുമാനിച്ചു. ഈ സമയം പൊലീസും ഫയർഫോഴ്സും മലയടിവാരത്തിൽ കാത്തുനിന്നു. ഒന്നര മണിക്കൂറോളം പണിപ്പെട്ട് ‘ആൾ കുടുങ്ങി കിടക്കുന്ന’ സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുട്ടികളുടെ കളിപ്പാട്ടമായിരുന്ന ടെഡി ബെയറിനെ ആയിരുന്നു. ഉത്സവ പറമ്പിൽനിന്നു വാങ്ങാൻ കിട്ടുന്ന ഹൈഡ്രജൻ നിറച്ച കരടിക്കുട്ടൻ ഏതോ കുട്ടിയുടെ കയ്യിൽനിന്നു വഴുതി മലമുകളിൽ എത്തിയതാമെന്നു കരുതുന്നു. യുവാവിനെതിരെ കേസ് എടുക്കുമെന്ന് വനപാലകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com