ADVERTISEMENT

ചെറുതോണി ∙ ഭാരതമെന്ന സങ്കൽപം ഉയർത്തിപ്പിടിച്ച് മതനിരപേക്ഷ കാഴ്ചപ്പാടിന് ഊന്നൽ നൽകി മുന്നേറണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ശക്തികൾക്കെതിരെയും ജാതി, മത, വർഗ, വർണ വിവേചനങ്ങൾക്കെതിരെയും ജീവൻ നൽകി പോരാടാൻ ഓരോരുത്തരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്ന 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

ചടങ്ങിൽ മന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് പരിശോധിച്ചു അഭിവാദ്യം നൽകി.കോവിഡ് മൂലം 2 വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങളെ പങ്കെടുപ്പിച്ചു വിപുലമായാണ് ഇത്തവണ ചടങ്ങുകൾ സംഘടിപ്പിച്ചത്. പരേഡ് കമാൻഡർ കുമളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ പരേഡിൽ എസ്പിസി ബാൻഡ്, പൊലീസ് ബാൻഡ് ഉൾപ്പെടെ 22 പ്ലറ്റൂണുകളാണ് അണിനിരന്നത്.

ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തുന്നു.
ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തുന്നു.

 

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി ഭാഗ്യശ്രീയുടെ നേതൃത്വത്തിലുള്ള സംഘം ദേശഭക്തി ഗാനത്തിനും, കുളമാവ് ജവാ‌ഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥി ആദിത്യ വി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയഗാനത്തിനും നേതൃത്വം നൽകി.പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് പ്ലറ്റൂണും എക്സൈസ് പ്ലറ്റൂണും ഒന്നാം സ്ഥാനം പങ്കിട്ടു. ആർഎസ്‌ഐ റോയ് തോമസ് ആയിരുന്നു പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് പ്ലറ്റൂണിന്റെ കമാൻഡർ. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ വി.പി. മനൂപ് എക്സൈസ് പ്ലറ്റൂണിന് നേതൃത്വം നൽകി.

 

ആർഎസ്‌ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബാൻഡ് ടീമും നങ്കിസിറ്റി എസ്എൻ എച്ച്എസിലെ അനാമിക സനോജിന്റെ നേതൃത്വത്തിലുള്ള എസ്പിസി ബാൻഡും പരേഡിന് താളലയമൊരുക്കി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്, എഡിഎം ഷൈജു പി. ജേക്കബ് തുടങ്ങിയവർ പരേഡിന് സാക്ഷ്യം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com