ഹരിത ട്രൈബ്യൂണലിൽ മന്ത്രി പി.പ്രസാദിന്റെ ഹർജി; ഇടുക്കി ജില്ലയിൽ പ്രതിഷേധം കടുക്കുന്നു

idukki-map
SHARE

തൊടുപുഴ ∙ ഇടുക്കിയിലെ ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രി പി.പ്രസാദ് ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജി സംബന്ധിച്ച് വീണ്ടും   വിവാദം പുകയുന്നു. മന്ത്രിക്കെതിരെ ബഹിഷ്കരണവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. മന്ത്രി ജില്ലയിലെത്തുന്ന 27ന് ദേവികുളം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് 2017ൽ  പി.പ്രസാദ് ഹരിത ട്രൈബ്യൂണലിൽ നൽകിയ പൊതുതാൽപര്യ ഹർജി പിൻവലിക്കാൻ സമ്മർദം ഏറിയതോടെ സിപിഐ ജില്ലാ, പ്രാദേശിക നേതൃത്വങ്ങൾ വെട്ടിലായി. 26 മുതൽ 29 വരെ അടിമാലിയിൽ‌ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ പി.പ്രസാദ് പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. 

മന്ത്രി ജില്ലയിലെത്തുമ്പോൾ പ്രതിഷേധമെന്ന നിലയിലാണ് 27 ന് അതിജീവന പോരാട്ട വേദി ദേവികുളം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകൾ അന്ന് കടകളടച്ച് പണിമുടക്കും ന‌ടത്തും. ഇതോടെ ഒന്നുകിൽ പി.പ്രസാദ് ഹർജി പിൻവലിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാതിരിക്കുകയോ ചെയ്യണമെന്ന് സിപിഐ നേതാക്കൾക്കിടയിലും അഭിപ്രായമുയർന്നു. മന്ത്രി ജില്ലയിലെത്തുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെയും തീരുമാനം. 

∙ മന്ത്രിക്കെതിരെ വ്യാപാരികൾ

ബഫർസോൺ, ഇഎസ്എ, വന്യമൃഗ ശല്യം തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി പി. പ്രസാദ് കൈ കൊണ്ടിട്ടുള്ള നിലപാട് പ്രതിഷേധാർഹമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. ജില്ലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിലപാട് തിരുത്താൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ അടിമാലിയിൽ മന്ത്രി എത്തുന്ന 27ന് ദേവികുളം താലൂക്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പണിമുടക്കുമെന്ന് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ തുടർപ്രക്ഷോഭം നടത്തുന്നതു സംബന്ധിച്ച് ആലോചിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത, സാമൂഹിക സംഘടനകളുടെയും സന്നദ്ധ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിമാലിയിൽ യോഗം ചേർന്നു. സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിങ് പ്രസിഡന്റ് കെ.ആർ.വിനോദ്, അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.എം.ബേബി, കെസിബിസി സംസ്ഥാന സെക്രട്ടറി ഫാ.ജേക്കബ് മാവുങ്കൽ, എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ, ജമാൽ മാനിക്കൽ, റസാഖ് ചൂരവേലിൽ എന്നിവർ പ്രസംഗിച്ചു

സിപിഐ മന്ത്രിയെ തള്ളി സിപിഎം 

സിപിഎം ജില്ലാ നേതൃത്വവും പി.പ്രസാദിനെ തള്ളി രംഗത്തെത്തിയതോടെ ഒരിടവേളയ്ക്കു ശേഷം സിപിഎം–സിപിഐ ഭിന്നത വീണ്ടും ശക്തമായി. പ്രസാദിന്റെ നിലപാടിനോട് ഒരു ശതമാനം പോലും യോജിപ്പില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് വ്യക്തമാക്കിയിരുന്നു. സിപിഎം സൈബറിടങ്ങളിലും പി.പ്രസാദിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ദേശീയോദ്യാനങ്ങൾക്ക് ചുറ്റും 10 കിലോമീറ്റർ ഇഎസ്ഐ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.പ്രസാദ് ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയതെന്ന് വിവിധ കർഷക സംഘടനകളും കോൺഗ്രസും ആരോപിക്കുന്നു. 

ഹരിത ട്രൈബ്യൂണലിലും തിരിച്ചടിയുണ്ടായാൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഇരട്ടിയാകും. എന്നാൽ പി.പ്രസാദിന്റെ പൊതു താൽപര്യ ഹർജി പിൻവലിച്ചതു കൊണ്ട് മാത്രം ഹരിത ട്രൈബ്യൂണലിൽ നിന്ന് കർഷകർക്ക് അനുകൂലമായ വിധിയുണ്ടാകാൻ സാധ്യതയില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഉൾപ്പെടെ മറ്റ് ചില സ്വകാര്യ വ്യക്തികളും പരിസ്ഥിതി സംഘടനകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA