മണ്ണിലും മനസ്സിലും പൊന്നിൻചിങ്ങം: അൻപതാം വാർഷികം ആഘോഷിച്ച കർഷകരെ പരിചയപ്പെടാം

ഉപ്പുതോട് കീരഞ്ചിറയിൽ  തോമസ് കൃഷിയിടത്തിൽ.
ഉപ്പുതോട് കീരഞ്ചിറയിൽ തോമസ് കൃഷിയിടത്തിൽ.
SHARE

ചെറുതോണി ∙ചിങ്ങം ഒന്നിന് മണ്ണിന്റെ മണമാണ്; ഞാറ്റുപാട്ടിന്റെ താളവും. പൊന്നിൻ ചിങ്ങമെത്തുന്നതോടെ മണ്ണിന്റെ മനസ്സറിയുന്ന കർഷകന്റെയുള്ളം നിറയും. പലതലമുറകളായി കർഷകന്റെ വിയർപ്പു വീണ് കുതിർന്ന മണ്ണാണ് ഇടുക്കിയുടേത്. ജില്ലാ രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിൽ ജീവിതത്തെ മണ്ണിനോടു ചേർത്തു നിർത്തിയതിന്റെ അൻപതാം വാർഷികം ആഘോഷിച്ച കർഷകരെ പരിചയപ്പെടാം.

 മണ്ണിലിന്നും മധുരപ്പതിനാറ്

പത്താം ക്ലാസിൽ പഠനം നിർത്തി മാതാപിതാക്കളുടെ കൈപിടിച്ച് കന്നിമണ്ണിലേക്ക് ഇറങ്ങുമ്പോൾ ഉപ്പുതോട് കീരഞ്ചിറയിൽ തോമസിനു (72) പ്രായം പതിനാറു തികഞ്ഞിട്ടില്ല. അന്ന് ഹൈറേഞ്ചിൽ കുടിയേറ്റം ശക്തിപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ.പകലന്തിയോളം പറമ്പിൽ തന്നെയായിരുന്നു ജീവിതം.  വീട്ടാവശ്യത്തിനുള്ള മരച്ചീനിയും നെല്ലും മാത്രം കൃഷി ചെയ്തിട്ട് ബാക്കി ഭൂമിയിൽ കുരുമുളകു കൃഷിയായിരുന്നു ചെയ്തിരുന്നത്. പറമ്പിൽ ഒഴിവുള്ള ഇടങ്ങളിൽ തെങ്ങും കമുകും നട്ടു പിടിപ്പിക്കും.

ഇപ്പോൾ കുരുമുളകിനു രോഗ, കീട ബാധകൾ പെരുകിയതോടെ വിളവ് നാലിലൊന്നായി.   പുരയിടത്തിൽ കുരുമുളകിന് ഒപ്പം ജാതിയും റബറുമെല്ലാം ഇടം പിടിച്ചു. പണിക്കാരെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാണ്. കൂലി, വളം, കീടനാശിനികൾ എന്നിവയ്ക്കുള്ള ചെലവും പതിന്മടങ്ങിലേറെയായി.  ഉൽപന്നങ്ങളുടെ വില അടിക്കടി താഴേക്കുമായി.  പുരയിടത്തിൽ ജോലിക്കാരെ നിയോഗിക്കുന്നത് അപൂർവമായി. എന്നാലും തോമസ് ഇപ്പോഴും തൂമ്പയുമായി പറമ്പിലേക്കിറങ്ങും മണ്ണിൽ കാലുകുത്തിയാൽ തനിക്കിപ്പോഴും പതിനാറാണ് പ്രായമെന്ന് മരിയപുരം പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ തോമസ് പറയുന്നു.

അക്കാമ്മ  വർഗീസ്
അക്കാമ്മ വർഗീസ്

മണ്ണിന്റെ മണമുള്ള അക്കാമ്മ

രാജാക്കാട്∙ ഭർത്താവ് വർഗീസ് മരിച്ചതോടെ പറക്കമുറ്റാത്ത 3 മക്കളെ പഠിപ്പിക്കാനും അല്ലലില്ലാതെ വളർത്താനും തൂമ്പയുമായി പാടത്തും പറമ്പിലും ഇറങ്ങിയതാണ് രാജാക്കാട് കന്യാക്കുഴിയിൽ അക്കാമ്മ. എഴുപത്തെട്ടാം വയസ്സിലും ആ കാർഷിക സപര്യയ്ക്ക് മുടക്കമില്ല. 7 പതിറ്റാണ്ട് മുൻപ് കോതമംഗലത്ത് നിന്ന് രാജകുമാരിയിലേക്ക് കുടിയേറിയതാണ് അക്കാമ്മയുടെ കുടുംബം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഇവിടെ ഏക്കർ കണക്കിന് ഭൂമി കൃഷിയോഗ്യമാക്കുമ്പോൾ അക്കാമ്മയുടെ പ്രായം രണ്ടക്കം കടന്നിട്ടില്ല. 1957ൽ ഇൗ ഭൂമിക്ക് പട്ടയം കിട്ടി. രാജകുമാരിയിൽ വച്ചാണ് രാജാക്കാട്ടിലെ കർഷക കുടുംബാംഗമായ വർഗീസിനെ വിവാഹം ചെയ്യത്.

തുടർന്ന് ഇരുവരും ചേർന്ന് രാജാക്കാട് അടിവാരത്തെ വീടിന് സമീപം ഒരേക്കറോളം പാടത്ത് മുടങ്ങാതെ നെൽക്കൃഷി ചെയ്തു. കൂടാതെ നാലേക്കറോളം സ്ഥലത്ത് കുരുമുളക്, കൊക്കോ, ഏലം എന്നിവയും കൃഷി ചെയ്തു.  തൊഴിലാളികളെ കിട്ടാത്തതും കനത്ത സാമ്പത്തിക നഷ്ടവും മൂലമാണ് 6 വർഷം മുൻപ് നെൽ കൃഷി നിർത്തിയത്. കൃഷി ചെയ്യാനും അധ്വാനിക്കാനും മനസ്സുള്ളത് കൊണ്ട് മാത്രമാണ് മക്കളെ‍ പഠിപ്പിക്കാനും 2 പെൺമക്കളെ നല്ല നിലയിൽ‌ വിവാഹം ചെയ്തയയ്ക്കാനും കഴിഞ്ഞതെന്ന് അക്കാമ്മ പറയുന്നു. 

പാപ്പൻ എലത്തോട്ടത്തിൽ.
പാപ്പൻ എലത്തോട്ടത്തിൽ.

 കർഷകരുടെ പാപ്പൻ

നെടുങ്കണ്ടം ∙ ആനയെ വിരട്ടിയോടിച്ച് കൃഷിയിറക്കിയ പള്ളിപ്പറമ്പിൽ പാപ്പന് (85) ഇന്നും വിശ്രമമില്ല. കമ്പംമെട്ട് അപ്പാപ്പിക്കടയിലാണ് പാപ്പന്റെ വീട്. പതിനേഴാം വയസ്സിൽ കോട്ടയം കാനം കങ്ങഴയിൽ നിന്നു കമ്പംമെട്ട് മേഖലയിലെത്തി. കോട്ടയത്തുണ്ടായിരുന്ന കൂട്ടുകാരെയും ഒപ്പം കൂട്ടി. കൃഷി തുടങ്ങി. ആദ്യം വന്യമൃഗശല്യം കാരണം കരിമ്പ് കൃഷി തുടങ്ങി. പിന്നാലെ വാഴ,കപ്പ കൃഷി ആരംഭിച്ചു. ഇവിടെ വന്ന കാലത്ത് ആന ഒട്ടേറെ പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന് പാപ്പൻ പറയുന്നു. 

ആനശല്യം കുറഞ്ഞതോടെ ഏലം, കാപ്പി, കുരുമുളക്, വാഴ കൃഷി ആരംഭിച്ചു. പാപ്പൻ‌ സമ്പൂർണമായ ജൈവ കൃഷിയാണ് അന്നും ഇന്നും പിന്തുടരുന്നത്. നൂറു മേനി വിളവുമുണ്ട്. ഒട്ടേറെ കർഷക അവാർഡുകളും ആദരവും പാപ്പനെ തേടിയെത്തി. പുത്തൻ തലമുറയ്ക്ക് കാർഷിക അറിവുകൾ പകരാൻ സഹായം തേടി പ‍ഞ്ചായത്തും കൃഷിഭവനുമെക്കെ പാപ്പന്റെ വീട്ടിലിപ്പോഴും ചെല്ലാറുണ്ട്.

ചെറിയാൻ മത്തായി  കൃഷിയിടത്തിൽ.
ചെറിയാൻ മത്തായി കൃഷിയിടത്തിൽ.

 7 പതിറ്റാണ്ടിന്റെ ഇഷ്ടം

തൊടുപുഴ ∙ 20 വയസ്സിൽ ഇറങ്ങിയതാണ് മത്തായി പറമ്പിലേക്ക്. 92–ാം വയസ്സിലും തിരികെക്കയറിയിട്ടില്ല ഈ സീനിയർ കർഷകൻ. വണ്ണപ്പുറം ഇടയത്ത് വീട്ടിൽ  ചെറിയാൻ മത്തായി 7 പതിറ്റാണ്ടായി ഇടുക്കിയുടെ കൃഷിക്കാരനാണ്. നെല്ല്, തെങ്ങ്, കമുക്, ജാതി, റംബുട്ടാൻ, റബർ എന്നിവയൊക്കെയാണ് ക‍ൃഷിയിടത്തിലുള്ളത്. 2 വർഷമായി അൽപം വല്ലായ്മ ഉണ്ടെങ്കിലും പറമ്പിലേക്കിറക്കം മുടക്കിയിട്ടില്ല.  കൃഷിക്കാരനായി തന്നെ ജീവിച്ചു തീർക്കണമെന്നാണ് ചെറിയാൻ മത്തായിയുടെ ആഗ്രഹവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA