ADVERTISEMENT

കാഞ്ചിയാർ∙ 4 വർഷമായി രണ്ടു പെൺകുട്ടികൾക്കൊപ്പം പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡിൽ കഴിയുന്ന കുടുംബത്തിന് ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം വീട് അനുവദിക്കാൻ നടപടിയില്ലെന്ന് പരാതി. കോഴിമല പാമ്പാടിക്കുഴി കുഴിക്കാട്ട് കെ.ആർ.റാണിമോളും കുടുംബവുമാണ് ദുരിത ജീവിതം നയിക്കുന്നത്. എസ്‌സി വിഭാഗത്തിൽപെട്ട റാണിമോൾ 34 വർഷമായി പാമ്പാടിക്കുഴിയിലാണ് താമസം. മുൻപ് പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നതെങ്കിലും ആ വീട് അപകടാവസ്ഥയിലായതോടെയാണ് ഷെഡിലേക്ക് മാറിയത്. പിതാവിന് വീട് അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം മരിച്ചതോടെ റാണി പുതുതായി അപേക്ഷ വയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതുപ്രകാരം അപേക്ഷ നൽകിയെങ്കിലും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. 

വൈദ്യുതിയോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതെ 7 സെന്റ് കൈവശഭൂമിയിലാണ് ഇവർ ദുരിത ജീവിതം നയിക്കുന്നത്. റാണിമോളും ഭർത്താവും കൂലിപ്പണിയെടുത്താണ് ജീവിതം തള്ളിനീക്കുന്നത്. ഇവരുടെ മൂത്തമകൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ടാമത്തെ പെൺകുട്ടിക്ക് 3 വയസ്സ് മാത്രമാണുള്ളത്.

കൂടുതൽ പരിഗണന അർഹിക്കുന്നവർക്ക് മുൻഗണന: പഞ്ചായത്തംഗം

കാഞ്ചിയാർ പഞ്ചായത്തിലെ രണ്ടാം വാർഡായ പാമ്പാടിക്കുഴിയിൽ റാണിമോളുടേത് ഉൾപ്പെടെ 5 കുടുംബങ്ങളാണ് ഷെഡിൽ കഴിയുന്നതെന്ന് പഞ്ചായത്തംഗം ലിനു ജോസ് പറഞ്ഞു. പഞ്ചായത്തിന്റെ മറ്റു വാർഡുകളിലും സമാന സാഹചര്യമുണ്ട്. അതിനാൽ ആളുകളുടെ ക്ലേശഘടകങ്ങൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചാണ് ലിസ്റ്റ് തയാറാക്കുന്നത്. വിധവകൾ, അവിവാഹിതരായ അമ്മമാർ, മാരക രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കൊക്കെ മുൻഗണനയുണ്ട്. അതിനുശേഷം പ്രായം അനുസരിച്ചാണ് ആളുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റാണിമോൾക്ക് 35 വയസ്സിൽ താഴെ പ്രായമായതിനാലാകാം ലിസ്റ്റിൽ പിന്നാക്കം പോയതെന്നും ലിനു ജോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com