ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നിലവിൽ മൊബൈൽ ഫോൺ സേവനം ലഭ്യമല്ലാത്ത ആദിവാസി മേഖല ഉൾപ്പെടെയുള്ള വിദൂര ഗ്രാമങ്ങളിൽ ബിഎസ്എൻഎലിന്റെ പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് അനുമതി  ആയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.   യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ (യുഎസ്ഒ) ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. 2020 മുതൽ യുഎസ്ഒ ഫണ്ടിന് വേണ്ടി ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് വരികയായിരുന്നു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 100 സ്ഥലങ്ങളിൽ സാങ്കേതിക സർവേ നടത്തിയാണ് ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നത്. ജില്ലാ വികസന കമ്മിഷണറുടെ മേൽനോട്ടത്തിലും പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെയുമാണ് ബിഎസ്എൻഎൽ സാങ്കേതിക വിഭാഗം സർവേ നടപടികൾ പൂർത്തിയാക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 

പൂർണമായും സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ കഴിയുന്നിടത്താണ് ടവറുകൾ സ്ഥാപിക്കുക. കേന്ദ്രനിർദേശ പ്രകാരം ഈ മാസം 31 ന് മുൻപായി സർവേ പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കും. തുടർന്നു വരുന്ന 500 ദിവസങ്ങൾക്കുള്ളിൽ ടവറുകൾ സ്ഥാപിച്ച് കണക്റ്റിവിറ്റി ലഭ്യമാക്കണമെന്നാണ് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ നിർദേശം.  മൈക്രോ ടവറുകൾ, നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കൽ, കൂടുതൽ ഫൈബർ ടു ഹോം സർവീസുകൾ, വൈഫൈ ഹോട്ട് സ്പോട്ടുകൾ എന്നിവയ്ക്കും പദ്ധതി തയാറാക്കിയിട്ടുണ്ട്. വൈദ്യുതി എത്താത്ത ഗ്രാമങ്ങളിൽ സോളർ ഊർജ സംവിധാനവും സ്ഥാപിക്കും. കേടായ ബാറ്ററി സംവിധാനങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

കഴിഞ്ഞ ദിവസം നടന്ന എറണാകുളം സർവീസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി ഇടുക്കി പാർലമെന്റ്  മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി എംപി അറിയിച്ചു. പ്രളയവും തുടർന്ന് കോവിഡും വ്യാപകമായ സാഹചര്യത്തിൽ കുട്ടികളുടെ പഠനവും ജനങ്ങളുടെ ദൈനംദിന ഇടപാടുകളും ഓൺലൈനായപ്പോൾ മുതൽ മുഖ്യസേവന ദാതാക്കളായ  ബിഎസ്എൻഎലിന്റെ പോരായ്മകൾ ജില്ലയിലെ പല സ്ഥലങ്ങളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫണ്ടിന്റെ  അപര്യാപ്തത തടസ്സങ്ങൾ സൃഷ്ടിച്ചു. എറണാകുളം ബിഎസ്എൻഎൽ. ഭവനിൽ നടന്ന ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ എംപിയോടൊപ്പം  ടെലികോം  കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിംകുട്ടി കല്ലാർ, ജോൺ നെടിയപാല, ഷാജി പൈനാടത്ത്, എബി ഏബ്രഹാം, ബിജോ മാണി  എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com