ADVERTISEMENT

മുട്ടം ∙ നിയന്ത്രണം വിട്ട ലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് നാമക്കൽ സ്വദേശി സെന്തിൽകുമാർ (50) ആണ് മരിച്ചത്. ക്ലീനർ അജയ് (21) ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. മുട്ടം പഞ്ചായത്ത് പടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഗുജറാത്തിലേക്ക് റബർ പാലുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. 98 വീപ്പകളിലായി 20 ടൺ പാലാണ് ലോറിയിൽ ഉണ്ടായിരുന്നത്.

തൊടുപുഴ മുട്ടം പഞ്ചായത്ത് പടിയിൽ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞുണ്ടായ അപകടം. വാഹനത്തിലുണ്ടായിരുന്ന അമോണിയം കലർന്ന റബർപാൽ വീപ്പകളാണു വീടിനു സമീപം ചിതറി കിടക്കുന്നത്.
തൊടുപുഴ മുട്ടം പഞ്ചായത്ത് പടിയിൽ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞുണ്ടായ അപകടം. വാഹനത്തിലുണ്ടായിരുന്ന അമോണിയം കലർന്ന റബർപാൽ വീപ്പകളാണു വീടിനു സമീപം ചിതറി കിടക്കുന്നത്.

ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നു ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മരുതുംകല്ലേൽ വിജയന്റെ വീട്ടുമുറ്റത്തേക്കാണു ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന പതിനഞ്ചോളം വീപ്പകൾ പൊട്ടി റബർ പാൽ ചോർന്നൊലിച്ചു. പാൽ കട്ടിയാകാതിരിക്കാൻ ചേർക്കുന്ന അമോണിയയുടെ രൂക്ഷഗന്ധം രക്ഷാപ്രവർത്തനം ദുർഘടമാക്കി. മാസ്ക് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ സ്ഥലത്തുനിന്നത്.

മുട്ടം പഞ്ചായത്ത് പടിയിൽ അപകടങ്ങൾ തുടർക്കഥ

മുട്ടം ∙ പഞ്ചായത്ത് പടിയിൽ അപകടങ്ങൾ പതിവാകുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഒരാൾ മരിച്ചതാണ് അവസാനമായി നടന്ന അപകടം. ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ പഞ്ചായത്ത് പടി മുതൽ തോണിക്കല്ല് വരെയുള്ള പ്രദേശമാണ് നിരന്തര അപകട മേഖല. വർഷം തോറും ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിക്കാറുള്ളത്. അപകടങ്ങളിൽ ഒട്ടേറെ ആളുകൾക്കു പരുക്കേറ്റിട്ടുണ്ട്.

കുത്തനെയുള്ള ഇറക്കവും കൊടുംവളവും തന്നെയാണ് അപകടത്തിന് പ്രധാന കാരണം. ഇതറിയാതെ എത്തുന്ന ചരക്കുവാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. ഈ കൊടുംവളവുകളിൽ എല്ലാം തന്നെ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ വീടുകളിലേക്കും വീട്ടുമുറ്റത്തേക്കുമാണ് അപകടത്തിൽപെടുന്ന വാഹനങ്ങൾ പതിക്കുന്നത്. വീട്ടുകാർ ഏറെ ഭീതിയിലാണ് ഇവിടെ താമസിക്കുന്നത്.

ചരക്കുവണ്ടികൾക്ക് ഇതുവഴിയുള്ള സഞ്ചാരം അപകടം നിറഞ്ഞതാണ്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് ലഭിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇന്നലെ ലോറി മറിഞ്ഞ് ഡ്രൈവർ തമിഴ്‌നാട് നാമക്കൽ സ്വദേശി സെന്തിൽകുമാർ മരിച്ചു. സഹായി അജയ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.

അപകടവിവരം അറിഞ്ഞ് ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് എന്നിവരും മുട്ടം, തൊടുപുഴ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും തൊടുപുഴ, മൂലമറ്റം ഫയർ‌സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com