ADVERTISEMENT

ചെറുതോണി∙ മണിയാറൻകുടിയിൽ കഴിഞ്ഞ 5 വർഷമായി പ്ലാസ്റ്റിക് കുടിലിൽ അന്തിയുറങ്ങുന്ന കുടുംബം സർക്കാരിന്റെ ഭവന പദ്ധതികളിൽനിന്നു പുറത്ത്. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ദമ്പതികളും രണ്ടു കുട്ടികളും നിന്നുതിരിയാൻ പോലും ഇടമില്ലാത്ത ഷെഡിൽ ദുരിത ജീവിതം നയിക്കുന്നത്. കൂലിവേല ചെയ്തു നിത്യ ചെലവുകൾക്കു വക കണ്ടെത്തുന്ന കുളൂർക്കുഴി രാജേഷും കുടുംബവും ആകെയുള്ള പത്തു സെന്റ് ഭൂമിയിൽ പടുത വലിച്ച് കെട്ടിയ ഷെഡിനുള്ളിൽ കഴിയുന്നത്.

ഒരു വീടിനായി ഇക്കാലയളവിൽ മുട്ടാത്ത വാതിലുകളില്ല. എന്നാൽ എല്ലാ വർഷവും ഇവർ പട്ടികയിൽ വരാറുണ്ടെങ്കിലും ഏറ്റവും പിന്നിലായിരിക്കും ഇടം പിടിക്കുക. ഇതിനാൽ തന്നെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം അകന്നു മാറുകയായിരുന്നു. ഇത്തവണ എന്തായാലും പട്ടികയിൽ മുൻനിരയിൽ തന്നെ ഉൾപ്പെടുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും പട്ടിക പുറത്തുവന്നപ്പോൾ പഞ്ചായത്തു തലത്തിലും വാർഡിലും ഏറെ പിന്നിലായി ഇവർ.

അനർഹരായ ഒട്ടേറെ പേർ ഇടം പിടിച്ച ഈ പട്ടികയിൽനിന്നു മുന്നിൽ എത്താമെന്ന പ്രതീക്ഷ പോലും ഇപ്പോൾ ഈ കുടുംബത്തിനില്ല. മഴക്കാലമായാൽ വീടിനുള്ളിലേക്ക് വെള്ളം അടിച്ചു കയറുമെന്ന് രാജേഷിന്റെ ഭാര്യ നിഫ പറയുന്നു. അടച്ചുറപ്പില്ലാത്തതിനാൽ ഇഴ ജന്തുക്കളും മറ്റും തരം പോലെ വീടിനുള്ളിലേക്ക് കയറും. ഈ സാഹചര്യത്തിൽ പിഞ്ചു കുഞ്ഞുങ്ങളെ തനിച്ചാക്കിയിട്ടു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയുന്നില്ല. ഇരുവരുടെയും കുടുംബം സാമ്പത്തികമായി ഏറെ പിന്നാക്കമാണ്.

അതുകൊണ്ട് തന്നെ സഹായത്തിനായി ഇവർക്ക് ആരുമില്ലാത്ത അവസ്ഥയുമുണ്ട്. സർക്കാർ ഭവന പദ്ധതികളിൽ അനർഹർ വ്യാപകമായി കടന്നുകൂടുമ്പോൾ വീട് എന്നു വിളിക്കാൻ പോലുമാകാത്ത കുടിലുകളിൽ കഴിയുന്നവരെ തഴയുന്നത് എന്ത് മാനദണ്ഡം മുൻ നിർത്തിയാണെന്നു പറയാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com