ADVERTISEMENT

കുമളി ∙ മലയാളിയുടെ ഓണാഘോഷത്തിന് നിറം പകരാൻ തമിഴ്നാട്ടിലെ ശീലയംപെട്ടി, കമ്പം മാർക്കറ്റുകളിൽ നിന്ന് ഇന്നലെ വരെ കേരളത്തിൽ എത്തിയത് 30,000 ടൺ പൂക്കൾ. അത്തം മുതലുള്ള കണക്കാണിത്. ആവശ്യം വർധിച്ചതോടെ പൂക്കളുടെ വിലയും വർധിച്ചിട്ടുണ്ട്. ചെണ്ടുമല്ലി, വാടാമുല്ല, ജമന്തി എന്നിവയ്ക്കാണു കൂടുതലാവശ്യം.

∙ വിലയിൽ കുതിപ്പ്

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കാണ് ശീലയംപെട്ടിയിൽ നിന്നു പൂക്കളെത്തുന്നത്. മ‍ഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി കിലോയ്ക്ക് 70 രൂപയും ഓറഞ്ച് നിറത്തിന് 80 രൂപയുമായിരുന്നു ഇവിടെ ഇന്നലത്തെ വില. ജമന്തി വെള്ളയ്ക്ക് 300 രൂപയും മഞ്ഞയ്ക്ക് 200 രൂപയുമായി ഉയർന്നു. ഒരാഴ്ച മുൻപ് 100 രൂപയായിരുന്നു വില. വാടാമുല്ലയുടെ വില 140 രൂപയാണ്.

ഉത്രാട ദിനത്തിൽ പൂക്കൾക്ക് വൻ ഡിമാൻഡ് ഉള്ളതിനാൽ ഇത് എത്തിക്കുന്നതിനുള്ള തിരക്കിലായിരുന്നു ഇന്നലെ കർഷകരും വ്യാപാരികളും. തോട്ടങ്ങളിൽ നിന്നു പൂക്കൾ ഓരോ മണിക്കൂർ ഇടവിട്ട് മാർക്കറ്റിലേക്ക് എത്തിക്കും. കേരളത്തിലേക്ക് പൂക്കൾ എത്തിക്കുന്ന 15 വ്യാപാരികളുണ്ട്. ദിവസം 2 തവണ ഇവരുടെ വാഹനങ്ങൾ പൂക്കളുമായി കേരളത്തിലേക്ക് വരുന്നുണ്ട്.

∙ തേനിയുടെ പൂഗ്രാമം

തേനി ജില്ലയിൽ കൊട്ടാരക്കര–ഡിണ്ടിഗൽ ദേശീയപാതയോരത്തെ കാർഷിക ഗ്രാമമായ ശീലയംപെട്ടിയിൽ പൂക്കൃഷി വ്യാപകമായിട്ട് 30 വർഷമായി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ നിന്ന് 12 മാസവും വെള്ളം ലഭിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടെ കൃഷിയിറക്കാം. ഇത്തവണ മികച്ച വിളവും വിലയും ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കർഷകർ. 

മുല്ലപ്പൂവിന് ‘സ്വർണവില’

ഒരു കിലോ മുല്ലപ്പൂ ലഭിക്കണമെങ്കിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില നൽകണം. ഇന്നലെ ശീലയംപട്ടിയിൽ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപയായിരുന്നു വില. കേരളത്തിൽ എത്തുമ്പോൾ 4500നു മുകളിലാകും. ചില്ലറ വിൽപനക്കാരിലൂടെ എത്തുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വിലയെ കടത്തിവെട്ടും. സ്വർണം ഗ്രാമിന് ഇന്നലെ 4690 രൂപയായിരുന്നു വില. ആവശ്യക്കാർ വർധിച്ചതും ഉൽപാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com