ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ ഹർത്താൽ ഭാഗികം. ഗ്രാമപ്രദേശങ്ങളിലും ഹൈറേഞ്ച് മേഖലകളിലും ജനജീവിതം സാധാരണപോലെ മുന്നോട്ടുപോയി. എന്നാൽ തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, അടിമാലി എന്നീ നഗരങ്ങളിലും സമീപപ്രദേശത്തും ഹർത്താൽ പൂർണമായിരുന്നു. ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞു കിടന്നു.

ഹർത്താൽ ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ പൊലീസ് അകമ്പടിയോടെ  യാത്രക്കാരുമായി തൊടുപുഴ കെഎസ്ആർടിസി ടെർമിനലിലേക്ക് എത്തുന്നു. സംസ്ഥാനത്ത് പല ഭാഗത്തും കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. 			ചിത്രം∙ മനോരമ
ഹർത്താൽ ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ പൊലീസ് അകമ്പടിയോടെ യാത്രക്കാരുമായി തൊടുപുഴ കെഎസ്ആർടിസി ടെർമിനലിലേക്ക് എത്തുന്നു. സംസ്ഥാനത്ത് പല ഭാഗത്തും കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ചിത്രം∙ മനോരമ

∙ ഉച്ചയോടെ ബൈക്കുകളിൽ എത്തിയ ഹർത്താൽ അനുകൂലികൾ കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ചിരുന്ന ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. കട്ടപ്പന ഡിപ്പോയിൽ നിന്ന് 21 ഷെഡ്യൂളുകൾ രാവിലെ ആരംഭിച്ചെങ്കിലും ഉച്ചയോടെ സർവീസുകൾ നിർത്തിവച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ജില്ലാ പിഎസ്‌സി ഓഫിസിൽ ആകെയുള്ള 40 ജീവനക്കാരിൽ പകുതിപ്പേർ ജോലിക്കു ഹാജരായി. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. 

∙രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. ചില സ്വകാര്യ ബസുകളൊഴികെ എല്ലാ വാഹനങ്ങളും നിരത്തിലിറങ്ങി. കച്ചവട സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു.  മറയൂർ കോവിൽക്കടവ് കാന്തല്ലൂർ മേഖലയെ ഹർത്താൽ ബാധിച്ചില്ല. ജില്ലാ ആസ്ഥാന മേഖലയായ ചെറുതോണിയിൽ ഹർത്താൽ ഭാഗികമായിരുന്നു. 

∙ജില്ലാ കലക്ടറേറ്റിൽ ആകെയുള്ള 132 ജീവനക്കാരിൽ 56 പേർ ഇന്നലെ ജോലിക്ക് ഹാജരായി. കലക്ടറും എഡിഎമ്മും മുഴുവൻ സമയവും കലക്ടറേറ്റിൽ ഉണ്ടായിരുന്നു. 

∙കുമളി മേഖലയിൽ ഹർത്താൽ ഭാഗികമായിരുന്നു. തേക്കടിയിൽ ബോട്ട് സർവീസുകൾ തടസ്സമില്ലാതെ നടന്നു. കുമളിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്കു പുറമേ അന്തർ സംസ്ഥാന സർവീസും നടത്തി.

പൊലീസ് സഹായം തേടി കെഎസ്ആർടിസി യാത്രക്കാർ

തൊടുപുഴ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ സർവീസ് പോകുന്നതു സംബന്ധിച്ച് അന്വേഷിച്ചെത്തിയ യാത്രക്കാർ  സംരക്ഷണം ആവശ്യപ്പെട്ട്  സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ചത് പൊലീസുകാർക്ക് തലവേദനയായി. ഇന്നലെ അതിരാവിലെ എത്തിയ യാത്രക്കാർ വിവിധ റൂട്ടുകളിലേക്ക് ട്രിപ്പ് പോകുന്നത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ പൊലീസ് സംരക്ഷണം ഇല്ലാതെ ബസ് അയയ്ക്കാൻ കഴിയില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഇതേത്തുടർന്നാണ് ഒട്ടേറെ യാത്രക്കാർ ബസിന് സർവീസ് പോകാൻ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്.

പലരും തുടരെ സ്റ്റേഷനിലേക്ക് വിളിച്ചതോടെ അസ്വസ്ഥരായ പൊലീസുകാർ കെഎസ്ആർടിസി ഡിപ്പോയിൽ വിളിച്ച് അതൃപ്തി അറിയിച്ചതായും പറയുന്നു. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പ്രധാനപ്പെട്ട എല്ലാ റൂട്ടുകളിൽ 33 സർവീസുകൾ അയച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, വൈക്കം, കട്ടപ്പന തുടങ്ങിയ റൂട്ടുകളിലാണ്  സർവീസ് അയച്ചത്. എന്നാൽ യാത്രക്കാർ കുറവായിരുന്നു.

വെൺമണി ടൗണിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നു.
വെൺമണി ടൗണിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നു.

വെൺമണിയിൽ കാര്യങ്ങൾ മണിമണി പോലെ 

കഞ്ഞിക്കുഴി∙ പഞ്ചായത്തിലെ ഹർത്താൽ വിരുദ്ധ ടൗണായ വെൺമണിയിൽ  ഇത്തവണയും വ്യാപാരികളും നാട്ടുകാരും ഹർത്താൽ തള്ളിക്കളഞ്ഞു. ഇവിടെ ഇന്നലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. ഓട്ടോറിക്ഷകൾ ടാക്സി വാഹനങ്ങളും ഓടി. ഹർത്താൽ അനുകൂലികൾ അടപ്പിക്കാൻ വന്നാൽ നേരിടാനുള്ള എല്ലാ മുൻകരുതലുകളും നാട്ടുകാരും വ്യാപാരികളും ചേർന്നെടുത്തിരുന്നു.

നാലു വർഷം മുൻപാണ് വെൺമണിക്കാർ ഹർത്താൽ വേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഇതിനു ശേഷം പ്രമുഖ മുന്നണികളുടേതടക്കം ഒട്ടേറെ ഹർത്താലുകൾ നടന്നെങ്കിലും ഇവിടെ അതൊന്നും ഏശിയില്ല. വെൺമണിക്കാരുടെ തീരുമാനം കടുകട്ടിയാണെന്ന് അറിയാമെന്നതിനാൽ ഹർത്താൽ അനുകൂലികൾ ഇവിടേക്ക് കടകൾ അടപ്പിക്കാൻ വരാറുമില്ല.

അടിമാലിയിൽ 3 പേർ അറസ്റ്റിൽ

ഹർത്താലിനോടനുബന്ധിച്ച് ഇരുമ്പുപാലത്ത് വാഹനങ്ങൾ തടഞ്ഞ 3 പ്രവർത്തകരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം മെഴുകുംചാൽ മറ്റപ്പിനായിൽ സലിം (34), ഇരുമ്പുപാലം പൊട്ടക്ക മോളേൽ മുഹമ്മദ് ഇക്ബാൽ (24), നടുക്കുടി കാസിം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ ഹർത്താൽ സമയത്തിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അടിമാലിയിൽ ഹർത്താൽ സമാധാനപരമായിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സി വാഹനങ്ങളും ഓടിയില്ല.

നെടുങ്കണ്ടത്ത് 22 പേർക്കെതിരെ കേസ്

ഹർത്താലിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 22 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. രാവിലെ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ നഗരത്തിലെ കടകൾ അടപ്പിച്ചു. നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.

ഓട്ടോ, ടാക്‌സി വാഹനങ്ങളും സ്വകാര്യ ബസുകളും സർവീസ് നടത്തിയല്ല. നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും 9 ഷെഡ്യൂളുകളിൽ എട്ടെണ്ണം രാവിലെ ആരംഭിച്ചു. എന്നാൽ ദീർഘദൂര സർവീസുകളിൽ പലതും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് ഡിപ്പോയിൽ മടങ്ങിയെത്തി. രാവിലെ മുതൽ നഗരത്തിലും പരിസരത്തും വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com