ADVERTISEMENT

വണ്ണപ്പുറം ∙ വെൺമറ്റം കപ്പിലാംചുവടിനു സമീപമുള്ള മനോഹരമായ കാളയാടിക്കുത്ത് വെള്ളച്ചാട്ടം ഇടുക്കി ഒളിപ്പിച്ചുവച്ച ദൃശ്യ ഭംഗിയാണ്. മലമുകളിൽ നിന്നു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കു മാറ്റു കൂട്ടി ഇവിടെ ഒരു ചെക്ഡാമും ഒരു നടപ്പാലവും ഉണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ് ഒരു കാള ഈ വെള്ളച്ചാട്ടത്തിൽ ചാടി ചത്തതിനെത്തുടർന്നു കാളചാടിക്കുത്ത് എന്ന പേരു വന്നെന്നും അതാണു പിന്നീട് കാളയാടിക്കുത്ത് ആയത് എന്നുമാണു പറയുന്നത്. പടിക്കകത്തു നിന്നാണു വെള്ളച്ചാട്ടത്തിന്റെ തുടക്കം. പടിക്കകത്തു നിന്നു വരുന്ന വെള്ളം മുണ്ടൻമുടിയിലെത്തി മിന്നാമിനുങ്ങുപാറയുടെ ഉറവച്ചാലിന്റെ അടിഭാഗത്തു നിന്നാണ് ഇവിടേക്കു വെള്ളം ഒഴുകിയെത്തുന്നത്.

വെൺമറ്റം ടൗണിൽ നിന്ന് 1200 അടി ഉയരത്തിലാണ് ഇവിടെ ചെക്ഡാം നിർമിച്ചിട്ടുള്ളത്. ഇരിപ്പിടമായി മനോഹരമായ പാറക്കെട്ടുകളും ഇവിടെയുണ്ട്. സമീപം ഒട്ടേറെ പക്ഷിക്കൂട്ടങ്ങളെയും കാണാം. പാറക്കെട്ടുകളും പാറയിടുക്കുകളും നിറഞ്ഞ ഈ വെള്ളച്ചാട്ടം മഴക്കാലം ശക്തമാകുന്നതു മുതൽ ഒക്ടോബർ വരെ ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്. അതോടൊപ്പം മഴക്കാലങ്ങളിൽ ജലപാതകളുടെ സൗന്ദര്യവും ഭീകരതയും ഒരുപോലെ ഇവിടെ കാണാം. 

കൊടുംവേനലിൽ ജലസാന്നിധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങളും അവയുടെ ശബ്ദവും നിലയ്ക്കാറില്ല. വർണപ്പൂക്കൾ ചൂടി നിൽക്കുന്ന മണിമരുതുമരങ്ങളും നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ജലജീവികളുമെല്ലാം കാളയാടിക്കുത്തിനെ ഏറെ ആകർഷകമാക്കുന്നു. 

കാളയാടിക്കുത്തിലേക്കുള്ള വഴി

∙ വണ്ണപ്പുറം ടൗണിൽ നിന്നു തൊമ്മൻകുത്ത് റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വെൺമറ്റം കവലയിൽ എത്താം. അവിടെ നിന്ന് ഇടതുഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡിലൂടെ ഒന്നര കിലോമീറ്ററോളം പോയാൽ കാളയാടിക്കുത്തിലെത്തും. വെള്ളച്ചാട്ടത്തിനടുത്തു വരെ വാഹനം എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com