ADVERTISEMENT

ചെറുതോണി∙ ജില്ലാ ആസ്ഥാന മേഖലയിലെ ശുദ്ധജല വിതരണ സംവിധാനം പാടേ തകർന്നു. ചെറുതോണി അണക്കെട്ടിനു സമീപത്തെ സംഭരണ ടാങ്കിൽനിന്നു വിവിധ മേഖലകളിലേക്ക് വിതരണ പൈപ്പുകളിലൂടെ കൊണ്ടുപോകുന്ന ശുദ്ധജലം വഴി നീളെ പാഴാകുകയാണ്. വഞ്ചിക്കവല, പേപ്പാറ, വാഴത്തോപ്പ്, തടിയമ്പാട്, അശോക കവല, ആലിൻചുവട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഒന്നിലേറെ ഇടങ്ങളിലാണ് ജലച്ചോർച്ച. തടിയമ്പാട് ടൗണിൽ വിതരണ പൈപ്പ് പൊട്ടി ചെറിയൊരു കൈത്തോട് പോലെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതിനു സമീപം ആശുപത്രി ജംക്‌ഷനിലെ നാൽക്കവലയിൽ നടുറോഡിൽ ഒന്നിടവിട്ട മാസങ്ങളിൽ കൃത്യമായി പൊട്ടുന്ന പൈപ്പിലൂടെ ഇപ്പോൾ ജലച്ചോർച്ച ശക്തമാണ്. ഇവിടെനിന്നു 500 മീറ്റർ ചുറ്റളവിൽ മാത്രം അഞ്ചിടങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ പല മേഖലയിലും ശുദ്ധജലം വിരുന്നുകാരനാണ്. 

തടിയമ്പാട് ടൗണിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.
തടിയമ്പാട് ടൗണിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.

വൈദ്യുതി വകുപ്പിലെ ജീവനക്കാർ താമസിക്കുന്ന വാഴത്തോപ്പ് കോളനിയിൽ ശുദ്ധജലം തുടർച്ചയായി മുടങ്ങുന്നുണ്ടെന്നു പരാതിയുണ്ട്. ചെറുതോണി ടൗണിന്റെ ചുറ്റുവട്ടത്തുള്ള ജനവാസ കേന്ദ്രങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. തടിയമ്പാട്, വാഴത്തോപ്പ് മേഖലകളിൽ പൈപ്പ് കണക്‌ഷൻ ഉണ്ടെങ്കിലും ശുദ്ധജലത്തിന് മറ്റു മാർഗങ്ങൾ തേടണമെന്നാണു നാട്ടുകാരുടെ പക്ഷം.കാലഹരണപ്പെട്ടതും നിലവാരം ഇല്ലാത്തതുമായ വിതരണ പൈപ്പുകളാണ് വഴിനീളെ ജലം ചോരുന്നതിനു കാരണം. ഇടുക്കി പദ്ധതിയുടെ കാലത്ത് 1970ൽ സ്ഥാപിച്ച പൈപ്പുകൾ ചെറുതോണിയിലും ആലിൻചുവട്ടിലും വാഴത്തോപ്പ് കോളനി ഭാഗത്തും ഇനിയും മാറ്റിയിട്ടില്ല. 

ഇടുക്കി വില്ലേജ് ശുദ്ധജല പദ്ധതിയുടെ (ജപ്പാൻ പദ്ധതി) പേരിൽ രണ്ടു പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച നിലവാരമില്ലാത്ത ആസ്ബസ്റ്റോസ് പൈപ്പുകളാണെങ്കിൽ സമീപത്തുകൂടി ആൾ നടന്നാൽ പോലും പൊട്ടുന്നവയുമാണ്. നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ചാൽ മാത്രമേ ജില്ലാ ആസ്ഥാനത്തെ ബാധിച്ച ‘ജലദോഷം’ മാറുകയുള്ളൂ.ചെറുതോണി അണക്കെട്ടിൽനിന്നു ശേഖരിക്കുന്ന വെള്ളം ഫിൽറ്റർ ടാങ്കിൽ എത്തിച്ച് ശുചീകരിച്ചശേഷം പലയിടത്തുള്ള വിതരണ ടാങ്കിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. വേനൽ രൂക്ഷമാകുന്നതോടെ അണക്കെട്ടിൽ ജലനിരപ്പ് അതിവേഗം താഴുന്ന ഘട്ടത്തിലും പൊതുവഴികളിലൂടെ ശുദ്ധജലം പാഴാകുന്നത് പതിവാണ്. ശുദ്ധ ജല ക്ഷാമത്തിനു പുറമേ വിതരണ പൈപ്പുകൾ കടന്നു പോകുന്ന ഭാഗത്തെ റോഡുകൾ തകരുന്നതിനും ജലച്ചോർച്ച ഇടയാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com