ADVERTISEMENT

നെടുങ്കണ്ടം ∙ കഴിഞ്ഞ 2 വർഷമായി സ്വന്തം പോക്കറ്റിൽ നിന്നു വാടക നൽകി ഉദ്യോഗസ്ഥർ പ്രവർത്തനം നടത്തുന്ന വനംവകുപ്പ് ഓഫിസുണ്ട് ഉടുമ്പൻചോലയിൽ. ഉടുമ്പൻചോല ടൗണിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന തേവാരംമെട്ട് സെക്‌ഷൻ ഓഫിസിലെ ഉദ്യോഗസ്ഥരാണു 2 വർഷമായി  പിരിവ് എടുത്തു കെട്ടിട വാടക നൽകുന്നത്. 3 മുറിക്കെട്ടിടത്തിനു മുറി ഒന്നിനു 1500 രൂപ വീതം 3 മുറിക്കു 4500 രൂപ വീതം മാസം നൽകണം. ശമ്പളത്തിന്റെ ഒരു ഭാഗം  കെട്ടിടത്തിന്റെ വാടകയായി പോകും. ഉടുമ്പൻചോലയിൽ പ്രവർത്തിക്കുന്ന തേവാരംമെട്ട് ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനാണു കാൽ നൂറ്റാണ്ടായിട്ടും കെട്ടിടം ഇല്ലാത്തത്. സ്വന്തമായി വാഹനവും സെക്‌ഷൻ ഓഫിസിനില്ല. 

ബസിലും ഓട്ടോറിക്ഷയിലുമാണ് അടിയന്തര സാഹചര്യങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഗുരുതര കേസ് റിപ്പോർട്ട് ചെയ്താൽ മാത്രമേ മറ്റ് ഓഫിസിലെ വാഹനം എത്തൂ. കഴിഞ്ഞ 2 മാസത്തിനിടെ തേവാരംമെട്ട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസ് പരിധിയിൽ 15 ഏക്കർ സ്ഥലമാണു കാട്ടാനക്കൂട്ടം തകർത്തത്. 15 ദിവസത്തോളം ഏലത്തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചു. ജീവൻ പണയംവച്ചാണു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസ് ജീവനക്കാരും നാട്ടുകാരും റാപ്പിഡ് റെസ്പോൺസ് ടീമും ചേർന്നു കാട്ടാനക്കൂട്ടത്തെ തുരത്തിയത്. 1995 മുതൽ വാടക കെട്ടിടത്തിലാണു സെക്‌ഷൻ ഓഫിസിന്റെ പ്രവർത്തനം.

1 ഫോറസ്റ്റർ, 3 വനംവകുപ്പ് ഉദ്യോഗസ്ഥർ, 1 വാച്ചർ എന്നിങ്ങനെയാണു ഓഫിസിലെ ജീവനക്കാരുടെ എണ്ണം. 2 വർഷം മുൻപ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷനു സമീപത്തു വനംവകുപ്പിനു സ്വന്തം കെട്ടിടം നിർമിക്കാൻ ഒരു പ്രപ്പോസൽ സർക്കാരിനു മുന്നിലുണ്ട്. സ്വന്തമായി വനംവകുപ്പിനു സ്ഥലമില്ലാത്തതാണു പ്രശ്നം. വനംവകുപ്പ് ഓഫിസുണ്ടെങ്കിലും സെക്‌ഷൻ ഓഫിസ് പരിധിയിൽ വനമില്ല. ഏലം കുത്തകപ്പാട്ട ഭൂമിയുടെ സംരക്ഷണത്തിനാണു വനംവകുപ്പ് ഓഫിസ് പ്രവർത്തിക്കുന്നത്. സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ വരുന്നതു 95.5 സ്ക്വയർ കിലോമീറ്റർ സ്ഥലമാണ്. 

ഉടുമ്പൻചോല, പാറത്തോട്, ചതുരംഗപ്പാറ, കൊന്നത്തടി വില്ലേജുകൾ തേവാരംമെട്ട് സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ വരും. ടൗണിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണു വനംവകുപ്പ് ഓഫിസ് പ്രവർത്തിക്കുന്നത്. ഒരു മുറി ഓഫിസ്, അടുക്കള, വിശ്രമമുറി എന്നിങ്ങനെയാണു ഓഫിസ് പ്രവർ‍ത്തനം. വെള്ളം വരെ പുറത്തു നിന്നും വാങ്ങണം. ഈ സാഹചര്യത്തിൽ അടിയന്തരമായി വനംവകുപ്പ് ഓഫിസിനായി സ്ഥലം അനുവദിച്ച് ഓഫിസ് നിർമിച്ചു നൽകണമെന്നാണു ആവശ്യം. അതിർത്തിയോട് ചേർന്നു ഓഫിസ് പ്രവർത്തനം തുടങ്ങിയാൽ കാട്ടാന ശല്യം നിയന്ത്രണ വിധേയമാക്കാനും ഉദ്യോഗസ്ഥർക്കു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com