ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാൽ സിങ്കുകണ്ടത്തിനു സമീപം തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടം ജനവാസ മേഖലകളിൽനിന്ന് പിന്തിരിഞ്ഞു പോയതായി വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയും സംഘത്തോടൊപ്പം ചേർന്നതോടെ തൽക്കാലം ഭീഷണി ഒഴിവായി. തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ട സിങ്കുകണ്ടം സ്വദേശി സജിക്ക്(40) ഒന്നര മണിക്കൂറോളം മരത്തിന് മുകളിൽ കയറിയിരിക്കേണ്ടി വന്നിരുന്നു.

കാട്ടാനകളെ കാണാനാണ് തങ്ങളുടെ വിലക്ക് ലംഘിച്ച് സജി മരത്തിൽ കയറിയതെന്നാണു വനം വകുപ്പ് അധികൃതർ പറയുന്നത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് മരത്തിന് താഴെ നിന്ന കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് സജിക്ക് താഴെ ഇറങ്ങാൻ കഴിഞ്ഞത്. ഇതിനിടെ കൂട്ടം തെറ്റി പോയ 4 വയസ്സുള്ള കുട്ടി കൊമ്പൻ തിങ്കളാഴ്ച രാത്രിയോടെ മുതിർന്നവരോടൊപ്പം ചേർന്നു. കൊമ്പനും പിടിയാനയും 2 കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ആ കുട്ടിക്കൊമ്പൻ ദത്ത് പുത്രൻ

കഴിഞ്ഞ ദിവസങ്ങളിൽ 301 കോളനിയുടെ സമീപമെത്തിയ കാട്ടാന കുടുംബത്തിൽ നാലും ആറും വയസ്സ് പ്രായം തോന്നിക്കുന്ന 2 കുട്ടിക്കൊമ്പന്മാരുണ്ടായിരുന്നു. സാധാരണ കാട്ടാനകൾ ഗർഭധാരണത്തിന് 5 വർഷം ഇടവേളയെടുക്കാറുണ്ട്. അതുകൊണ്ട് ഇതിൽ ഒരു കുട്ടിയാന വളർത്തു പുത്രനാണെന്ന് പ്രദേശവാസികൾ പറയുന്നു. കൂട്ടത്തിലെ 4 വയസ്സുള്ള കുട്ടിയാന 2021 ഓഗസ്റ്റ് 12ന് 301 കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ പിടിയാനയുടെ കുട്ടിയാണെന്ന് വനം വകുപ്പ് വാച്ചർമാർ പറയുന്നു.

മുലയൂട്ടുന്ന 45 വയസ്സ് പ്രായമുള്ള പിടിയാനയാണ് അന്ന് ചെരിഞ്ഞത്. തള്ളയാന ചെരിഞ്ഞ ശേഷം ഇൗ കുട്ടിയാന അവിടെനിന്ന് പോകാൻ തയാറായിരുന്നില്ല. പിന്നീട് കൂട്ടത്തിലുള്ള മുതിർന്ന ആനകൾ കുട്ടിയാനയെ തുമ്പിക്കൈകൊണ്ട് തട്ടി ദൂരേക്ക് കൊണ്ടുപോവു കയായിരുന്നു. സംഘത്തിലെ കൊമ്പനും പിടിയും കുട്ടിയാനയും ഉൾപ്പെടുന്ന കുടുംബം അമ്മയെ നഷ്ടപ്പെട്ട ഇൗ കുട്ടി കൊമ്പനെയും കൂടെ ചേർത്തു.

കാട്ടാന ശല്യം: പ്രതിരോധ നടപടികൾ വേഗത്തിലാക്കണം

ചിന്നക്കനാൽ മേഖലയിലെ കാട്ടാനയാക്രമണം തടയുന്നതിനായി ചിന്നക്കനാൽ മുതൽ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളിലായി 5 ക്യാമറകൾ സ്ഥാപിച്ച് നാട്ടുകാർക്കും അധികൃതർക്കും വേഗത്തിൽ സന്ദേശം നൽകാനുള്ള പദ്ധതിയിൽനിന്ന് വനം വകുപ്പ് പിന്മാറി. 20 ലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കാൻ സർക്കാർ ഏജൻസികൾ തയാറാകാത്തതാണ് കാരണം.

മത്സരാധിഷ്ഠിത ടെൻഡർ നടപടികളില്ലാതെ ഏതെങ്കിലും സ്വകാര്യ ഏജൻസിയെ പദ്ധതി ഏൽപിക്കുന്നത് പിന്നീട് ആരോപണങ്ങൾക്ക് കാരണമാകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം. അതിനാൽ 3 ലക്ഷം രൂപ ചെലവിൽ നിശ്ചിത പ്രദേശത്ത് 3 ക്യാമറകൾ സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ചാലക്കുടിയിൽ സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതു കൂടാതെ സിങ്കുകണ്ടം മേഖലയിൽ ഒന്നരക്കോടി രൂപ ചെലവിൽ 20 കിലോമീറ്റർ ചുറ്റളവിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com