മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നു കാണാതായ 4 ആൺകുട്ടികളെ കണ്ടെത്തിയത് 24 മണിക്കൂറിനു ശേഷം
തൊടുപുഴ∙ മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നു കാണാതായ 4 ആൺകുട്ടികളെ കണ്ടെത്തിയത് 24 മണിക്കൂറിനു ശേഷം. പൊതുഗതാഗത സൗകര്യങ്ങളെയൊന്നും ആശ്രയിക്കാതെ നടന്നായിരുന്നു 4 പേരുടെയും യാത്ര. രാവിലെ 8.30ന് ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിൽ സ്കൂളിലേക്കു പോകുന്ന വിദ്യാർഥികളെ ബസ് എത്തിയിട്ടും കാണാതായതോടെയാണ് ഇവർ ഹോസ്റ്റലിൽ ഇല്ലെന്നു മനസ്സിലായത്. പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ ഇടുക്കിയിൽ 12 പ്രീമെട്രിക് ഹോസ്റ്റലുകളാണു പ്രവർത്തിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്കു മെച്ചപ്പെട്ട പഠനസൗകര്യമൊരുക്കുകയാണു ഹോസ്റ്റലുകളുടെ ലക്ഷ്യം. വൃത്തിഹീനമായ അന്തരീക്ഷത്തിലാണു പല ഹോസ്റ്റലുകളും പ്രവർത്തിക്കുന്നത്. വേണ്ടത്ര ശുചിമുറി ഇല്ലാത്തതാണു പ്രധാന പ്രശ്നം. കിടക്കാൻ നല്ല കിടക്കകളും കുറവാണ്. മാലിന്യ പ്രശ്നങ്ങളും പല ഹോസ്റ്റലുകളിലും പരിഹരിക്കപ്പെട്ടിട്ടില്ല. മെച്ചപ്പെട്ട സൗകര്യങ്ങളും പഠന അന്തരീക്ഷവും ഒരുക്കിയില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.
പഠിക്കാൻ താൽപര്യമില്ല, വീട്ടിൽ പോകണം
പഠിക്കാൻ താൽപര്യമില്ലെന്നും വീട്ടിൽ പോവണമെന്നും 4 പേരിൽ ഒരാൾ കൂട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിയെ അടിമാലി ഭാഗത്തുള്ള വീട്ടിലെത്തിക്കാൻ മറ്റു 3 പേരും കൂടി ഇറങ്ങിയെന്നാണു പൊലീസിനു നൽകിയ മൊഴി.
തൊടുപുഴയിൽ നിന്ന് അടിമാലിക്കു നടന്നുപോയെന്നും വഴിയിൽ നേര്യമംഗലത്തുള്ള പള്ളിയിൽ വിശ്രമിച്ചെന്നും കുട്ടികൾ പറഞ്ഞു. നേരം പുലർന്നതോടെ നാലു പേരെയും കണ്ട വഴിയാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടികളുടെ പരാതി ട്യൂഷൻ ഭാരം
രാവിലെയും വൈകിട്ടും 2 മണിക്കൂർ ട്യൂഷൻ. കുളിക്കാൻ പോലും സമയം ലഭിക്കുന്നില്ലെന്നു നെടുങ്കണ്ടം പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ വാർഡന് 8 വിദ്യാർഥികൾ ഒപ്പിട്ട പരാതി ലഭിച്ചത്. പരാതിയെ തുടർന്ന് ട്യൂഷൻ സമയം 2 മണിക്കൂറെന്നത് 1.15 മണിക്കൂറായി കുറച്ചു.
പട്ടികജാതി വികസന ഓഫിസ് ഇടപെട്ടാണ് സമയം കുറച്ചത്. സമയം കുറച്ചത് ട്യൂട്ടർമാരെ ബാധിക്കില്ലെന്നും പ്രതിമാസം ട്യൂട്ടർമാർക്ക് നിശ്ചയിച്ചിരിക്കുന്ന 20 മണിക്കൂർ ജോലി കൃത്യമായി നടപ്പാക്കുമെന്നും പ്രീമെട്രിക് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ട്യൂട്ടർമാരുടെ കരാർ ഉടമ്പടിയിൽ രാവിലെ 6 മുതൽ 8 വരെയും, വൈകുന്നേരം 5 മുതൽ 8 വരെയും ക്ലാസെടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
സമയത്തിൽ മാറ്റം വരുത്തിയതിലും ട്യൂട്ടർമാർക്കു കഴിഞ്ഞ 3 മാസമായി ശമ്പളം ലഭിക്കാത്തതിലും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തുടനീളം ശമ്പള വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നു പട്ടിക ജാതി വികസന ഓഫിസ് അറിയിച്ചു.
വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ
പട്ടിക ജാതി വികസന വകുപ്പിനും പട്ടിക വർഗ വികസന വകുപ്പിനും കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ താമസം ഭക്ഷണം എന്നിവയ്ക്കു പുറമേ വിവിധ വിഷയങ്ങൾക്കു പ്രത്യേക ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്.
കംപ്യൂട്ടർ , ലൈബ്രറി സൗകര്യം വേണമെന്നാണു നിഷ്കർഷയെങ്കിലും ഇവ പലയിടത്തും ഇല്ല. യൂണിഫോമിനും സ്റ്റേഷനറി സാധങ്ങൾക്കും വിദ്യാർഥികൾക്ക് അലവൻസ് നൽകണം. അവധിക്കാലത്ത് വീട്ടിൽ പോവാൻ ടിഎ ഉണ്ട്. മാസത്തിൽ പോക്കറ്റ് മണിയായും ചെറിയ തുക വിദ്യാർഥികൾക്കു ലഭിക്കും.